News - 2024

ചരിത്രപരമായ എക്യുമെനിക്കൽ സന്ദര്‍ശനത്തിന്റെ 50ാം വാര്‍ഷികത്തില്‍ നാളെ കോപ്റ്റിക് പാത്രിയാർക്കീസുമായി പാപ്പയുടെ കൂടിക്കാഴ്ച

പ്രവാചകശബ്ദം 09-05-2023 - Tuesday

വത്തിക്കാന്‍ സിറ്റി: പോൾ ആറാമൻ പാപ്പയും, കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസ് ഷെനൂദ മൂന്നാമനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അൻപതാം വാർഷികത്തിൽ എക്യുമെനിക്കൽ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ വീണ്ടും നിര്‍ണ്ണായക കൂടിക്കാഴ്ച ഒരുങ്ങുന്നു. ഫ്രാൻസിസ് പാപ്പയും, ഇപ്പോഴത്തെ അലക്‌സാണ്ട്രിയായിലെ പാപ്പയും, കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസുമായ തവദ്രോസും നാളെ വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തും. ഇരുസഭകളുടെയും എക്യുമെനിക്കൽ സൗഹൃദത്തിന് കൂടിക്കാഴ്ച വലിയ പങ്കു വഹിക്കുമെന്നാണ് കരുതപ്പെടുന്നത്.

1973 മേയ് 9-13 തീയതികളിലാണ് വത്തിക്കാനിൽവെച്ച് ഷെനൂദ മൂന്നാമൻ അന്നത്തെ മാർപാപ്പയായ പോൾ ആറാമനുമായി കണ്ടുമുട്ടിയത്. കൂടിക്കാഴ്ചയില്‍ സംയുക്ത രേഖയിൽ ഇരുവരും ഒപ്പുവെച്ചിരിന്നു. നാളെ മെയ് പത്തിന് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലാണ് കൂടിക്കാഴ്ച നടക്കുക. മറ്റന്നാള്‍ മെയ് പതിനൊന്നാം തീയതി പാപ്പയുമായി പാത്രിയാർക്കീസ് സ്വകാര്യ കൂടിക്കാഴ്ച്ച നടത്തുകയും, ഒരുമിച്ച് പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്യും. ക്രിസ്ത്യൻ കൂട്ടായ്മയ്ക്ക് വേണ്ടിയുള്ള ഡിക്കാസ്റ്ററിയിലും പാത്രിയാർക്കീസ് സന്ദർശനം നടത്തും. റോമിലുള്ള കോപ്റ്റിക്ക് ഓർത്തഡോക്സ്‌ സമൂഹത്തിലെ വിശ്വാസികളെയും പാത്രിയർക്കീസ് സന്ദർശിക്കും.

മെയ് പതിനാലാം തീയതി റോമിലെ ലാറ്ററൻ ബസിലിക്കയിൽ ബലിയര്‍പ്പണം നടക്കും. പത്തുവർഷങ്ങൾക്കു മുൻപ് നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ഫ്രാൻസിസ് പാപ്പയുടെയും, തവദ്രോസ് രണ്ടാമന്റെയും സൗഹൃദം ക്രിസ്ത്യൻ കൂട്ടായ്മയ്ക്ക് ഏറെ ഊർജം പകർന്നിട്ടുണ്ട്. പോൾ ആറാമൻ മാർപാപ്പയും ഷെനൂദ പാത്രിയാർക്കീസും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് പ്രധാന എക്യുമെനിക്കൽ രേഖകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു അനുസ്മരണ പുസ്തകവും പ്രകാശനം ചെയ്യുന്നുണ്ട്.

More Archives >>

Page 1 of 842