News - 2025

വിദ്വേഷം കുരിശിനോട്: ചൈനീസ് ഭരണകൂടം ദേവാലയങ്ങളിലെ കുരിശ് തകര്‍ക്കല്‍ പുനഃരാരംഭിക്കുന്നു

പ്രവാചകശബ്ദം 11-08-2023 - Friday

ബെയ്ജിംഗ്: ചൈനയിലെ ഷെജാങ്ങ്‌ പ്രവിശ്യയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളിലെ കുരിശുകള്‍ നീക്കം ചെയ്യുന്നത് പുനഃരാരംഭിക്കുവാന്‍ രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പദ്ധതിയിടുന്നതില്‍ ദുഃഖം പ്രകടിപ്പിച്ച് ക്രൈസ്തവര്‍. ഇരുപത് ലക്ഷം പ്രൊട്ടസ്റ്റന്റ് വിശ്വാസികളും 2,00,000 കത്തോലിക്കരുമുള്ള ഷെജാങ്ങ്‌ പ്രവിശ്യയില്‍ 2014 മുതല്‍ നൂറുകണക്കിന് കുരിശുകളാണ് സര്‍ക്കാര്‍ തകര്‍ത്തത്. ഷെജാങ്ങിലെ ഡോങ്ങ്‌കിയാവോ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശ് നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിര്‍ബന്ധപൂര്‍വ്വം നീക്കം ചെയ്യുമെന്നും അറിയിച്ച് ഓഗസ്റ്റ് 3ന് അധികാരികളില്‍ നിന്നും ദേവാലയാധികൃതര്‍ക്ക് നോട്ടീസ് ലഭിച്ചതാണ് ക്രിസ്ത്യാനികളെ ആശങ്കയിലാഴ്ത്തുന്നത്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്തുകൊണ്ടുവരുന്ന ‘ചൈന എയിഡ്’ ഓഗസ്റ്റ് 8നു പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അവതരിപ്പിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ നോട്ടീസ് ലഭിച്ചതിന് ശേഷം ഇക്കാര്യത്തില്‍ എല്ലാവരുടെയും പ്രാര്‍ത്ഥന സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ദേവാലയം പൊതു അഭ്യര്‍ത്ഥന പുറത്തുവിട്ടിട്ടുണ്ട്. ഇതിനിടെ ഷാന്‍ക്സി പട്ടണം, യോങ്ങ്ജിയാ കൗണ്ടി, ലുച്ചെങ്ങ് ജില്ല എന്നിവിടങ്ങളില്‍ ദേവാലയങ്ങളിലെ കുരിശുകളും ക്രിസ്തീയ വചനങ്ങളും നീക്കം ചെയ്യുവാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ, ദേവാലയങ്ങളുടെ ഭിത്തികളില്‍ തൂക്കിയിരിക്കുന്ന ‘ഇമ്മാനുവല്‍’, ‘യേശു’, ‘ക്രിസ്തു’, ‘യഹോവ’ എന്നീ വാക്കുകളും, ചിത്രങ്ങളും ഉള്‍കൊള്ളുന്ന ചെമ്പ് ഫലകങ്ങളും നീക്കം ചെയ്യുവാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഷി ജിന്‍പിങ് ചൈനയുടെ പ്രസിഡന്റായ ശേഷം ഷെജാങ്ങിലെ ക്രിസ്ത്യാനികള്‍ കടുത്ത മതപീഡനമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നു മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2014-നും 2016-നും ഇടയില്‍ ഏതാണ്ട് ആയിരത്തിയഞ്ഞൂറിലധികം ദേവാലയങ്ങളെയാണ് സര്‍ക്കാരിന്റെ കുരിശ് തകര്‍ക്കല്‍ ബാധിച്ചത്.

‘കിഴക്കിന്റെ ജെറുസലേം’ എന്ന് വിളിക്കപ്പെടുന്ന വെന്‍ഷു നഗരത്തിലെ സാന്ജിയാങ്ങ് ദേവാലയത്തിലെ കുരിശ് പ്രാദേശിക അധികാരികള്‍ ബലം പ്രയോഗിച്ച് നീക്കം ചെയ്തത് നേരത്തെ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ക്രൈസ്തവ വിശ്വാസം അതിവേഗം വ്യാപിക്കുന്ന രാജ്യമാണ് ചൈന. ഈ പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ് നിരീശ്വര അജണ്ടയുടെ ഭാഗമായി 2013 മുതലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുരിശു തകര്‍ക്കല്‍ പദ്ധതി ആരംഭിച്ചത്. 2018-ല്‍ വലിയ തോതിലുള്ള കുരിശ് തകര്‍ക്കലിനാണ് ഹെനാന്‍ പ്രവിശ്യയിലെ ക്രിസ്ത്യാനികള്‍ സാക്ഷ്യം വഹിച്ചത്. പ്രവിശ്യയിലെ ദേവാലയങ്ങളിലെ ബൈബിളുകള്‍ കത്തിച്ചതിന്റെയും വിശുദ്ധ രൂപങ്ങള്‍ നീക്കം ചെയ്തതിന്റെയും ചിത്രങ്ങള്‍ സഹിതം വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളെക്കുറിച്ച് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഓപ്പണ്‍ഡോഴ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പതിനാറാമതാണ് ചൈനയുടെ സ്ഥാനം.

Tag: China's plan to resume cross demolitions worries Christians, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 870