News - 2025
ടിവിയിലൂടെ വിശുദ്ധ കുർബാനയിൽ പങ്കുചേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ; സുഖം പ്രാപിച്ചു വരികയാണെന്നു വത്തിക്കാന്‍
പ്രവാചകശബ്ദം 12-06-2023 - Monday
വത്തിക്കാന്‍ സിറ്റി: ഉദര ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നില സംബന്ധിക്കുന്ന പുതിയ വിവരവുമായി വത്തിക്കാൻ. ശസ്ത്രക്രിയയ്ക്ക് ശേഷം സാധാരണ ഗതിയില്‍ തന്നെ പാപ്പ സുഖപ്രാപ്തിയിലേക്ക് എത്തുന്നുണ്ടെന്ന് മെഡിക്കൽ സംഘം തങ്ങളെ അറിയിച്ചതായാണ് ഞായറാഴ്ച വത്തിക്കാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹൃദയമിടിപ്പും, രക്തസമ്മർദ്ധവും ആവശ്യമായ നിലയിലുണ്ട്. പാപ്പയെ പനി അലട്ടുന്നില്ല. ശ്വാസകോശവുമായി ബന്ധപ്പെട്ട ഫിസിയോതെറാപ്പി ഫ്രാൻസിസ് മാർപാപ്പ തുടരുന്നുണ്ടെന്നും വത്തിക്കാൻ പറഞ്ഞു.
ടെലിവിഷനിലൂടെ ഇന്നലെ വിശുദ്ധ കുർബാനയിൽ പങ്കുചേർന്ന ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാനയും സ്വീകരിച്ചു. ഇന്നലെ ഞായറാഴ്ച വന്‍ജനാവലിക്ക് മുന്‍പാകെ പാപ്പ നടത്തുന്ന ത്രികാല പ്രാർത്ഥനക്കു പകരമായി ആശുപത്രിയില്‍ വ്യക്തിപരമായി ത്രികാല പ്രാർത്ഥന ചൊല്ലിയെന്നും വത്തിക്കാന്‍ അറിയിച്ചു. ഇതിനുശേഷം ഉച്ചഭക്ഷണം കഴിച്ചു. പാപ്പയോടൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ ഫ്രാൻസിസ് മാർപാപ്പയെ ചികിത്സിക്കുന്ന അപ്പാർട്ട്മെന്റിലെ ഡോക്ടർമാരും, മെഡിക്കൽ സംഘത്തിലെ അംഗങ്ങളും, സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.