News

വിശുദ്ധ യൗസേപ്പിതാവിന്റെ നിര്‍മ്മല ഹൃദയം: ഫാ. കല്ലോവേയുടെ കോമിക് ബുക്ക് മെഗാഹിറ്റ്

പ്രവാചകശബ്ദം 29-07-2023 - Saturday

ന്യൂയോര്‍ക്ക്: ഓരോ പേജിലും വര്‍ണ്ണശബളമായ ഗ്രാഫിക്സും, വിവരണങ്ങളും, സംഭാഷണങ്ങളുമടങ്ങിയ വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ചുള്ള ഫാ. കല്ലോവേയുടെ പുതിയ കോമിക് ബുക്ക് മെഗാഹിറ്റ്. പുസ്തകത്തിന്റെ അച്ചടി ഇപ്പോഴും തുടരുകയാണെന്നു ‘നാഷ്ണല്‍ കാത്തലിക് രജിസ്റ്റര്‍’ന് നല്‍കിയ അഭിമുഖത്തില്‍ ഫാ. കാല്ലോവേ വെളിപ്പെടുത്തി. അപ്പനും, അമ്മയും അഞ്ചു കുട്ടികളും അടങ്ങിയ ഒരു കുടുംബം വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്നതിലൂടെയാണ് കോമിക് ബുക്കിന്റെ ആരംഭം. കത്തോലിക്കാ വിശ്വാസിയും ഗ്രാഫിക് ഡിസൈനറും, ആനിമേറ്ററുമായ സാം എസ്ട്രാഡയാണ് വിശുദ്ധ യൗസേപ്പിതാവും ചിരിക്കുന്ന ഉണ്ണിയേശുവുമുള്‍പ്പെടെ ഓരോ രംഗത്തിനും വേണ്ടിയുള്ള ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

വിശുദ്ധ യൗസേപ്പിതാവും മാതാവും തമ്മിലുള്ള വിവാഹ ദിനവും, വിശുദ്ധ യൗസേപ്പിതാവിനുള്ള അനുദിന സമര്‍പ്പണവും, ലുത്തീനിയ ഉള്‍പ്പെടെയുള്ള പ്രാര്‍ത്ഥനകളും ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ചുള്ള രണ്ടു പുസ്തകങ്ങള്‍ക്ക് ശേഷമുള്ള ഈ രചന കോമിക് ബുക്കാക്കുവാന്‍ തീരുമാനിച്ചതെന്തുകൊണ്ട്? എന്ന ചോദ്യത്തിന്, ഇല്ലുസ്ട്രേറ്ററായ സാം എസ്ട്രാഡ അവിശ്വസനീയനായ ഒരു കത്തോലിക്ക ചിത്രകാരനാണെന്നും, അദ്ദേഹത്തിന്റെ രണ്ടു പുസ്തകങ്ങളില്‍ തന്നെ ആകര്‍ഷിച്ചുവെന്നും, അതിനാല്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ ഒരു ബുക്ക് സൃഷ്ടിക്കുവാന്‍ തീരുമാനിക്കുകയായിരുന്നെന്നുമായിരുന്നു വൈദികന്റെ മറുപടി.

കൗമാരക്കാരെയും യുവജനങ്ങളെയും കലയുമായി അടുപ്പിക്കുകയെന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തെ കഥാപാത്രങ്ങളാക്കുവാനുള്ള തീരുമാനത്തേക്കുറിച്ചുള്ള ചോദ്യത്തിന്, സാം എസ്ട്രാഡയുടെ മുന്‍കാല പുസ്തകങ്ങളില്‍ നിന്നുമാണ് ദത്തെടുത്ത കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബം യൗസേപ്പിതാവിനെ കുറിച്ച് അറിയുവാന്‍ ആഗ്രഹിക്കുന്നതില്‍ നിന്നും കഥ തുടങ്ങുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും, അത് വിജയകരമാവുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുകയാണെന്നും, ആളുകള്‍ തപാല്‍ വഴിയും പുസ്തകം വാങ്ങിക്കുന്നുണ്ടെന്നും ഫാ. കല്ലോവേ വെളിപ്പെടുത്തി.

“ഇതൊരു വലിയ പുസ്തകമാണ്, അതിനാല്‍ മാതാപിതാക്കള്‍ വരെ കുട്ടികള്‍ക്കൊപ്പമിരുന്ന്‍ ഇത് വായിക്കുന്നുണ്ട്. ഗ്രാഫിക് നോവലുകള്‍ ഇന്ന് വളരെയേറെ ജനസമ്മതി ആര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ തലമുറ കാഴ്ചാനുഭവം നല്‍കുന്ന വായനയില്‍ കൂടുതല്‍ തല്‍പ്പരരാണ്. പ്രായമായവര്‍ വരെ ഈ പുസ്തകം ഇഷ്ടപ്പെടുന്നുണ്ടെന്നും ഫാ. കല്ലോവേ കൂട്ടിച്ചേര്‍ത്തു. വിശുദ്ധരായ തോമസ്‌ അക്വിനാസ്, ആവിലായിലെ അമ്മ ത്രേസ്യ, ആന്‍ഡ്രേ ബെസെറ്റ്, പയസ് പത്താമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ തുടങ്ങിയവരുടെ വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ചുള്ള സാക്ഷ്യങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഓര്‍മ്മയില്‍ തങ്ങി നില്‍ക്കാവുന്ന നിരവധി രംഗങ്ങളാണ് ഈ കോമിക് പുസ്തകത്തില്‍ ചിത്രീകരിച്ചിട്ടുള്ളത്. വിശുദ്ധ യൗസേപ്പിതാവിനോടുള്ള പുതിയൊരു മാധ്യസ്ഥ ഭക്തിക്ക് ഈ പുസ്തകം കാരണമാകുമെന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് ഫാ. കല്ലോവേയുടെ അഭിമുഖം അവസാനിക്കുന്നത്.

More Archives >>

Page 1 of 866