News - 2025

ലോക യുവജന സമ്മേളനത്തിന് ആദ്യമായി സീറോ മലബാർ സഭാപ്രതിനിധികളും

26-07-2023 - Wednesday

കാക്കനാട്: ഓഗസ്റ്റ് ഒന്നു മുതൽ ആറു വരെ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിൽ സീറോമലബാർസഭയുടെ യുവജനപ്രസ്ഥാനമായ എസ്.എം.വൈ.എമ്മിൽ നിന്നും ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കുന്നു. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിലിന്റെ ആത്മീയനേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ രൂപതകളിൽ നിന്നുമായി 16 പേർ ഡൽഹിയിൽ നിന്നും സമ്മേളന നഗരിയായ ലിസ്ബണിലേക്ക് യാത്ര തിരിച്ചു.

മാർപാപ്പ വിളിച്ചുചേർത്ത ആഗോള യുവജന സമ്മേളനത്തിന് മുന്നോടിയായി പോർച്ചുഗലിലെ ഗ്രാമ പ്രദേശമായ ബേജാ രൂപതയിൽ നടക്കുന്ന യുവജനങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയ പരിപാടിയായ 'ഡേയ്‌സ് ഇൻ ഡയോസിസ്' പരിപാടിയിലും സംഘം സംബന്ധിക്കുന്നുണ്ട്. ആറു ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടിക്ക് ശേഷം പരി. അമ്മയുടെ തീർത്ഥാടന കേന്ദ്രമായ ഫാത്തിമയും സന്ദർശിച്ചായിരിക്കും സംഘം ആഗോള യുവജന സമ്മേളനത്തിനായി ലിസ്ബണിൽ എത്തുക. എസ്.എം.വൈ.എമ്മിന്റെ ആഗോള യുവജനസംഗമവും ഈ പരിപാടിയോടൊപ്പം ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ രൂപതകളിൽ നിന്നുമായി പങ്കെടുക്കുന്ന വൈദീകരും യുവജനങ്ങളുമടങ്ങുന്ന സംഘത്തിന് എസ്.എം.വൈ.എം. ഗ്ലോബൽ ഡയറക്ടൽ റവ. ഫാ. ജേക്കബ് ചക്കാത്തറ, പ്രഥമ പ്രസിഡന്റ് സിജോ അമ്പാട്ട് എന്നിവരാണ് നേതൃത്വം നൽകുന്നത്. ലക്ഷക്കണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും.

More Archives >>

Page 1 of 865