News - 2025

നിക്കരാഗ്വേ ഭരണകൂടത്തിന്റെ കത്തോലിക്ക വിരുദ്ധ ഇടപെടലില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക

പ്രവാചകശബ്ദം 18-08-2023 - Friday

വാഷിംഗ്ടണ്‍ ഡി‌.സി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയില്‍ ജെസ്യൂട്ട് സന്യാസ സമൂഹം നടത്തുന്ന സര്‍വ്വകലാശാലക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതിലും ബിഷപ്പ് അല്‍വാരെസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാത്തതിലും വീണ്ടും ആശങ്ക പ്രകടിപ്പിച്ച് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്. നിക്കരാഗ്വേയിലെ അക്കാദമിക് മികവിന്റെയും സ്വതന്ത്ര അന്വേഷണത്തിന്റെയും ഭാവിയിലേക്കുള്ള പ്രതീക്ഷയുടെ പ്രധാന കേന്ദ്രമായ അമേരിക്കയിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് നേരെയുള്ള അതിക്രമം ജനാധിപത്യ മാനദണ്ഡങ്ങളുടെ ശോഷണത്തെയാണ് എടുത്തുക്കാണിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.

നിക്കരാഗ്വേ ഭരിക്കുന്ന ഒര്‍ട്ടേഗയും മുറില്ലോയും സ്വേച്ഛാധിപത്യം തുടര്‍ന്നു എല്ലാ സ്വതന്ത്ര സ്ഥാപനങ്ങളെയും തുരങ്കം വയ്ക്കുന്നുവെന്നതിന്റെ മറ്റൊരു സൂചനയാണ് ഈ തീരുമാനം. അവർക്ക് ചിന്താ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ കഴിയില്ല, മതപരമായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേലുള്ള ഭരണകൂടത്തിന്റെ തുടർച്ചയായ അടിച്ചമർത്തലിനെ അമേരിക്ക അപലപിക്കുകയാണ്. ബിഷപ്പ് അൽവാരെസ് ഉൾപ്പെടെ നിക്കരാഗ്വേയിൽ തടവിലാക്കപ്പെട്ട നിരപരാധികളെ നിരുപാധികം ഉടൻ മോചിപ്പിക്കാൻ ആവശ്യപ്പെടുകയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധി പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം ജെസ്യൂട്ട് സന്യാസ സമൂഹം നടത്തുന്ന സെൻട്രൽ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ (യുസിഎ) എല്ലാ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയത്. ഭീകരവാദം എന്ന യാതൊരു യുക്തിയുമില്ലാത്ത ആരോപണം ഉന്നയിച്ചാണ് യൂണിവേഴ്സിറ്റിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. യൂണിവേഴ്‌സിറ്റിക്കെതിരായ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നു ജെസ്യൂട്ട് സമൂഹത്തിന്റെ സെൻട്രൽ അമേരിക്കൻ പ്രോവിൻസ് വ്യക്തമാക്കി.

ജനാധിപത്യ വിരുദ്ധ ഇടപെടലും ഏകാധിപത്യവും പൗരന്മാരുടെ ജീവിതം ദുസ്സഹമാക്കിയതിനെ തുടര്‍ന്നു കത്തോലിക്ക സഭ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരിന്നു. ഇതാണ് ഒര്‍ട്ടേഗ ഭരണകൂടത്തെ ചൊടിപ്പിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരിന്ന വിവിധ റേഡിയോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയും സന്യാസ സമൂഹങ്ങളെ രാജ്യത്തു നിന്നു പുറത്താക്കിയും തിരുനാള്‍ പ്രദക്ഷിണങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയും സഭക്ക് നേരെയുള്ള ഭരണകൂടത്തിന്റെ പോരാട്ടം തുടരുകയാണ്. സ്വേച്ഛാധിപത്യത്തിനെതിരെ ഏറ്റവും വിമര്‍ശനം ഉന്നയിച്ച ബിഷപ്പ് അല്‍വാരെസിനു 26 വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

More Archives >>

Page 1 of 873