News - 2025

ഇന്ന് പ്രത്യേക പ്രാര്‍ത്ഥനാ ദിനമായി പ്രഖ്യാപിച്ച് പാക്ക് കത്തോലിക്ക സഭ

പ്രവാചകശബ്ദം 20-08-2023 - Sunday

ലാഹോര്‍: പാക്കിസ്ഥാനിലെ ഫൈസലാബാദിന് സമീപമുള്ള ജരന്‍വാലായില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 16-ന് നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നു പ്രത്യേക പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ പാക്ക് കത്തോലിക്കാ സഭ. മതസൗഹാര്‍ദ്ദത്തിനും, സമാധാനത്തിനും വേണ്ടിയും എല്ലാത്തരം വിദ്വേഷങ്ങളോടും അക്രമങ്ങളോടും ‘നോ’ പറയുന്നതിനും വേണ്ടിയും ക്രൈസ്തവരും മുസ്ലീങ്ങളും ഉള്‍പ്പെടെ ഒരുമയോടെ കഴിയുന്നതിനും സമാധാനപരവും, പൗരന്‍മാരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നതിന് വേണ്ടിയും ഇന്നു ഓഗസ്റ്റ് 20 ഞായറാഴ്ച പ്രാര്‍ത്ഥിക്കണമെന്ന് പാക്ക് കത്തോലിക്ക മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു.

ശുചീകരണ തൊഴിലാളിയായ സലിം മാസി എന്ന ക്രൈസ്തവന്‍ ഖുറാനെ നിന്ദിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ജരന്‍വാലായില്‍ അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. മതനിന്ദാപരമായ പ്രസ്താവനകള്‍ എഴുതിയ ഖുറാന്റെ ചില പേജുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‍ സലിം ആണ് അത് ചെയ്തതെന്നും പറഞ്ഞ് മുസ്ലീങ്ങള്‍ ക്രൈസ്തവരുടെ ദേവാലയങ്ങള്‍ക്കും, വീടുകള്‍ക്കുമെതിരെ അക്രമം അഴിച്ചു വിടുകയായിരിന്നു. ഒരു കത്തോലിക്കാ ദേവാലയം ഉള്‍പ്പെടെ 20 ക്രൈസ്തവ ആരാധനാലയങ്ങളും, എണ്‍പതിലധികം ക്രൈസ്തവ ഭവനങ്ങളും ആക്രമിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. മൂന്ന്‍ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

രോഷാകുലരായ ജനക്കൂട്ടം ദേവാലയത്തില്‍ അതിക്രമിച്ച് കയറുകയും, മതബോധകനെ മര്‍ദ്ദിക്കുകയും ദേവാലയത്തിന് തീകൊളുത്തുകയും ചെയ്തുവെന്ന് സെന്റ്‌ പോള്‍ കത്തോലിക്കാ ദേവാലയ വികാരിയായ ഫാ. ഖാലിസ് മുക്താര്‍ വെളിപ്പെടുത്തിയിരിന്നു. തൊട്ടടുത്ത ദിവസം മേഖലയിലെ സമാധാനം പുനസ്ഥാപിക്കുന്നതിനായി പോലീസിനെ വിന്യസിപ്പിക്കുകയുണ്ടായി. സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. ഒരു നല്ല സമൂഹം കെട്ടിപ്പടക്കുന്നതിനായി നീതിയും ന്യായവും പുനഃസ്ഥാപിക്കപ്പെടുമെന്നാണ് തന്റെ പ്രതീക്ഷയെന്നു പാക്കിസ്ഥാന്‍ മെത്രാന്‍സമിതിയുടെ പ്രസിഡന്റും റാവല്‍ പിണ്ടി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മോണ്‍. ജോസഫ് അര്‍സാദ് പറഞ്ഞു. ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായ അക്രമത്തെ അപലപിച്ചു നിരവധി പ്രമുഖരും രംഗത്തുവന്നിട്ടുണ്ട്.


Related Articles »