News - 2024

വ്യാജ ദാര്‍ശനികരില്‍ നിന്നും വിശ്വാസികളെ സംരക്ഷിക്കുവാന്‍ വിദഗ്ദരടങ്ങുന്ന സംവിധാനം വത്തിക്കാനില്‍

പ്രവാചകശബ്ദം 09-05-2023 - Tuesday

വത്തിക്കാന്‍ സിറ്റി: മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍, സ്വകാര്യ വെളിപ്പാടുകള്‍, നിഗൂഢ പ്രതിഭാസങ്ങള്‍ എന്നിവയെക്കുറിച്ചു നിരീക്ഷിക്കുവാന്‍ വത്തിക്കാന്‍ പൊന്തിഫിക്കല്‍ ഇന്റര്‍നാഷണല്‍ മരിയന്‍ അക്കാദമി (പി.എ.എം.ഐ) അന്താരാഷ്ട്ര നിരീക്ഷക സംവിധാനം (ഒബ്സര്‍വേറ്ററി) ഒരുക്കുന്നു. ഇക്കഴിഞ്ഞ മെയ് 3-ന് നടത്തിയ പത്ര സമ്മേളനത്തില്‍ വെച്ച് ഒബ്സര്‍വേറ്ററിയുടെ ഡയറക്ടറായ സിസ്റ്റര്‍ ഡാനിയേല ഡെല്‍ ഗ്വാഡിയോ നിരീക്ഷക സംഘത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു.

വ്യാജ ദാര്‍ശനികരില്‍ നിന്നും, തെറ്റിദ്ധാരണ പരത്തുന്നവരില്‍ നിന്നും വിശ്വാസികളെ സംരക്ഷിക്കുവാന്‍ നിര്‍ണ്ണായകമായ അവബോധം വളര്‍ത്തിയെടുക്കുവാനാണ് തങ്ങളുടെ ശ്രമമെന്നു സിസ്റ്റര്‍ ഗ്വാഡിയോ പറഞ്ഞു. ആരോഗ്യ, ജീവശാസ്ത്രം, നിയമം, ദൈവശാസ്ത്രം തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള ഇരുപതോളം വിദഗ്ദര്‍ അടങ്ങുന്നതാണ് നിരീക്ഷക സംഘം. അമാനുഷിക പ്രതിഭാസങ്ങളെ പഠിക്കുക എന്നതാണ് സംഘത്തിന്റെ പ്രധാന കര്‍ത്തവ്യം.

മാധ്യമ പ്രവര്‍ത്തകര്‍ പോലെയുള്ളവര്‍ക്ക് വിവിധ നിഗൂഢ പ്രതിഭാസങ്ങളെക്കുറിച്ചുള്ള കോഴ്സുകളും നല്‍കുവാനും നിരീക്ഷക സംഘത്തിനു പദ്ധതിയുണ്ട്. ഇത്തരം കാര്യങ്ങളില്‍ അവബോധം ഇല്ലാത്തതു കാരണമാണ് ആളുകള്‍ പറ്റിക്കപ്പെടുന്നതെന്നു അഭിഭാഷകനായ പാവ്ലോ കാന്‍സെലി പറഞ്ഞു. മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള അമാനുഷിക പ്രതിഭാസങ്ങള്‍ നടന്നു കഴിയുമ്പോള്‍ അതിനെക്കുറിച്ച് ശാസ്ത്രീയമായ രീതിയില്‍ വിശകലനം ചെയ്യുകയാണ് തങ്ങളുടെ ദൗത്യമെന്ന്‍ സിസ്റ്റര്‍ ഗ്വാഡിയോ സൂചിപ്പിച്ചു. ബ്രസീല്‍, ക്രോയേഷ്യ, ജപ്പാന്‍, പോര്‍ച്ചുഗല്‍, കാനഡ, അമേരിക്ക, കോസ്റ്ററിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പതിനഞ്ചോളം വിദഗ്ദരാണ് ഇപ്പോള്‍ നിരീക്ഷക സംഘത്തില്‍ ഉള്ളത്.

More Archives >>

Page 1 of 842