News - 2025

മലയാളി വൈദികന്‍ ഫാ. ബെന്നി വർഗീസ് ഇറ്റാനഗർ രൂപതയുടെ നിയുക്ത മെത്രാന്‍

പ്രവാചകശബ്ദം 30-06-2023 - Friday

ബംഗളൂരു: അരുണാചൽ പ്രദേശിലെ ഇറ്റാനഗർ രൂപതയുടെ ദ്വിതീയമെത്രാനായി മലയാളിയായ ഫാ. ബെന്നി വർഗീസ് ഇടത്തട്ടേലിനെ (53) ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. നാഗാലാൻഡിലെ കോഹിമ രൂപതയ്ക്കുവേണ്ടി ശുശ്രൂഷ ചെയ്തു വരികെയാണ് കോതമംഗലം രൂപതാംഗമായ ഫാ. ബെന്നി വർഗീസിന് പുതിയ ദൗത്യം ലഭിച്ചിരിക്കുന്നത്. നിലവിലെ ഇറ്റാനഗർ ബിഷപ്പ് ഡോ. ജോൺ തോമസ് കാട്ടറുകുടിയിൽ നൽകിയ രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചതോടെയാണു പുതിയ നിയമനം.

കോതമംഗലം വടാട്ടുപാറ ഇടത്തട്ടേൽ (പുൽപ്പറമ്പിൽ) പരേതരായ വർഗീസിന്റെയും അന്നക്കുട്ടിയുടെയും ഒമ്പതു മക്കളിൽ എട്ടാമനാണു ഫാ. ബെന്നി. എംഎ, ബിഎഡ് ബിരുദധാരിയായ അദ്ദേഹം ദിമാപൂരിലെ സലേഷ്യൻ കോളേജിൽ തത്ത്വചിന്തയും ഷില്ലോങ്ങിലെ ഓറിയൻസ് തിയോളജിക്കൽ കോളേജിൽ ദൈവശാസ്ത്രവും പഠിച്ചു. 1999 ഏപ്രിൽ 19-ന് വൈദികനായി അഭിഷിക്തനായി.

മനിലയിലെ ഈസ്റ്റ് ഏഷ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിരിന്നു. നോർത്ത് ഈസ്റ്റേൺ റീജണൽ ബിഷപ്സ് കൗൺസിലിന്റെ മതബോധന കമ്മീഷൻ എക്സിക്യുട്ടീവ് സെക്രട്ടറിയായും ദിമാപുരിലെ ചുമുകെദിമയിൽ കോഹിമ രൂപത പാസ്റ്ററൽ സെന്റർ ഡയറക്ടറായും പ്രവർത്തിച്ചുവരവെയാണ് ഫാ. ബെന്നിയെ തേടി പുതിയ നിയോഗം എത്തുന്നത്.

More Archives >>

Page 1 of 857