News - 2025

ഡല്‍ഹിയില്‍ ക്രൈസ്തവരുടെ പ്രാര്‍ത്ഥന തടഞ്ഞ് ബജ്രംഗ്ദള്‍; ബൈബിള്‍ നശിപ്പിക്കുവാന്‍ ശ്രമിച്ചും 'ജയ് ശ്രീറാം' മുഴക്കിയും ഭീഷണി

പ്രവാചകശബ്ദം 23-08-2023 - Wednesday

ന്യൂഡല്‍ഹി: രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയില്‍ ക്രൈസ്തവര്‍ നടത്തിയ പ്രാര്‍ത്ഥനാ കൂട്ടായ്മക്കെതിരെ ആയുധധാരികളായ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം. ആക്രമണത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റതായി യു.സി.എ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 20-ന് കിഴക്കന്‍ ഡല്‍ഹിയിലെ താഹിര്‍പൂര്‍ മേഖലയിലെ സിയോന്‍ പ്രാര്‍ത്ഥനാ ഭവനത്തില്‍ നടന്ന പ്രാര്‍ത്ഥനാകൂട്ടായ്മക്കു നേരെയാണ് ആക്രമണം നടന്നത്. ഏതാണ്ട് നൂറോളം വരുന്ന ആയുധധാരികളായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ “ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റും'', ''ജയ് ശ്രീ റാം” തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കിക്കൊണ്ട് പ്രൊട്ടസ്റ്റന്‍റ് കൂട്ടായ്മയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

അക്രമികള്‍ യേശുവിന്റെ ചിത്രങ്ങൾ നശിപ്പിക്കുകയും ബൈബിൾ കീറിക്കളയാൻ ശ്രമം നടത്തിയെന്നും വചനപ്രഘോഷകനായ സത്പാല്‍ ഭട്ടി പറഞ്ഞു. യാതൊരു പ്രശ്നവും കൂടാതെ കഴിഞ്ഞ 13 വര്‍ഷങ്ങളായി സത്പാല്‍ ഭട്ടി നടത്തിവരുന്ന ഭവനദേവാലയമാണ് സിയോന്‍ പ്രാര്‍ത്ഥനാഭവന്‍. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ താനും സഞ്ചയ് മക്ഗീ എന്ന തന്റെ സഹപ്രവര്‍ത്തകനും കൂടിയാണ് പരിക്കേറ്റ മൂന്ന്‍ സ്ത്രീകളെ ആശുപത്രിയില്‍ എത്തിച്ചതെന്നു ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും ഉത്തര്‍പ്രദേശില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂണിറ്റി ഇന്‍ കംപാഷന്‍ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ മീനാക്ഷി സിംഗ് ‘യു.സി.എ ന്യൂസ്’നോട് പറഞ്ഞു.

പോലീസ് സിസിടിവി ഫുട്ടേജ് പരിശോധിച്ചു വരികയാണ്. അവര്‍ തങ്ങളുടെ ഉത്തരവാദിത്തം ആത്മാര്‍ത്ഥതയോടെ നിറവേറ്റുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും മീനാക്ഷി പറഞ്ഞു. പരാതി കൊടുക്കുന്ന സമയത്ത് പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഏതാണ്ട് അഞ്ഞൂറോളം ആളുകള്‍ തടിച്ചു കൂടി ഹിന്ദു മുദ്രാവാക്യങ്ങള്‍ മുഴക്കിയ കാര്യം ചൂണ്ടിക്കാട്ടിയ മീനാക്ഷി, പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുവാന്‍ രോഷാകുലരായ ജനകൂട്ടത്തെ അനുവദിച്ചതിനാല്‍ ഡല്‍ഹിയില്‍ കൂടുതല്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

രാജ്യവും നിയമങ്ങളും മാറിയെന്നും പറഞ്ഞുകൊണ്ട് ഭവന ദേവാലയത്തില്‍ പ്രവേശിച്ച ഹിന്ദുത്വവാദികള്‍, കൈയിലുണ്ടായിരുന്ന ദണ്ഡുകള്‍കൊണ്ട് ക്രിസ്ത്യാനികളെ മര്‍ദ്ദിക്കുകയായിരുന്നുവെന്നു സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായ ശിവം പറഞ്ഞു. ശിവത്തിന്റെ സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. ക്രൈസ്തവര്‍ മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയാണെന്നും അത് തങ്ങള്‍ സമ്മതിക്കില്ലെന്നുമാണ് ബജ്രംഗ്ദള്‍ ഭീഷണി മുഴക്കിയത്. വാളുകളും, ദണ്ഡുകളുമായെത്തിയ ഹിന്ദുത്വവാദികള്‍ വിശ്വാസികളെ മര്‍ദ്ദിച്ചതിന് പുറമേ, ബൈബിള്‍ പ്രതികള്‍ നശിപ്പിക്കാന്‍ ശ്രമം നടത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2014-ല്‍ നരേന്ദ്ര മോദിയുടെ കീഴില്‍ ബി‌ജെ‌പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം ശക്തമായിരിക്കുകയാണ്.

More Archives >>

Page 1 of 874