News

ലഹരിക്ക് അടിമപ്പെട്ട അനേകരെ ക്രിസ്തുവിലേക്ക് നയിച്ച മദർ എൽവീര നിത്യതയില്‍

പ്രവാചകശബ്ദം 07-08-2023 - Monday

റോം: ലഹരിക്ക് അടിമപ്പെട്ടവരുടെ മോചനത്തിനു വേണ്ടി ശക്തമായ ഇടപെടല്‍ നടത്തി ഏറെ ശ്രദ്ധ നേടിയ കത്തോലിക്ക സന്യാസിനി മദർ എൽവീര പെട്രോസി നിത്യതയില്‍. ഓഗസ്റ്റ് മൂന്നാം തീയതി ഇറ്റലിയിലെ സലൂസോയിൽവെച്ചായിരുന്നു അവരുടെ അന്ത്യം. ലഹരിക്ക് അടിമപ്പെട്ടവരുടെ മോചനത്തിനു വേണ്ടി 1983-ല്‍ സിസ്റ്റര്‍ ആരംഭിച്ച കമ്മ്യൂണിറ്റോ സെനാക്കോളോ എന്ന സ്ഥാപനത്തിന് ഇന്നു ഇരുപതോളം രാജ്യങ്ങളിൽ എഴുപത്തിരണ്ടോളം ശാഖകളാണുള്ളത്. പങ്കുവെക്കലിലൂടെയും, ജോലിയിലൂടെയും, പ്രാർത്ഥനയിലൂടെയും, അച്ചടക്കത്തിലൂടെയും ഒരു പുതുജീവൻ നൽകുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിറ്റോ സെനാക്കോളോ. മദർ എൽവീര ഇതിനെ "സ്കൂൾ ഓഫ് ലൈഫ്" എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

1973ൽ ഇറ്റലിയിലെ സോറയിൽ ജനിച്ച റീത്ത, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജിയന്ന ആൻടൈഡ് തോററ്റ് സന്യാസിനി സമൂഹത്തില്‍ പരിശീലനത്തിനു വേണ്ടി പ്രവേശിച്ച ഘട്ടത്തിലാണ് എൽവീര എന്ന പേര് സ്വീകരിച്ചത്. ഏകദേശം 27 വയസ്സ് പ്രായമുള്ള സമയത്താണ് ലഹരിക്ക് അടിമപ്പെട്ടവർക്ക് വേണ്ടി സേവനം ചെയ്യാൻ അവർക്ക് ആഗ്രഹം തോന്നുന്നത്. ദൈവത്തോടുള്ള സ്നേഹത്തിലും, കത്തോലിക്കാ വിശ്വാസത്തിലും അടിസ്ഥാനമിട്ടാണ് ഓരോ ചുവടും മദർ എൽവീര മുന്നോട്ടുവെച്ചത്. മദർ എൽവീര സ്ഥാപിച്ച കമ്മ്യൂണിറ്റോ സെനാക്കോളോയുടെ ഓരോ കേന്ദ്രങ്ങളിലും വിശുദ്ധ കുർബാന അർപ്പണവും ദിവ്യകാരുണ്യ ആരാധനയും, ജപമാല പ്രാർത്ഥനയും അനുദിനം നടക്കുന്നുണ്ട്. ഇവിടെയെല്ലാം വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തിക്കും പ്രാധാന്യം നൽകുന്നുണ്ട്.

താൻ പോലും അറിയാതെയാണ് ഇത് എല്ലാം നടന്നതെന്ന് ഒരിക്കൽ മദർ എൽവീര പ്രസ്ഥാനത്തിന്റെ വളർച്ചയെപ്പറ്റി പറഞ്ഞിരുന്നു. തന്റെ പ്രസ്ഥാനം പരിശുദ്ധാത്മാവിന്റെ പ്രവർത്തിയാണെന്നാണ് അവർ വിശ്വസിച്ചിരുന്നത്. അമേരിക്കയിലെ അലബാമ രൂപതയുടെ മുൻ മെത്രാൻ ആയിരുന്ന ബിഷപ്പ് റോബർട്ട് ബേക്കർ മദർ എൽവീരയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരിന്നു. ഇരുവരും ചേർന്ന് അമേരിക്കയിൽ നാല് ലഹരി വിമോചന കേന്ദ്രങ്ങളാണ് സ്ഥാപിച്ചത്. മദറിന്റെ അവസാന നാളുകളിൽ ബിഷപ്പ് ബേക്കർ അവരെ സന്ദർശിക്കാൻ അമേരിക്കയിൽ നിന്നും എത്തിയിരുന്നു. പ്രസ്ഥാനത്തിൻറെ നാല്പതാം വാർഷിക വേളയിൽ വിശുദ്ധ കുർബാന അർപ്പിച്ചതും അദ്ദേഹമായിരുന്നു.

മദർ എൽവീര എല്ലാം ചെയ്യുന്നതിനുവേണ്ടി ശക്തി സ്വീകരിച്ചിരുന്നത് വിശുദ്ധ കുർബാനയിൽ നിന്നായിരുന്നുവെന്നും ഓരോ കാര്യങ്ങൾ ചെയ്യുന്നതിനു വേണ്ടിയുള്ള ഉൾക്കാഴ്ച അവർക്ക് വേണ്ടി ലഭിച്ചിരിന്നുവെന്നും ബിഷപ്പ് ബേക്കർ അനുസ്മരിച്ചു. ഇക്കഴിഞ്ഞ ജൂലൈ പതിനാറാം തീയതിയിലെ തന്റെ ത്രികാല പ്രാർത്ഥനയിൽ വാർഷികത്തോട് അനുബന്ധിച്ച് കമ്മ്യൂണിറ്റോ സെനാക്കോളോയ്ക്കും, മദർ എൽവിരയ്ക്കും ഫ്രാൻസിസ് മാർപാപ്പ തന്റെ ആശീർവാദവും, അനുമോദനവും അറിയിച്ചിരിന്നു.

More Archives >>

Page 1 of 869