News - 2025

ടാൻസാനിയയിൽ വൈദികൻ കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 26-07-2023 - Wednesday

എംബുലു: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ എംബുലു രൂപതയിൽ സ്ഥിതിചെയ്യുന്ന ഔവർ ലേഡി ക്യൂൻ ഓഫ് അപ്പസ്തോലസ് ഇടവക ദേവാലയത്തിന്റെ വികാരിയായ വൈദികൻ കൊല്ലപ്പെട്ടു. ഫാ. പംഫീലി നാട എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. ജൂലൈ 19നു ലിയോനാർഡ് എന്ന വ്യക്തി, ഫാ. പംഫീലി തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേവാലയത്തിൽ എത്തുകയും ഭാരമുള്ള ഒരു ആയുധം കൊണ്ട് അദ്ദേഹത്തെ കൊലപ്പെടുത്തുകയുമായിരുന്നു.

ധീരതയോടെയാണ് ഫാ. പംഫീലി സേവനം ചെയ്തിരുന്നതെന്ന് ജൂലൈ ഇരുപതാം തീയതി രൂപതയുടെ മെത്രാൻ അന്തോണി ഗാസ്പെർ അനുശോചനം രേഖപ്പെടുത്തി. ദേവാലയത്തിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്നവർ ആദ്യം ലിയോനാർഡിനെ തടഞ്ഞിരുന്നെങ്കിലും, ഫാ. പംഫീലിയുടെ നിർദ്ദേശപ്രകാരം അയാളെ അകത്തേക്ക് കടത്തിവിടുകയായിരുന്നു. പിന്നാലെ സംഭവം അറിഞ്ഞ് പുറത്തുനിന്ന് എത്തിയ അക്രമാസക്തരായ ജനക്കൂട്ടം ലിയോനാർഡിനെ കൊലപ്പെടുത്തിയെന്ന് ദേശീയ മാധ്യമമായ അസം ടിവി റിപ്പോർട്ട് ചെയ്തു.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതു വഴിയാണ് ഫാ. പംഫീലി മരണമടഞ്ഞത്. അടിയുറച്ച വിശ്വാസത്തിനും, സമർപ്പണത്തിനും പേരുകേട്ട ആത്മീയ പിതാവ് ആയിരുന്നു ഫാ. പംഫീലി നാടയെന്ന് ബിഷപ്പ് ഗാസ്പെർ പറഞ്ഞു. തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ അദ്ദേഹത്തിന് ഉത്സാഹവും, ധീരതയും, പ്രതിബന്ധതയും ഉണ്ടായിരുന്നു. തങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന സേവനത്തിന്റെ ഒരു മനുഷ്യനായി അദ്ദേഹം അറിയപ്പെടുമെന്ന് , ബിഷപ്പ് തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വൈദികന്റെ മൃതസംസ്കാര ശുശ്രൂഷകൾ വെർജിൻ മേരി കത്തീഡ്രൽ ദേവാലയത്തിൽ നടത്തി.

More Archives >>

Page 1 of 865