News - 2024
ഹംഗറിയിലെ അപ്പസ്തോലിക സന്ദർശനം: കാഴ്ച പരിമിതരായ കുട്ടികളെ സന്ദർശിച്ച് ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 30-04-2023 - Sunday
ബുഡാപെസ്റ്റ്: യൂറോപ്യൻ രാജ്യമായ ഹംഗറിയിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന അപ്പസ്തോലിക സന്ദർശനത്തിനെത്തിയ ഫ്രാൻസിസ് മാർപാപ്പ കാഴ്ച പരിമിതരായ കുട്ടികളെ സന്ദർശിച്ചു. ഇന്നലെ രാവിലെ 8:45നാണ് കാഴ്ച പരിമിതർക്കും, മറ്റ് ചില വൈകല്യങ്ങളുള്ള കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന ബ്ലസ്ഡ് ലാസ്‌ലോ ബെത്യാനി സ്ട്രാറ്റ്മാൻ എന്ന പേരിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ഫ്രാൻസിസ് മാർപാപ്പ വീൽചെയറിൽ സന്ദർശനം നടത്തിയത്. ഗാനങ്ങളോടെയായിരിന്നു പാപ്പക്ക് വരവേൽപ്പ് ലഭിച്ചത്. ദരിദ്രരും, രോഗികളും, മറ്റ് ആവശ്യങ്ങൾ ഉള്ളവരുമായവരെ പരിഗണിക്കണമെന്ന് സന്ദേശം നൽകിയ ഫ്രാൻസിസ് പാപ്പ, ഇതാണ് യഥാർത്ഥ സുവിശേഷമെന്ന് പറഞ്ഞു.
യഥാർത്ഥ അവസ്ഥ വിസ്മരിച്ചുകൊണ്ട് മറ്റ് ചിന്താധാരകൾ മുന്നോട്ട് കൊണ്ടുവരുന്നത് എളുപ്പമായിരുന്നു. എന്നാൽ സുവിശേഷത്തിന്റെയും ക്രിസ്തുവിന്റെയും വഴി യഥാർത്ഥ അവസ്ഥ മുന്നോട്ട് കൊണ്ടു വരികയെന്നതായിരിന്നുവെന്ന്‍ പാപ്പ സ്മരിച്ചു. കത്തോലിക്ക വിശ്വാസിയായ ഒരു തിമിര ശസ്ത്രക്രിയ വിദഗ്ധന്റെ പേരിലാണ് ബ്ലസഡ് ലാസ്‌ലോ ബെത്യാനി സ്ട്രാറ്റ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് അറിയപ്പെടുന്നത്. 1921ൽ മരണമടഞ്ഞ ഹംഗറിയിലെ മദർ തെരേസ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അന്ന ഫെഹർ എന്ന കത്തോലിക്ക സന്യാസിനി തുടക്കം കുറിച്ച സേവന പ്രവർത്തനങ്ങളാണ് ലാസ്‌ലോ ബെത്യാനി സ്ട്രാറ്റ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലും നടക്കുന്നത്.
അപ്പസ്തോലിക സന്ദർശനത്തിന് ഒടുവിൽ കര്‍തൃ പ്രാർത്ഥന, കുട്ടികളും ഇൻസ്റ്റിറ്റ്യൂട്ടിലെ മറ്റ് താമസക്കാരും ചേർന്ന് പാപ്പയോടൊപ്പം ലത്തീൻ ഭാഷയിൽ ചൊല്ലി. ഫ്രാൻസിസ് മാർപാപ്പയുടെ ജന്മദേശമായ അർജന്‍റീനയുടെയും, ആ രാജ്യത്തിന്റെ ഫുട്ബോൾ ടീമിന്റെയും നിറത്തിലുള്ള തയ്ച്ചെടുത്ത ഒരു ബാഗ് അവർ പരിശുദ്ധ പിതാവിന് സമ്മാനമായി നൽകി. കുരുക്കഴിക്കുന്ന മാതാവിന്റെ ഒരു രൂപമാണ് പാപ്പ തിരികെ കുട്ടികള്‍ക്ക് സമ്മാനം നൽകിയത്. കാഴ്ചപരിമിതരായ കുട്ടികളെ കൂടാതെ അംഗവൈകല്യമുള്ള കുട്ടികളും ഇവിടെയുണ്ടായിരിന്നു.