News

ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള സഹായവുമായി പേപ്പല്‍ പ്രതിനിധി വീണ്ടും യുക്രൈനിൽ

പ്രവാചകശബ്ദം 29-06-2023 - Thursday

വത്തിക്കാന്‍ സിറ്റി: യുക്രൈൻ - റഷ്യ യുദ്ധത്തിന്റെ പരിണിതഫലമായി തകർന്ന അണക്കെട്ടു ദുരന്തത്തിൽ വേദനയനുഭവിക്കുന്നവർക്കു അവശ്യസാധനങ്ങളും, ഭക്ഷണവും മരുന്നുകളുമായി പാപ്പയുടെ ദാനധർമ്മങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി യുക്രൈനിൽ. ഇത് ആറാം തവണയാണ് ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക ഇടപെടലില്‍ കർദ്ദിനാൾ ക്രജേവ്‌സ്‌കി യുക്രൈനില്‍ സഹായവുമായി എത്തുന്നത്. 'സുവിശേഷ പര്യവേഷണം' എന്നാണ് കർദ്ദിനാൾ തന്റെ യാത്രകളെ വിശേഷിപ്പിച്ചത്. ഡേസയിലും, മൈക്കോളൈവിലും, ഖേഴ്‌സണിലും സന്ദർശനം നടത്തി, കർദ്ദിനാൾ പേപ്പല്‍ സഹായം കൈമാറും.

പരിശുദ്ധ പിതാവ് യുക്രൈനുവേണ്ടി പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലുമില്ലായെന്നു കർദ്ദിനാൾ ക്രജേവ്സ്കി പങ്കുവെച്ചു. പരിശുദ്ധ പിതാവിന്റെ നാമത്തിൽ ഈ ആളുകളോടൊപ്പം ആയിരിക്കാൻ ലഭിച്ച അവസരം അമൂല്യമാണെന്നും, എല്ലാവരുടെയും പ്രാർത്ഥന തുടർന്നും ഉണ്ടാകണമെന്നും കർദ്ദിനാൾ അനുസ്മരിച്ചു. തെക്കൻ യുക്രേനിയൻ നഗരത്തിൽ സ്ഥിതി ചെയ്യുന്ന കഖോവ്ക ജലവൈദ്യുത അണക്കെട്ട് നേരത്തെ യുദ്ധത്തിൽ നശിച്ചിരിന്നു. തത്ഫലമായി എൺപതിലധികം ഗ്രാമങ്ങളും പട്ടണങ്ങളും വെള്ളത്തിനടിയിലായി. കൂടാതെ 20,000 ഹെക്ടർ കൃഷി ഭൂമി നശിപ്പിക്കപ്പെടുകയും 150 ടണ്ണിലധികം പെട്രോൾ ഒഴുകിപ്പോവുകയും ചെയ്തിരിന്നു.

അതിദയനീയമായ ഈ സാഹചര്യത്തിലാണ് മരുന്നുകളും മറ്റു ഭക്ഷ്യവസ്തുക്കളുമായി കർദ്ദിനാൾ എത്തിചേര്‍ന്നിരിക്കുന്നത്. റഷ്യൻ ബോംബാക്രമണങ്ങൾക്കിടയിലും വിശ്വാസികളുടെ ശക്തമായ സാന്നിധ്യമുള്ള മൈക്കോളൈവ് ഇടവകയിലെ വികാരിയോടൊപ്പം ഏതാനും മണിക്കൂറുകളും കർദ്ദിനാൾ ചിലവഴിച്ചു. പാപ്പ നേരത്തെ സമ്മാനിച്ച ജപമാലകൾ കൈകളിലേന്തി നടത്തിയ വിശ്വാസികളുടെ പ്രാർത്ഥന ഒന്നുക്കൊണ്ട് മാത്രമാണ് ഈ ചെറുത്തുനിൽപ്പെന്ന് വികാരി കർദ്ദിനാളിനോട് പങ്കുവച്ചു.


Related Articles »