News

ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു; ചരിത്രം കുറിച്ച് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം ബഹിരാകാശത്തേക്ക്

പ്രവാചകശബ്ദം 14-06-2023 - Wednesday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശമടങ്ങുന്ന ഉപഗ്രഹവുമായി അമേരിക്കന്‍ റോക്കറ്റ് ബഹിരാകാശത്തേക്ക്. ഇക്കഴിഞ്ഞ ജൂണ്‍ 12-ന് കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് സ്പേസ് ഫോഴ്സ് ബെയ്സില്‍ നിന്നുമാണ് ‘പ്രതീക്ഷയുടെ സാറ്റലൈറ്റ്’ (സ്പെയി സാറ്റെലെസ്) വഹിക്കുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. 2020 മാര്‍ച്ച് 27-ന് കൊറോണ പകര്‍ച്ചവ്യാധിയില്‍ ലോകം നടുങ്ങിനിന്നപ്പോള്‍ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ നിന്നും ‘പ്രത്യാശയും സമാധാനവും’ എന്ന പ്രമേയവുമായി ഫ്രാന്‍സിസ് പാപ്പ നടത്തിയ ‘ഉര്‍ബി ഏത് ഓര്‍ബി’ (റോമാ നഗരത്തിനും ലോകത്തിനും) എന്ന ചരിത്ര പ്രസിദ്ധമായ ആശീര്‍വാദത്തിലെ വാക്കുകള്‍ ഉള്‍ചേര്‍ത്ത നാനോ പുസ്തകമാണ് ബഹിരാകാശത്തേക്ക് കുതിച്ചിരിക്കുന്നത്.

സ്പെയി സാറ്റെലെസും, അതിന്റെ ചെറുപതിപ്പായ ക്യൂബ് സാറ്റും ഭൂതലത്തില്‍ നിന്നും ഏതാണ്ട് 525 കിലോമീറ്റര്‍ അകലെയുള്ള ഹീലിയോസിംക്രോണസ് ഭ്രമണപഥം ലക്ഷ്യമാക്കി കുതിക്കുകയാണെന്നു വത്തിക്കാൻ അറിയിച്ചു. ഇറ്റലിയിലെ ടൂറിനിലെ പോളിടെക്നിക് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ക്യൂബ് സാറ്റ് നിര്‍മ്മിച്ചത്. പാപ്പയുടെ സന്ദേശത്തിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന നാനോ പുസ്തകം 2 മില്ലിമീറ്റര്‍ നീളവും, 0.2 മില്ലിമീറ്റര്‍ വീതിയുമുള്ള സിലിക്കോണ്‍ പ്ലേറ്റില്‍ തയാറാക്കുകയായിരിന്നു. മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സ്പെയി സാറ്റലെസ് വിക്ഷേപണത്തറയിലെത്തുന്ന നിമിഷത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ സാബ്രിന കോര്‍പിനോ പറഞ്ഞു. “കര്‍ത്താവേ അങ്ങ് ഞങ്ങളുടെ ലോകത്തെ അനുഗ്രഹിക്കണമേ, ഞങ്ങളുടെ ശരീരത്തിന് ആരോഗ്യവും, ഹൃദയങ്ങള്‍ക്ക്‌ ആശ്വാസവും നല്‍കണമേ” എന്ന വാക്കുകളോടെ പാപ്പ നല്‍കിയ പ്രത്യാശയുടെ സന്ദേശമാണ് ബഹിരാകാശത്തെത്തുക.

“ഞങ്ങളോട് ഭയപ്പെടരുതെന്ന് നീ പറഞ്ഞിട്ടുണ്ട്. എങ്കിലും, ഞങ്ങളുടെ വിശ്വാസം ദുര്‍ബ്ബലവും, ഞങ്ങള്‍ ഭയചകിതരുമാണ്. എന്നിരുന്നാലും, കര്‍ത്താവേ നീ ഞങ്ങളെ കൊടുങ്കാറ്റിന്‌ വിടരുതേ” - പ്രാര്‍ത്ഥനയടങ്ങിയ ഈ സന്ദേശവും സിലിക്കോണ്‍ പ്ലേറ്റില്‍ (2mmx2mmx0.2mm) ആലേഖനം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 29-ലെ പൊതു അഭിസംബോധനക്ക് ശേഷം ഫ്രാന്‍സിസ് പാപ്പ ക്യൂബ് സാറ്റിനേയും, നാനോ പുസ്തകത്തേയും ആശീര്‍വദിച്ചിരിന്നു. റേഡിയോ ട്രാന്‍സ്മിറ്ററും അനുബന്ധ ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുള്ള, ഭൂമിയില്‍ നിന്നും നിയന്ത്രിക്കുവാന്‍ കഴിയുന്ന സാറ്റലെസിന്റെ നിയന്ത്രണ ചുമതല ഇറ്റാലിയന്‍ സ്പേസ് ഏജന്‍സിക്കാണ്.

ഭ്രമണപഥത്തിലായിരിക്കുമ്പോള്‍ ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ സംപ്രേഷണം ചെയ്ത് തുടങ്ങും. ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യാശയുടേതായ വാക്കുകള്‍ ബഹിരാകാശത്തു നിന്നും ഭൂമിയിലേക്കു എത്തുന്ന ചരിത്രപരമായ നിമിഷത്തിനാണ് കാത്തിരിക്കുന്നതെന്ന് വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍ ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായ ഫാ. ലൂസിയോ അഡ്രിയാന്‍ റൂയിസ് പറഞ്ഞു.

More Archives >>

Page 1 of 853