News - 2024

പാലസ്തീനി ക്രൈസ്തവ മാധ്യമപ്രവര്‍ത്തക ഷിരീൻ അബുവിന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

പ്രവാചകശബ്ദം 10-05-2023 - Wednesday

ജെറുസലേം: കഴിഞ്ഞ വര്‍ഷം മാധ്യമ പ്രവര്‍ത്തനത്തിനിടയില്‍ കൊല്ലപ്പെട്ട ക്രൈസ്തവ വിശ്വാസിയുമായ പാലസ്തീന്‍ വംശജയുമായ ഷിരീൻ അബു അക്ലേയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട് തികയുന്നു. പ്രമുഖ അറബ് മാധ്യമമായ ‘അല്‍ ജസീറ’യില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സേവനം ചെയ്തുവരികയായിരുന്ന ഷിരീൻ കഴിഞ്ഞ വര്‍ഷം മെയ് 11-ന് പലസ്തീനില്‍ വെച്ച് ഇസ്രായേലി സൈന്യത്തിന്റെ വെടിയേറ്റ്‌ കൊല്ലപ്പെടുകയായിരിന്നു. വാര്‍ഷിക അനുസ്മരണത്തോട് അനുബന്ധിച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച ഷിരീന്റെ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും അധിനിവേശിത കിഴക്കന്‍ ജറുസലേമിലെ ബെയ്റ്റ് ഹാനിനായിലെ മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ ദേവാലത്തില്‍ അനുസ്മരണ കുര്‍ബാന അര്‍പ്പിച്ചു.

ദേവാലയത്തിനകത്ത് ഷിരീന്റെ ഒരു വലിയ ഫോട്ടോ റോസ പൂക്കളാല്‍ അലങ്കരിച്ചിരുന്നു. അതിന്റെ മുന്നില്‍ മെഴുകു തിരികള്‍ കത്തിച്ചുവെച്ചുകൊണ്ടായിരുന്നു വിശ്വാസി സമൂഹം ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിച്ചത്. 'പ്രസ്സ്' എന്നെഴുതിയ ഒരു നീല ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും, ഇസ്രായേലി സുരക്ഷാസേന (ഐ.ഡി.എഫ്) മാധ്യമപ്രവർത്തകരുടെ ശിരസ്സിൽ നിറയൊഴിക്കുകയായിരുന്നു. അധിനിവേശിത വെസ്റ്റ്‌ ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പിലെ ഇസ്രായേലി സൈനീക റെയ്ഡിനേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരിന്നു ദാരുണ മരണം. അല്‍ ജസീറയുടെ പലസ്തീന്‍ അമേരിക്കന്‍ ടിവി കറസ്പോണ്ടന്റായിരുന്ന ഷിരീന്റെ പേര് അറബിക് മാധ്യമ രംഗത്ത് ഏറ്റവും ചിരപരിചിതമായിരുന്ന പേരായിരുന്നു.

ഔവർ ലേഡി ഓഫ് ദി അനൺസിയേഷൻ കത്തീഡ്രൽ ദേവാലയ സെമിത്തേരിയിലാണ് ഷിരീൻ അബുവിന്റെ മൃതദേഹം സംസ്കരിച്ചത്. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് പിയർ ബാറ്റിസ്റ്റ പിസബല്ല ഉള്‍പ്പെടെ വിശുദ്ധ നാട്ടിലെ നിരവധി ക്രൈസ്തവ നേതാക്കള്‍ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 26-ന് അബു അക്ലെയുടെ ആത്മശാന്തിക്കായി റോമില്‍ ബലിയര്‍പ്പണം നടന്നതും ഇതിന് പിന്നാലെ സഹോദരനും കുടുംബവും ഫ്രാന്‍സിസ് പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയതും വാര്‍ത്തകളില്‍ ഇടം നേടിയിരിന്നു.

More Archives >>

Page 1 of 842