News - 2025

പീഡിത ക്രൈസ്തവർക്ക് വേണ്ടി സമർപ്പിക്കപ്പെട്ട ദേവാലയം സ്വീഡനിൽ കൂദാശ ചെയ്തു

പ്രവാചകശബ്ദം 05-08-2023 - Saturday

സ്റ്റോക്ക്ഹോം: പീഡിത ക്രൈസ്തവർക്ക് വേണ്ടി പ്രത്യേകം സമർപ്പിച്ചിരിക്കുന്ന ആരാധനാലയം സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ കൂദാശ ചെയ്തു. ജൂലൈ 22നു സ്റ്റോക്ക്ഹോം ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആണ്ടേർസ് അർബോറേലിയൂസാണ് കൂദാശ കർമ്മത്തിന് നേതൃത്വം നൽകിയത്. കിസ്റ്റ എന്ന പേരിലുള്ള ഉത്തര സ്വീഡനിൽ സ്ഥിതിചെയ്യുന്ന ഹോളി മാർട്ടിർസ് സിറിയൻ കത്തോലിക്കാ ദേവാലയത്തിലായിരിന്നു കൂദാശ കർമ്മം. സിറിയൻ ഓർത്തഡോക്സ് വൈദികർ ഉൾപ്പെടെ ഇവിടെ നടന്ന സുറിയാനി കുർബാനയിൽ പങ്കെടുത്തു. തങ്ങളുടെ വിശ്വാസത്തിന്റെ വേരുകൾ മറന്ന മതേതര പാശ്ചാത്യ ലോകത്തിന് അഭയാർത്ഥികളുടെ വിശ്വാസ സാക്ഷ്യം വലുതാണെന്ന് ചടങ്ങിൽവെച്ച് കർദ്ദിനാൾ അർബോറേലിയൂസ് പറഞ്ഞു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്തെത്തിയ നിരവധി ക്രൈസ്തവർ ജീവിക്കുന്ന രാജ്യമാണ് സ്വീഡൻ. 2018ൽ തുടക്കം കുറിക്കപ്പെട്ട "മേരി, മദർ ഓഫ് പേർസിക്യൂട്ടഡ് ക്രിസ്ത്യൻസ്" എന്ന പേരിലുള്ള രൂപതകൾക്ക് വേണ്ടിയുള്ള ഒരു പദ്ധതിയുടെ ഭാഗമായിട്ട് സ്വീഡനിലെ ദേവാലയവും മാറി. ലെബനീസ് മെൽക്കൈറ്റ് സന്യാസിനിയായ സുരായോഗ ഹെറോ വരച്ച ഒരു ചിത്രം ഇവിടെ സ്ഥാപിക്കും. യേശുക്രിസ്തു സംസാരിച്ച അറമായ ഭാഷയിൽ "പീഡിതരുടെ അമ്മ" എന്ന വാചകം ചിത്രത്തിൽ എഴുതപ്പെട്ടിട്ടുണ്ട്.

2014ൽ പീഡിത ക്രൈസ്തവർക്ക് വേണ്ടി പ്രവർത്തിക്കാൻ ഫാ. ബെനഡിക്ട് കീലി എന്ന വൈദികൻ, നസറൈൻ. ഓർഗ് എന്നൊരു സംഘടന സ്ഥാപിച്ചിരുന്നു. വിശ്വാസത്തിന്റെ പേരിൽ മരണം പോലും മരിക്കേണ്ടി വരുന്ന സഹോദരങ്ങൾക്ക് വേണ്ടി പരിശുദ്ധ കന്യകാമറിയത്തിന് മുമ്പിൽ എല്ലാ രൂപതകളും മധ്യസ്ഥം തേടുന്നതിന് വേണ്ടി അദ്ദേഹമാണ്, മേരി മദർ ഓഫ് പേർസിക്യൂട്ടഡ് ക്രിസ്ത്യൻസ് പദ്ധതിക്ക് രൂപം നൽകുന്നത്.

എല്ലാത്തരത്തിലും സുരക്ഷിതത്വം അനുഭവിക്കുന്ന പാശ്ചാത്യ ക്രൈസ്തവർക്ക് ഒരു ദിവസം പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ പൗരസ്ത്യ ലോകത്തെ തങ്ങളുടെ സഹോദരങ്ങളിലേക്ക് തിരയേണ്ടിവരുമെന്നതിന്റെ മുന്നറിയിപ്പാണ് പ്രാർത്ഥനയുടെ ഈ പുതിയ കേന്ദ്രമെന്നു ബെനഡിക്ട് കീലി പറഞ്ഞിരിന്നു. പാശ്ചാത്യ ലോകത്തെ കൂടുതൽ ദേവാലയങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കാമെന്നുള്ള പ്രതീക്ഷയിലാണ് അദ്ദേഹം. തങ്ങളുടെ രൂപതകളിലും ഈ ആരാധനാ കേന്ദ്രം ആരംഭിക്കാൻ ആഗ്രഹമുള്ള മെത്രാന്മാർക്ക് തന്റെ സംഘടനയെ സമീപിക്കാമെന്നും ഫാ. ബെനഡിക്ട് കീലി അറിയിച്ചിട്ടുണ്ട്.

More Archives >>

Page 1 of 868