News - 2024
ത്രിദിന ഹംഗറി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ റോമില്‍ മടങ്ങിയെത്തി
പ്രവാചകശബ്ദം 01-05-2023 - Monday
ബുഡാപെസ്റ്റ്/റോം: ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ മൂന്ന് ദിവസത്തെ അപ്പസ്തോലിക സന്ദർശനം പൂര്‍ത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ റോമില്‍ മടങ്ങിയെത്തി. ബുഡാപെസ്റ്റിൽ നിന്ന് മാർപാപ്പയുടെ വിമാനത്തിൽ പറന്നുയർന്നതിന് തൊട്ടുപിന്നാലെ, "ഊഷ്മളമായ സ്വാഗതത്തിനും ആതിഥ്യത്തിനും" ഹംഗേറിയൻ അധികാരികളോടും പൗരന്മാരോടും നന്ദി രേഖപ്പെടുത്തിക്കൊണ്ട് മാർപാപ്പ ഹംഗറിയുടെ പ്രസിഡന്റ് കാറ്റ്ലിൻ നോവാക്കിന് പതിവ് വിടവാങ്ങൽ ടെലിഗ്രാം അയച്ചു. ഇന്നലെ ഞായറാഴ്ച വൈകുന്നേരം റോമിലെ ഫിയുമിസിനോ എയർപോർട്ടിൽ എത്തിച്ചേര്‍ന്ന പാപ്പ, വര്‍ഷങ്ങളായുള്ള തന്റെ ആചാരം പിന്തുടർന്ന്, റോമില്‍ മരിയ സാലസ് പോപ്പുലി റൊമാനിയുടെ പുരാതന രൂപത്തിന്‍ മുന്നിൽ നന്ദിയര്‍പ്പിച്ച് പ്രാർത്ഥിച്ചു.
യാത്രയയപ്പിന് മുന്‍പ് ഹംഗേറിയൻ പാർലമെന്റും ബുഡാപെസ്റ്റിലെ പ്രശസ്തമായ ചെയിൻ ബ്രിഡ്ജും പശ്ചാത്തലമാക്കി ബുഡാപെസ്റ്റിലെ കൊസുത്ത് ലാജോസ് സ്ക്വയറിൽ നടന്ന വിശുദ്ധ കുർബാന അര്‍പ്പണത്തില്‍ 50,000 ആളുകൾ പങ്കെടുത്തുവെന്നാണ് സംഘാടകര്‍ പറയുന്നത്. കുടിയേറ്റക്കാരുടെ പ്രാധാന്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതായിരിന്നു പാപ്പയുടെ സന്ദേശം. കുടിയേറ്റക്കാരെയും ദരിദ്രരെയും സ്വാഗതം ചെയ്യാനും യുക്രൈനിലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാനും പാപ്പ തന്റെ അഭ്യര്‍ത്ഥന ആവര്‍ത്തിച്ചു. അകത്തോലിക്കരാണെങ്കിലും പ്രസിഡന്‍റ് കാറ്റലിൻ നൊവാക്കും ഹംഗറിയുടെ വലതുപക്ഷ ജനകീയ പ്രധാനമന്ത്രി വിക്ടർ ഓർബനും ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നിരിന്നു. ബുഡാപെസ്റ്റ് എയര്‍പോര്‍ട്ടില്‍ പാപ്പയെ യാത്രയയക്കാന്‍ സഭാധികാരികള്‍ക്കും പുറമെ പ്രസിഡന്‍റ് കാറ്റലിൻ നേരിട്ടു എത്തിയിരിന്നുവെന്നതും ശ്രദ്ധേയമാണ്.