News - 2025

പതിവ് തെറ്റിക്കാതെ സാന്താ മരിയ ബസിലിക്കയില്‍ നന്ദിയര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 07-08-2023 - Monday

വത്തിക്കാന്‍ സിറ്റി; ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക യാത്രയുടെയും തുടക്കത്തിലും അവസാനത്തിലും പാരമ്പര്യം പോലെയായിരിക്കുന്ന മരിയ മജിയോരെ ബസിലിക്കയിലെ പ്രാര്‍ത്ഥന ഇത്തവണയും. ലിസ്ബണിലെ ആഗോള യുവജന സംഗമത്തിനു ശേഷം ഇന്നലെ റോമില്‍ എത്തിയ ഉടനെ സാന്താ മരിയ ബസിലിക്കയിലേക്ക് പോകുകയായിരിന്നു. ‘റോമൻ ജനതയുടെ സംരക്ഷക’ ( 'സാലുസ് പോപുലി റൊമാനി') എന്ന വിശേഷണത്തോടെ വണങ്ങുന്ന മരിയൻ തിരുരൂപം ഉള്‍പ്പെടുന്ന അൾത്താരയ്ക്ക് മുന്നില്‍ ഏതാനും സമയം മൗനമായി പ്രാർത്ഥിച്ചശേഷമാണ് പാപ്പ വാസസ്ഥലത്തേക്ക് മടങ്ങിയത്. തന്റെ അന്താരാഷ്ട്ര അപ്പസ്തോലിക സന്ദര്‍ശനത്തിന് മുന്‍പും ശേഷവും പാപ്പ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിക്കാറുണ്ട്.

2013 മാർച്ച് 14-ന് പത്രോസിന്റെ പിന്‍ഗാമിയായുള്ള ആദ്യ ദിവസം തന്നെ അദ്ദേഹം സന്ദർശിച്ച സ്ഥലമാണിത്. തന്റെ അപ്പസ്തോലിക യാത്രയ്ക്ക് മുന്‍പും ശേഷവും പാപ്പ ഇവിടെയെത്തി പ്രാര്‍ത്ഥിക്കാറുണ്ട്. റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമാണ് സാന്‍റ മരിയ മഗ്ഗിയോരെ അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍. എ‌ഡി 352ൽ പോപ്പ് ലിബേരിയുസിന്റെ ഭരണകാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്. വി. ലൂക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന സാലുസ് പോപ്പുലി റൊമാനി അഥവാ റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന മരിയൻ ചിത്രം ഏറെ പ്രസിദ്ധമാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി. ഹെലേനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്. യുവജന സംഗമത്തിന് പോകുന്നതിന് മുന്‍പ് പാപ്പ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിച്ചിരിന്നു.

വിവിധ ദേശക്കാരായ ഒരു ദശലക്ഷത്തിലധികം യുവജനങ്ങൾ ഒത്തുകൂടിയ പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലെ യുവജന സംഗമം ആവേശഭരിതമായിരിന്നു. ആഗസ്റ്റ് 2 ബുധനാഴ്ച ലിസ്ബണിൽ വിമാനമിറങ്ങിയ പാപ്പ ആദ്യ ദിവസം മുഴുവൻ അദ്ദേഹം രാജ്യത്തെ അധികാരികളുമായും വിശ്വാസികളുമായും വ്യത്യസ്ത കൂടിക്കാഴ്ചകൾ നടത്തി. ആഗസ്റ്റ് 3, വ്യാഴാഴ്ച യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച, ഉച്ചകഴിഞ്ഞ് എഡ്വേർഡോ VII പാർക്കിൽ നടന്ന സ്വാഗത പരിപാടി എന്നിവയില്‍ പങ്കെടുത്തു. യുവജനങ്ങളോട് യേശുവിനെ കണ്ടെത്താനാണ് അവിടെ അദ്ദേഹം ആഹ്വാനം ചെയ്തത്.

ഓഗസ്റ്റ് 4 വെള്ളിയാഴ്ച 3 യുവജനങ്ങളെ പാപ്പ കുമ്പസാരിപ്പിച്ചു. ഉച്ചകഴിഞ്ഞ്, പരിശുദ്ധ പിതാവും യുവജനങ്ങൾക്കൊപ്പം കുരിശിന്റെ വഴിയില്‍ പങ്കെടുത്തു, ഇതോടൊപ്പം നിരവധി സാക്ഷ്യങ്ങളും പങ്കുവെച്ചു. ആഗസ്ത് 5-ാം തിയതി ശനിയാഴ്‌ച രാവിലെ ഹെലികോപ്റ്ററിൽ ഫാത്തിമയില്‍ എത്തിയ പാപ്പ, രോഗികൾക്കും അംഗവൈകല്യമുള്ളവർക്കും ഒപ്പം ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. ഇന്നലെ ഓഗസ്റ്റ് 6 ഞായറാഴ്ച അര്‍പ്പിച്ച ദിവ്യബലിയോടെയാണ് പാപ്പയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിന് ഔദ്യോഗിക പരിസമാപ്തിയായത്.

More Archives >>

Page 1 of 869