News

കിഡ്സ് ബൈബിള്‍ ഇന്‍ എ ഇയര്‍; ബൈബിള്‍ പോഡ്കാസ്റ്റിംഗുമായി 9 വയസ്സുള്ള അമേരിക്കന്‍ ബാലന്‍ ശ്രദ്ധ നേടുന്നു

പ്രവാചകശബ്ദം 11-05-2023 - Thursday

മിഷിഗണ്‍: “ബൈബിള്‍ ഒരു വര്‍ഷത്തില്‍” എന്ന പ്രസിദ്ധമായ പോഡ്കാസ്റ്റിന്റെ അവതാരകനായ അമേരിക്കന്‍ വൈദികന്‍ ഫാ. മൈക്ക് ഷ്മിറ്റ്സിനെ അക്ഷരാര്‍ത്ഥത്തില്‍ അനുകരിച്ചുകൊണ്ട് പോഡ്കാസ്റ്റിംഗ് ആരംഭിച്ച മിഷിഗണ്‍ സ്വദേശിയായ ഒന്‍പതു വയസ്സുകാരന്‍ ശ്രദ്ധ നേടുന്നു. മാതാപിതാക്കളായ സ്റ്റെഫാനിയുടെയും, സീനിന്റേയും സഹായത്തോടെ “കിഡ്സ് ബൈബിള്‍ ഇന്‍ എ ഇയര്‍ വിത്ത് ടെഡ്ഢി” പോഡ്കാസ്റ്റ് ഇക്കഴിഞ്ഞ മാര്‍ച്ച് 12-നാണ് ആരംഭിച്ചത്.

ആഴ്ചതോറും ഞായറാഴ്ചയും ബുധനാഴ്ചയും പുറത്തുവിടുന്ന ടെഡ്ഢിയുടെ പോഡ്കാസ്റ്റ് എപ്പിസോഡുകള്‍ ഇന്നു വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരകണക്കിന് ശ്രോതാക്കളാണ് ശ്രവിക്കുന്നത്. ടെഡ്ഢി സ്വയം എഴുതിയ പ്രാര്‍ത്ഥനയോടെയാണ് പോഡ്കാസ്റ്റ് ആരംഭിക്കുന്നത്. പ്രാര്‍ത്ഥനക്ക് ശേഷം ബൈബിള്‍ സംഭവക്കഥകള്‍ ഉള്‍പ്പെടുന്ന ''ഗ്രേറ്റ് അഡ്വെഞ്ചര്‍ കിഡ്സ്‌ കാത്തലിക് ബൈബിള്‍ ക്രോണിക്കിളി''ല്‍ നിന്നുള്ള ഒരു ഭാഗം വായിക്കുകയും വിചിന്തനം നടത്തുകയും ചെയ്യുന്നതുമാണ് ഈ ബാലന്റെ പതിവ്. തന്റെ ആറ് മക്കളില്‍ മൂത്തവനായ ടെഡ്ഢി കത്തോലിക്കാ വിശ്വാസത്തേക്കുറിച്ച് പഠിക്കുന്നതിലും പങ്കുവെക്കുന്നതിലും വളരെയേറെ താല്‍പര്യം കാണിക്കുന്നുണ്ടെന്ന് ടെഡ്ഢിയുടെ അമ്മയായ സ്റ്റെഫാനി പറയുന്നു.

ചിലപ്പോള്‍ രാത്രി സമയങ്ങളില്‍ ഹെഡ് ലാംപും തെളിച്ചുവെച്ചുകൊണ്ട് ടെഡ്ഢി ബൈബിള്‍ വായിക്കുന്നതു കാണാം. മിഷിഗണിലെ ഇടവക ദേവാലയത്തിലെ അള്‍ത്താര ബാലനായും ടെഡ്ഢി സേവനം ചെയ്യുന്നുണ്ട്. വളരുമ്പോള്‍ ആരാകണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് യാതൊരു മടിയും കൂടാതെ തനിക്ക് വൈദികനാകുവാനാണ് ഇഷ്ടമെന്നും യേശുവിന്റെ കുരിശു മരണവും, ഉത്ഥാനവും സംബന്ധിച്ച് ഭാഗങ്ങളാണ് ബൈബിളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും ടെഡ്ഢി പറയുന്നു.

കിഡ്സ്‌ കാത്തലിക് ബൈബിള്‍ ക്രോണിക്കിള്‍ ഉറക്കെ വായിക്കണമെന്ന തന്റെ ആഗ്രഹം ടെഡ്ഢി മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്നാണ്‌ അവര്‍ ''ഗ്രേറ്റ് അഡ്വെഞ്ചര്‍ കിഡ്സ്‌ കത്തോലിക്കാ ബൈബിള്‍ ക്രോണിക്കിളി''ന്റെ പ്രസാധകരായ അസെന്‍ഷനെ വിഷയം ധരിപ്പിച്ചത്. അവര്‍ അതിന് സമ്മതം നല്‍കിയതോടെ ബൈബിള്‍ സംഭവക്കഥകളുമായി ബന്ധപ്പെട്ട ഭാഗം വായിച്ച ശേഷം അതിനെ കുറിച്ചുള്ള ഒരു വിചിന്തനവും നല്‍കുവാന്‍ ടെഡ്ഢി ആരംഭിക്കുകയായിരിന്നു. കപ്യൂട്ടറില്‍ തിരുവെഴുത്തുകള്‍ എഴുതുകയും, റെക്കോര്‍ഡ് ചെയ്യുകയും, എഡിറ്റ്‌ ചെയ്യുകയും, പോസ്റ്റ്‌ ചെയ്യുകയും ചെയ്യുന്ന ഈ ബാലന്‍ തന്റെ ഉദ്യമം പൂര്‍ത്തീകരിക്കുന്നത് മാതാപിതാക്കളുടെ പിന്തുണയോട് കൂടിയാണ്. മെയ് ആരംഭം വരെ 13 എപ്പിസോഡുകളാണ് ടെഡ്ഢി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ടെഡ്ഢിയുടെ പോഡ്കാസ്റ്റുകള്‍ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിംഗും ലഭിച്ചിട്ടുണ്ട്.

പോഡ്കാസ്റ്റ് കേള്‍ക്കാന്‍:

Tag: “Kid’s Bible in a Year with Teddy”, Teddy Howell, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 842