News - 2025

2000 വർഷം പഴക്കമുള്ള സുറിയാനി ഭാഷക്ക് പുതുജീവൻ നൽകാൻ ചാനലുമായി ഇറാഖി ക്രൈസ്തവർ

പ്രവാചകശബ്ദം 12-06-2023 - Monday

ബാഗ്ദാദ്: യേശു സംസാരിച്ച അറമായ ഭാഷയുടെ ഭാഷാഭേദമായ സുറിയാനി ഭാഷക്ക് പുതുജീവൻ നൽകാൻ ഇറാഖിലെ ക്രൈസ്തവ വിശ്വാസികൾ സുറിയാനി ഭാഷയിൽ പുതിയ ചാനൽ ആരംഭിച്ചു. നൂറ്റാണ്ടുകളായി ഇറാഖിലെയും, സിറിയയിലെയും ക്രൈസ്തവ വിശ്വാസികൾ സംസാരിക്കുന്ന ഭാഷ സുറിയാനിയാണ്. വിദ്യാലയങ്ങളിലും, ദേവാലയങ്ങളിലും സുറിയാനി ഭാഷ സംസാരിക്കുന്നുണ്ടെങ്കിലും തളർച്ച നേരിട്ടുകൊണ്ടിരിക്കുന്ന സുറിയാനി ഭാഷയെ വീണ്ടും വളർച്ചയുടെ പാതയിൽ എത്തിക്കാൻ വേണ്ടി അൽ സിറിയാനിയ ടിവി എന്ന പേരിലുള്ള ചാനലാണ് ക്രൈസ്തവ വിശ്വാസികൾ ആരംഭിച്ചിരിക്കുന്നത്. തങ്ങൾ വീട്ടിൽ സുറിയാനിയാണ് സംസാരിക്കുന്നതെന്നും, എന്നാൽ നിർഭാഗ്യവശാൽ ഈ ഭാഷ അപ്രത്യക്ഷമാകുന്നതാണ് കാണാൻ സാധിക്കുന്നതെന്നും അൽ സിറിയാനിയ ടിവിയിലെ 35 വയസ്സുള്ള അവതാരക മറിയം ആൽബർട്ട് പറഞ്ഞു.

ക്രൈസ്തവരെ പ്രതിനിധീകരിക്കുന്ന ഒരു മാധ്യമം ഉണ്ടാവുകയെന്നത് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണെന്നും മറിയം കൂട്ടിച്ചേർത്തു. ഒരു സമയത്ത് സുറിയാനി ഭാഷ പശ്ചിമേഷ്യയിൽ എല്ലായിടത്തും പ്രചാരണത്തിൽ ഉണ്ടായിരുന്ന ഭാഷയായിരുന്നുവെന്ന് സ്റ്റേഷൻ അധ്യക്ഷൻ ജാക്ക് അൻവിയ പറഞ്ഞു. ആ സമൂഹം നാമാവശേഷമായി പോകാതിരിക്കാൻ ബാഗ്ദാദിന് ഉത്തരവാദിത്തമുണ്ടെന്നും അവർ വ്യക്തമാക്കി. അഞ്ചാം നൂറ്റാണ്ടിനും, ഏഴാം നൂറ്റാണ്ടിനും ഇടയിലാണ് സുറിയാനി ഭാഷക്ക് ഏറ്റവും അധികം വളർച്ച ലഭിച്ചത്. ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിന്റെ ആവിർഭാവത്തിനു ശേഷം പ്രദേശത്തെ കൂടുതലാളുകൾ അറബി ഭാഷയിൽ സംസാരിക്കാൻ ആരംഭിച്ചു. ഇതിനെ തുടർന്ന് പതിനൊന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും സുറിയാനി ഭാഷയുടെ തളർച്ചയും തുടങ്ങി.

2014ൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ഉത്തര ഇറാഖ് കീഴടക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് നിരവധി നൂറ്റാണ്ടുകൾ പഴക്കമുള്ള സുറിയാനി ഭാഷയിലെ ഗ്രന്ഥങ്ങൾ മൊസൂളിലെ കൽദായ ആർച്ച് ബിഷപ്പ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഐക്യരാഷ്ട്ര സഭയുടെ അടക്കം പിന്തുണയോടെ പ്രവർത്തിക്കുന്ന ഇർബിലിലെ ഡിജിറ്റൽ സെന്റർ ഫോർ ഈസ്റ്റേൺ മാനുസ്ക്രിപ്സിലാണ് ഈ ചരിത്ര രേഖകൾ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യമാണ് ഇറാഖ്. ബൈബിളിൽ അബ്രഹത്തിന്റെ വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലമായി പറയപ്പെടുന്ന ഉർ ഇറാഖിലാണ് സ്ഥിതി ചെയ്യുന്നത്. 2003ല്‍ അമേരിക്ക ഇറാഖിൽ സൈനിക ഇടപെടൽ നടത്തുന്നതു വരെ അത് ഏകദേശം 15 ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികൾ ജീവിക്കുന്ന രാജ്യമായിരുന്നു. എന്നാൽ സൈനിക ഇടപെടലിനും ഇസ്ളാമിക അധിനിവേശത്തിനും ശേഷം ക്രൈസ്തവ ജനസംഖ്യ ഇപ്പോൾ നാല് ലക്ഷമായി കുറഞ്ഞിരിക്കുകയാണ്.

Tag: Christian community is launching a new television channel as part of efforts to save their dying, 2,000-year-old lSyriac anguage.Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 852