India - 2025
ഭരണങ്ങാനം ഭക്തിസാന്ദ്രം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്ന്
പ്രവാചകശബ്ദം 28-07-2023 - Friday
ഭരണങ്ങാനം: അൽഫോൻസ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്ന് ആഘോഷിക്കും. ഇന്നു പുലർച്ചെ 4.45 മുതൽ രാത്രി 9.30വരെ തുടർച്ചയായി വിശുദ്ധ കുർബാനയുണ്ടായിരിക്കും. രാവിലെ ഏഴിന് മാർ ജോസഫ് പള്ളിക്കാപറമ്പിൽ നേർച്ചയപ്പം വെഞ്ചരിച്ചു. 10.30ന് ഇടവക ദേവാലയത്തിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 12ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപവും വഹിച്ചുള്ള തിരുനാൾ പ്രദക്ഷിണം നടക്കും.
അൽഫോൻസാമ്മ ജീവിച്ചു മരിച്ച ക്ലാരമഠത്തിലേക്ക് ഇന്നലെ നടന്ന ജപമാല റാലിയിൽ അനേകായിരങ്ങൾ പങ്കെടുത്തു. ഇരുനിരയായി വിശ്വാസികൾ അൽഫോൻസാ സ്തുതിഗീതങ്ങളുമായി നടന്നുനീങ്ങി. കൊടിതോരണങ്ങളും പേപ്പൽ പതാകകളുംകൊണ്ട് ദീപാലംകൃതമായ വീഥിയിലൂടെ തീർത്ഥാടന ദേവാലയത്തിനു മുന്നിലൂടെ മെയിൻ റോഡിലെത്തിയാണ് മഠത്തിലേക്കു പ്രദക്ഷിണം നീങ്ങിയത്. മഠത്തിലേക്ക് അൽഫോൻസാമ്മയുടെ തിരുസ്വരൂപം എത്തിയപ്പോൾ സന്യാനിസികൾ മെഴുകുതിരികളേന്തി സ്വീകരിച്ചു തുടർന്ന് പ്രാർത്ഥനകൾക്കു ശേഷം ഫാ. ബിജു കുന്നയ്ക്കാട്ട് സന്ദേശം നൽകി.