News - 2025
നാളെ നിര്‍ണ്ണായക ദിനം; പ്രാര്‍ത്ഥനയോടെ കേരള കത്തോലിക്ക സഭ
പ്രവാചകശബ്ദം 19-08-2023 - Saturday
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികര്‍ നാളെ ഞായറാഴ്ച മുതല്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്നു ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ അന്ത്യശാസനം നല്‍കിയ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയോടെ കേരള സഭ. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വത്തിക്കാൻ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവിനോടുള്ള ഏതൊരു അനുസരണക്കേടും പരിശുദ്ധ പിതാവിനോടുള്ള സ്വമേധയാ ഉള്ളതും വ്യക്തിപരവും കുറ്റകരവുമായ അനുസരണക്കേടായി കണക്കാക്കുമെന്നും അതിനാൽ, ഈ നിർദ്ദേശം പാലിക്കാത്തത് കൂടുതൽ അച്ചടക്ക നടപടികളെ ക്ഷണിച്ചുവരുത്തുമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍ വ്യക്തമാക്കിയിരിന്നു.
നാളെ വിശുദ്ധ കുർബാന അർപ്പണത്തിന് തടസ്സം നേരിട്ടാൽ സിനഡൽ തീരുമാനപ്രകാരമുള്ള വിശുദ്ധ കുർബാന അര്‍പ്പിക്കുവാന്‍ കഴിയുന്നതു വരെ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കരുതെന്നും കര്‍ശനമായി പേപ്പല്‍ ഡെലിഗേറ്റ് അറിയിച്ചിട്ടുണ്ട്. 2022 മാർച്ച് 25-ന്, എറണാകുളം-അങ്കമാലി അതിരൂപതയിലെ ദൈവജനത്തെ അഭിസംബോധന ചെയ്‌ത പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നല്‍കിയ കത്ത് അതിരൂപതയിലെ എല്ലാ ഇടവകകളിലെയും എല്ലാ ആരാധനാ ചടങ്ങുകളിലും, നാളെ ഞായറാഴ്ച വായിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തന്റെ ഉത്തരവിനോടുള്ള ഏതൊരു അനുസരണക്കേടും ദൈവജനങ്ങളുമായി ആശയവിനിമയം നടത്താനുള്ള പരിശുദ്ധ പിതാവിന്റെ അവകാശത്തെ തടസ്സപ്പെടുത്തുന്ന ഒരു പ്രവൃത്തിയാണെന്നും ഇത് പരിശുദ്ധ പിതാവിനെതിരായ ഗുരുതരമായ കുറ്റമായി കണക്കാക്കി തുടർന്നുള്ള കാനോനിക്കൽ ശിക്ഷാ നടപടിയിലേക്ക് നയിക്കുമെന്നും പേപ്പല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ അറിയിച്ചിട്ടുണ്ട്.
പേപ്പല്‍ ഡെലിഗേറ്റിന്റെ നിര്‍ദ്ദേശം നടപ്പാക്കിയില്ലെങ്കില്‍ തിരുസഭയുടെ പരമാദ്ധ്യക്ഷനായ മാര്‍പാപ്പയുടെ തീരുമാനത്തെ തള്ളിക്കളയുന്നതിന് തുല്യമാകുന്നതിനാല്‍ എറണാകുളം - അങ്കമാലി അതിരൂപതയിലെ നിര്‍ണ്ണായക ദിനമായാണ് നാളത്തെ ദിവസത്തെ പൊതുവേ നോക്കികാണുന്നത്. വീഴ്ച സംഭവിച്ചാല്‍ പൗരസ്ത്യ സഭകളുടെ കാനോൻ കോഡിൽ (c. 1438) നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം നടപടിയാണ് സ്വീകരിക്കുക. അതേസമയം അതിരൂപതയിലെ വൈദികരും വിശ്വാസികളും തിരുസഭയ്ക്ക് വിധേയപ്പെടാന്‍ വിവിധയിടങ്ങളില്‍ പ്രാര്‍ത്ഥന തുടരുകയാണ്.