News

പ്രോലൈഫ്, പ്രോ ഫാമിലി, പ്രോ ഫ്രീഡം: ബൈബിള്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായ യു‌എസ് ഓണ്‍ലൈന്‍ കമ്പനി വിജയവഴിയില്‍

പ്രവാചകശബ്ദം 21-08-2023 - Monday

വാഷിംഗ്ടണ്‍ ഡി‌സി: ബൈബിള്‍ മൂല്യാധിഷ്ഠിതമായ കച്ചവടങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ ‘പബ്ലിക്എസ്ക്യു.’ അമേരിക്കയില്‍ വിജയഗാഥ രചിക്കുന്നു. മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിതമായ കമ്പനി അടുത്ത വര്‍ഷത്തോടെ ലാഭം കൊയ്തു തുടങ്ങുമെന്നു കമ്പനിയുടെ ‘സി.ഇ.ഒ’യും സ്ഥാപകനുമായ മൈക്കേല്‍ സെയിഫാര്‍ട്ട് 'കാത്തലിക് ന്യൂസ് ഏജന്‍സി’ (സി.എന്‍.എ) ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദൈവത്തോടുള്ള സ്നേഹവും, ഭക്തിയുമാണ് ഇത്തരമൊരു വിജയത്തിന്റെ പിന്നിലെ കാരണമായി സെയിഫാര്‍ട്ട് ചൂണ്ടിക്കാട്ടിയത്.

'പ്രോലൈഫ്, പ്രോഫാമിലി, പ്രോഫ്രീഡം’ എന്ന മുദ്രാവാക്യവുമായി ചെറുകിട, ഇടത്തര കച്ചവടങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ മൊബൈല്‍ ആപ്പിലൂടെയും, വെബ്സൈറ്റിലൂടെയും നല്‍കുന്ന സ്ഥാപനമാണ്‌ ‘പബ്ലിക്എസ്ക്യു.’. കത്തോലിക്ക വിശ്വാസത്തിനും ധാര്‍മ്മിക പ്രമാണങ്ങള്‍ക്കും നിരക്കാത്ത ഭ്രൂണഹത്യ, സ്വവര്‍ഗ്ഗാനുരാഗം പോലെയുള്ള ആശയങ്ങളെ എതിര്‍ക്കുന്ന കമ്പനികളില്‍ നിന്നു മാത്രം സാധനങ്ങള്‍ വാങ്ങുവാന്‍ തയ്യാറായിട്ടുള്ള 14 ലക്ഷത്തോളം വരുന്ന ഉപഭോക്തൃ ശൃംഖലയാണ് ‘പബ്ലിക്എസ്ക്യു’ന്റെ മുതല്‍ക്കൂട്ട്.

ആമസോണ്‍, ഏറ്റ്സി പോലെയുള്ള കമ്പനികളുമായി മത്സരിച്ചാണ് പബ്ലിക്എസ്ക്യു ഈ നേട്ടം കൈവരിച്ചത്. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി തുടക്കത്തില്‍ തന്നെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 272%വും, കച്ചവടത്തിന്റെ കാര്യത്തില്‍ 98%വും വളര്‍ച്ചയും കാഴ്ചവച്ചു.

താന്‍ ഇത്തരം മൂല്യങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും കാരണം അവ വരുന്നത് ‘വഴിയും സത്യവും ജീവനുമായ’ യേശു ക്രിസ്തുവില്‍ നിന്നുമാണെന്നു സെയിഫാര്‍ട്ട് അഭിമുഖത്തില്‍ പറഞ്ഞു. ‘വാണീജ്യത്തില്‍ ദൈവീക മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുക’ എന്നതിലാണ് തനിക്ക് താല്‍പര്യം. ക്രിസ്തീയവും, ബൈബിള്‍ അധിഷ്ഠിതമായ മൂല്യങ്ങളെ നിരാകരിക്കുക വഴി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഏതാണ്ട് 10 കോടി അമേരിക്കക്കാരെ പിറകിലാക്കിയെന്നും, അത്തരം കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സമാന്തരമായ ക്രിസ്തീയ മൂല്യാധിഷ്ഠിതമായ മറ്റൊരു സാമ്പത്തിക ക്രമം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമൂഹ മാധ്യമമായ ട്വിറ്ററിനേക്കാളും വേഗത്തിലാണ് പബ്ലിക്എസ്ക്യു ആദ്യ 10 ലക്ഷം ഉപയോക്താക്കള്‍ എന്ന നേട്ടം കൈവരിച്ചത്. തങ്ങളുടെ ഈ യാത്രയെ ദൈവം അനുഗ്രഹിച്ചില്ലായിരുന്നുവെങ്കില്‍ ഒരിഞ്ചുപോലും വളരുവാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് സെയിഫാര്‍ട്ട് തന്റെ അഭിമുഖം അവസാനിപ്പിച്ചത്. 2021-ല്‍ സ്ഥാപിതമായ കമ്പനിക്ക് ഇതിനോടകം അമേരിക്കയിലെ അന്‍പതോളം സംസ്ഥാനങ്ങളിലായി 65,000-ത്തോളം കച്ചവട ശൃംഖലകള്‍ ഓണ്‍ലൈനിലൂടെ സ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

Tag: Biblical values-based marketplace PublicSq. set to become profitable in 2024, Michael Seifert, founder and CEO of PublicSq. Pakistan Christian malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 874