News

ഊര്‍ജ്ജസ്വലമായ ഒരു ക്രിസ്ത്യന്‍ രാഷ്ട്രത്തെ പാപ്പക്ക് ഹംഗറിയില്‍ കാണുവാന്‍ കഴിയുമെന്ന് വത്തിക്കാന്‍ അംബാസഡര്‍

പ്രവാചകശബ്ദം 29-04-2023 - Saturday

വത്തിക്കാന്‍ സിറ്റി: ത്രിദിന സന്ദര്‍ശനത്തിനായി ഹംഗറിയിലെത്തിയ ഫ്രാന്‍സിസ് പാപ്പക്ക് ഊര്‍ജ്ജസ്വലമായ ക്രിസ്ത്യന്‍ രാഷ്ട്രത്തെ കാണുവാന്‍ കഴിയുമെന്ന് വത്തിക്കാനിലെ ഹംഗറി അംബാസഡര്‍ എഡ്വാര്‍ഡ് ഹാസ്ബര്‍ഗ്. ഇ.ഡബ്യു.ടി.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഹാസ്ബര്‍ഗ് ഇക്കാര്യം പറഞ്ഞത്. ബൈസന്റൈന്‍ ആചാരം അനുഷ്ഠിക്കുന്ന കത്തോലിക്കര്‍ മുതല്‍ കാല്‍വിനിസ്റ്റുകള്‍ വരെ ഒത്തൊരുമയോടെ ജീവിക്കുന്ന രാഷ്ട്രമാണ് ഹംഗറിയെന്നു ഹാസ്ബര്‍ഗ് പറഞ്ഞു. പ്യൂ റിസേര്‍ച്ച് സെന്ററിന്റെ കണക്കനുസരിച്ച് കത്തോലിക്ക ഭൂരിപക്ഷ രാഷ്ട്രമായ ഹംഗറിയില്‍ ജനസംഖ്യയുടെ 60% ത്തോളം കത്തോലിക്കരും, 20% ത്തോളം പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍പെടുന്നവരുമാണ്.

പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും, പ്രസിഡന്റ് കാറ്റലിന്‍ നൊവാക്കും 16 ലക്ഷത്തോളം അംഗസംഖ്യയുള്ള (15%) കാല്‍വിനിസ്റ്റ് വിഭാഗത്തില്‍പ്പെടുന്ന ഹംഗേറിയന്‍ റിഫോംഡ് പ്രൊട്ടസ്റ്റന്‍റ് സമൂഹത്തിലെ അംഗങ്ങളാണ്. വിക്ടര്‍ ഓര്‍ബനും, കാറ്റലിന്‍ നൊവാക്കും കത്തോലിക്കരല്ലെന്ന് പറയുമ്പോള്‍ ആളുകള്‍ അത്ഭുതപ്പെടുകയാണെന്നാണ് ഹാസ്ബര്‍ഗ് പറയുന്നത്. തങ്ങളുടെ വിശ്വാസത്തേക്കുറിച്ച് അഭിമാനം കൊള്ളുന്നവരാണ് കാല്‍വിനിസ്റ്റുകള്‍. പതിനൊന്നാം നൂറ്റാണ്ടില്‍ വിശുദ്ധ സ്റ്റീഫന്‍ രാജാവിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഹംഗറിയിലെ ക്രൈസ്തവര്‍ക്ക് ആയിരത്തില്‍പരം വര്‍ഷങ്ങളുടെ ചരിത്രമാണുള്ളത്.

2021-ല്‍ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നതിനാണ് ഇതിനു മുന്‍പ് ഫ്രാന്‍സിസ് പാപ്പ, ഹംഗറിയില്‍ എത്തിയത്. പാപ്പ ഹംഗറിയില്‍ എത്തിയതിന് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് ദിവ്യകാരുണ്യവും വഹിച്ചുകൊണ്ട് 3,00,000-ത്തോളം പേര്‍ പങ്കെടുത്ത പ്രദിക്ഷണം ബുഡാപെസ്റ്റില്‍ നടക്കുകയുണ്ടായി. വര്‍ഷങ്ങളായി ഇതുപോലൊരു പരിപാടി യൂറോപ്പില്‍ താന്‍ കണ്ടിട്ടില്ലെന്നു ഹാസ്ബര്‍ഗ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 6 വര്‍ഷങ്ങളായി ഹംഗറിയുടെ വിദേശകാര്യ മന്ത്രാലയം ഹംഗറി ഹെല്‍പ്സ് എന്ന പദ്ധതി വഴി മധ്യപൂര്‍വ്വേഷ്യ, നൈജീരിയ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിച്ചു വരികയാണ്. ഹംഗറി ഹെല്‍പ്സും സിറിയയിലെ അപ്പസ്തോലിക കാര്യാലയവും സംയുക്തമായി പാവപ്പെട്ടവര്‍ക്കായി തുറന്ന ആശുപത്രികള്‍ നടത്തി വരുന്നുണ്ട്. ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശത്തില്‍ തകര്‍ന്ന പട്ടണങ്ങളുടെ പുനരുദ്ധാരണവും, ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ യുവതീ-യുവാക്കള്‍ക്കായി സര്‍വ്വകലാശാല സ്കോളര്‍ഷിപ്പുകളും ഈ പദ്ധതി വഴി നല്‍കിവരുന്നുണ്ട്.

അഫ്ഗാനിസ്ഥാന്‍, ഇറാന്‍, നൈജീരിയ, തെക്കന്‍ സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച പാപ്പയുടെ ത്രിദ്വിന ഹംഗറി സന്ദര്‍ശന പരിപാടിയുടെ ഭാഗമാണ്. തങ്ങള്‍ നടത്തിയ ഏറ്റവും വലിയ മാനുഷികസഹായ പ്രവര്‍ത്തനമാണിതെന്നു ഹാസ്ബര്‍ഗ് പറഞ്ഞു. യുക്രൈനിലെ സമാധാനമാണ് ഫ്രാന്‍സിസ് പാപ്പയുടെ ഹംഗറി സന്ദര്‍ശനത്തിന്റെ പ്രമേയങ്ങളിലൊന്ന്‍. ബുഡാപെസ്റ്റിലേക്ക് തിരിക്കും മുന്‍പ് യുക്രൈന്‍ പ്രധാനമന്ത്രിയുമായും പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു.

More Archives >>

Page 1 of 839