News - 2024

ദൈവവിളി പ്രോത്സാഹനത്തിന് 50,000 യൂറോ സമാഹരിച്ച് ബെയ്ജിംഗ് അതിരൂപതയിലെ വിശ്വാസികള്‍

പ്രവാചകശബ്ദം 10-05-2023 - Wednesday

ബെയ്ജിംഗ്: ദൈവവിളി പ്രോത്സാഹനത്തിന് ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലെ ഇടവകകൾ 50,000 യൂറോയുടെ സമാഹരണം നടത്തി. കോവിഡ് വ്യാപനത്തെ തുടർന്ന് മൂന്നുവർഷങ്ങൾക്ക് ശേഷമാണ് സാമ്പത്തിക ശേഖരണം നടത്തുന്നത്. ആഗോളതലത്തിൽ ദൈവവിളിക്ക് വേണ്ടിയുള്ള പ്രാർത്ഥന ദിനമായി ആചരിച്ച ഏപ്രിൽ മുപ്പതാം തീയതിയിലെ ആചരണത്തോട് അനുബന്ധിച്ചായിരിന്നു ധനസമാഹരണം. സഭയ്ക്കു സേവനം ചെയ്യാൻ വേണ്ടി കൂടുതൽ യുവജനങ്ങൾ വൈദിക പരിശീലനത്തിന് ചേരാനായി പിന്തുണ നൽകുന്ന ഉദ്യമത്തിന് വേണ്ടി സഹകരിച്ചവര്‍ക്ക് നന്ദി അര്‍പ്പിക്കുന്നതായും പിന്തുണ തുടരണമെന്നും അറിയിച്ച് സെമിനാരി വിദ്യാർത്ഥികളും, അധ്യാപകരും ബിഷപ്പ് ജോസഫ് ലി ഷാനും, ഇടവക വൈദികർക്കും, വിശ്വാസി സമൂഹത്തിനും കത്ത് എഴുതി.

ജനങ്ങളുടെ ഇടയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെങ്കിലും, ഭാവി സഭക്ക് സേവനം ചെയ്യേണ്ട സെമിനാരി വിദ്യാർഥികളുടെ പരിശീലനത്തിന് വേണ്ടി സംഭാവനകൾ നൽകാൻ ഇടവക വൈദികർ തങ്ങളെ കൊണ്ട് കഴിയുന്ന വിധം വിശ്വാസി സമൂഹത്തോട് അഭ്യർത്ഥന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തുക സമാഹരിക്കാന്‍ കഴിഞ്ഞത്. ബെയ്ജിംഗിലെ സെമിനാരി ആരംഭിച്ചതിന്റെ നാല്പതാം വാർഷികം 2021 ലാണ് ആഘോഷിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദിക വിദ്യാർഥികൾ ഇവിടെ പരിശീലനം നേടുന്നുണ്ട്. 2021ൽ ഏജൻസിയ ഫിഡസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ആ വർഷം വരെ 320 പേർക്കാണ് സെമിനാരി പരിശീലനം നൽകിയിരിക്കുന്നത്. അതിൽ 187 പേർ വൈദികപട്ടം സ്വീകരിച്ചു. മൂന്നുപേർ മെത്രാൻ പദവിയിലേക്ക് എത്തിയെന്നതും ശ്രദ്ധേയമാണ്.

More Archives >>

Page 1 of 842