India - 2024

വത്തിക്കാൻ പ്രതിനിധി ത്രിദിന സന്ദര്‍ശനത്തിനായി ചങ്ങനാശ്ശേരി അതിരൂപതയിലേക്ക്

പ്രവാചകശബ്ദം 27-04-2023 - Thursday

ചങ്ങനാശേരി: ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഡോ. ലെയോപോള്‍ദോ ജിറെല്ലി 28 മുതൽ 30വരെ ചങ്ങനാശേരി അതിരൂപതയിൽ സന്ദർശനം നടത്തും. ഇന്ത്യയിലെ കത്തോലിക്ക സഭയുടെ മാർപാപ്പയുമായുള്ള ബന്ധവും ആശയവിനിമയ വും കൈകാര്യം ചെയ്യുന്ന അപ്പസ്തോലിക് ൺഷ്യോയെ വരവേൽക്കാൻ അതിരൂപത ഒരുങ്ങി.

മാർത്തോമ്മ ശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികാചരണം, അതിരൂപത പഞ്ചവത്സര അജപാലന പദ്ധതി സമാപനാഘോഷം എന്നിവ അടക്കമുള്ള പരി പാടികളിൽ അദ്ദേഹം പങ്കെടുക്കുമെന്ന് അതിരൂപതാ കേന്ദ്രത്തിൽ വിളിച്ചുചേർത്ത മാധ്യമസമ്മേളനത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, വികാരി ജനറാൾമാരായ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ എന്നിവർ പറഞ്ഞു.

നാളെ രാത്രി ഏഴിനു നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചേരുന്ന അപ്പസ്തോലിക് ന്യൂണ്‍ഷോയേ സഹായ മെത്രാൻ മാർ തോമസ് തറയലിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും. 29നു രാവിലെ 6.45ന് വത്തിക്കാൻ ന്യൂണ്‍ഷോ അന്താരാഷ്ട്ര കുടുംബപഠന കേന്ദ്രമായ തുരുത്തി കാനാ- ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിശുദ്ധ കുർബാന അർപ്പിക്കും.തുടർന്ന് ഉപരിപഠനം നടത്തുന്നവരും പ്രഫസർമാരും ഉൾപ്പെടുന്ന വൈദികരോടും സമർപ്പിതരോടും സംവാദം നടത്തും.

10.30ന് ഭിന്നശേഷിക്കാർക്കുള്ള അതിരൂപതയുടെ സ്ഥാപനമായ ഇത്തിത്താനം ആശാ ഭവന്റെ സുവർണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 12ന് റിട്ടയർ ചെയ്ത വൈദികർ വിശ്രമജീവിതം നയിക്കുന്ന ഇത്തിത്താനം സെന്റ് ജോസഫ് പ്രീസ്റ്റ് ഹോം സന്ദർശിക്കും. ഉച്ചകഴിഞ്ഞ് 2.30ന് എസ്ബി കോളജ് കാവുകാട്ടുഹാളിൽ നടക്കുന്ന മാർത്തോമ്മ ശ്ലീഹയുടെ 1950-ാം രക്തസാക്ഷിത്വ വാർഷികം, പഞ്ചവത്സര അജപാലന പദ്ധതി സമാപന സമ്മേളനം എന്നിവയിൽ ന്യൂണ്‍ഷോ മുഖ്യാതിഥിയായിരിക്കും.

സന്ദര്‍ശനത്തില്‍ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയും കബറിട പള്ളിയിൽ രൂപതയെ നയിച്ച പിതാക്കന്മാരുടെ കബറിടങ്ങളും സന്ദർശിച്ച് പ്രാർത്ഥന നടത്തും. വൈകുന്നേരം ആറിനു ഫാത്തിമാപുരത്തു നിർമിച്ച അൽഫോൻസ സ്നേഹനിവാസിന്റെ പുതിയ കെട്ടിടം വെഞ്ചരിക്കും. 30ന് രാവിലെ ഏഴിന് അദ്ദേഹം ചമ്പക്കുളം മർത്ത്മറിയം ബസിലിക്ക സന്ദർശിച്ച് വിശുദ്ധ കുർബാനയർപ്പിക്കും. ഇതിനുശേഷം കൈനകരിയിലുള്ള വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജന്മഗൃഹമായ ചാവറഭവൻ സന്ദർശിക്കും. ഉച്ചകഴിഞ്ഞു മുന്നിനു ഡൽഹിയിലേക്കു മടങ്ങും.


Related Articles »