News - 2024

മധ്യപ്രദേശില്‍ ഓർഫനേജിൽ ഉദ്യോഗസ്ഥരുടെ അനധികൃത പരിശോധന; വൈദികര്‍ക്ക് മര്‍ദ്ദനം

പ്രവാചകശബ്ദം 10-05-2023 - Wednesday

ന്യൂഡൽഹി: ഒന്നര നൂറ്റാണ്ടായി മധ്യപ്രദേശിലെ സാഗർ നഗരത്തിനടുത്ത് ഷാംപുര ഗ്രാമത്തിൽ പ്രവർത്തിക്കുന്ന സെന്റ് ഫ്രാൻസിസ് സേവാധാം ഓർഫനേജിൽ അനധികൃത പരിശോധനയും അക്രമവുമായി ഉദ്യോഗസ്ഥർ. ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനുംഗോയും സംസ്ഥാന ശിശുക്ഷേമവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഉൾപ്പെടുന്ന സംഘമാണ് തെരച്ചിലിനെത്തിയതെന്ന് 'ദീപിക' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സെർച്ച് വാറണ്ടോ മറ്റ് ഉത്തരവുകളോ ഇല്ലാതെ എത്തിയ സംഘം ഓഫീസ് മുറികൾ അലങ്കോലമാക്കുകയും ദേവാലയത്തിൽ കടന്നുകയറുകയും മദ്ബഹയിലെ ക്രമീകരണങ്ങൾ അലങ്കോലപ്പെടുത്തുന്നതു ചോദ്യം ചെയ്ത വൈദികരെ മർദ്ദിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തി എന്നാരോപിച്ച് കേസെടുക്കുകയും ചെയ്തു.

ഓർഫനേജിന്റെ ചുമതലക്കാരായ ഫാ. ജോഷി, ഫാ. നവിൻ എന്നിവരാണ് മര്‍ദ്ദനത്തിന് ഇരയായതെന്നു 'മാറ്റേഴ്സ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തു. റെയ്ഡ് അനാവശ്യമാണെന്നും മുൻകൂർ വിവരമില്ലാതെയാണ് നടത്തിയതെന്നും സഭാവൃത്തങ്ങള്‍ വ്യക്തമാക്കി. അനാഥാലയത്തിന്റെ ഹർജി മധ്യപ്രദേശ് ഹൈക്കോടതി പരിഗണിക്കുന്നതിന് ഒരു ദിവസം മുമ്പാണ് റെയ്ഡ് നടന്നതെന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. വിശുദ്ധ കുർബാനയ്ക്കായി സൂക്ഷിച്ചിരുന്ന വീഞ്ഞ് ഉൾപ്പെടെ പരിശോധനയ്ക്കെന്ന പേരിൽ ഉദ്യോഗസ്ഥർ കൊണ്ടുപോയതായി വൈദികർ 'ദീപിക'യോടു പറഞ്ഞു.

ഓർഫനേജിന്റെ രജിസ്ട്രേഷൻ കാലാവധി അവസാനിച്ചെന്നു ചൂണ്ടിക്കാട്ടി കെട്ടിച്ചമച്ച കേസുകളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയതെന്ന് ഓർഫനേജ് അധികൃതർ പറഞ്ഞു. അതേസമയം ഓർഫനേജിന്റെ രജിസ്ട്രേഷൻ പുതുക്കാനുള്ള അപേക്ഷ മൂന്നുവർഷമായി തീരുമാനമാകാതെ കിടക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിസംഗതയും അലംഭാവവുമാണ് രജിസ്ട്രേഷന്‍ നീളുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. 2022 ജനുവരിയിൽ കുട്ടികളെ നിർബന്ധിതമായി മാറ്റാൻ സർക്കാർ ഇടപെട്ടപ്പോൾ, ജബൽപൂരിലെ മധ്യപ്രദേശ് ഹൈക്കോടതിയിൽ സഭാവൃത്തങ്ങള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നു സ്റ്റേ ചെയ്തിരുന്നു.

ഹൈക്കോടതിയുടെ തൽസ്ഥിതി ഉത്തരവ് ഹാജരാക്കിയിട്ടും സർക്കാർ അധികാരികൾ മുഴുവൻ സ്ഥലവും അനധികൃതമായി പരിശോധിക്കുകയായിരിന്നു. സംഘം തങ്ങളുടെ ഓഫീസ് കമ്പ്യൂട്ടറുകൾ എടുത്തുകൊണ്ടുപോവുകയും ഫയലുകൾ നശിപ്പിക്കുകയും ചെയ്തുവെന്ന് സഭാവൃത്തം ആരോപിച്ചു. അനാഥാലയത്തോട് ചേർന്നുള്ള കോൺവെന്റിലെ കന്യാസ്ത്രീകളുടെ മുറികളിലും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. പോലീസ് അറസ്റ്റ് ചെയ്ത വൈദികർക്ക് ഏഴു മണിക്കൂറിനു ശേഷമാണു ജാമ്യം ലഭിച്ചത്. കേന്ദ്രത്തില്‍ ബി‌ജെ‌പി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ക്രൈസ്തവ സന്യാസ സമൂഹങ്ങള്‍ നടത്തിക്കൊണ്ടിരിന്ന നിരവധി അനാഥാലയങ്ങള്‍ക്ക് പൂട്ടുവീണിരിന്നു. ഇതിന്റെ ഭാഗമായി നടക്കുന്ന നിഗൂഢ അജണ്ടയുടെ ഏറ്റവും ഒടുവിലത്തെ സംഭവമാണ്.

ദേശീയ - സംസ്ഥാന ബാലാവകാശ കമ്മീഷനുകള്‍ കഴിഞ്ഞ കുറേ മാസങ്ങളായി സഭ നടത്തുന്ന മധ്യപ്രദേശിലെ സ്‌കൂളുകളിലും അനാഥാലയങ്ങളിലും നിരവധി പരിശോധനകൾ നടത്തുകയും യാതൊരു കാരണവും കൂടാതെ വൈദികര്‍ ഉൾപ്പെടെയുള്ളവരെയും കള്ളക്കേസില്‍ ഉള്‍പ്പെടുത്തുന്നതും പതിവ് സംഭവമായി മാറുന്നുണ്ട്.

More Archives >>

Page 1 of 842