News - 2024

പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബ്രിട്ടനില്‍ സമാധാന റാലി

പ്രവാചകശബ്ദം 23-08-2023 - Wednesday

ലണ്ടൻ: പാക്കിസ്ഥാനിലെ ജരന്‍വാലയില്‍ നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബ്രിട്ടനില്‍ സമാധാന റാലി. മാഞ്ചസ്റ്റർ കോൺസുലേറ്റിന് പുറത്ത് നടന്ന സമാധാന റാലിയില്‍ ഇംഗ്ലണ്ടിന്റെ വിവിധയിടങ്ങളിൽ താമസിക്കുന്ന പാക്കിസ്ഥാനി ക്രൈസ്തവര്‍ പങ്കെടുത്തു. പാക്കിസ്ഥാനിൽ ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന ക്രൂരമായ പീഡനങ്ങളിൽ തങ്ങളുടെ ദുഃഖവും ആശങ്കയും പ്രകടിപ്പിച്ച് നൂറ്റിഅന്‍പതോളം ആളുകളാണ് ധര്‍ണ്ണയില്‍ പങ്കുചേര്‍ന്നത്. കോൺസുലേറ്റിന് പുറത്ത് ഓരോരുത്തരും സംയുക്ത നിവേദനത്തിൽ ഒപ്പുവെച്ചു. ജരൻവാലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ക്രൈസ്തവരുടെ സംരക്ഷണം ആവശ്യപ്പെട്ടും കൊണ്ടുള്ള നിവേദനം കോൺസുലർ ജനറൽ മുഹമ്മദ് താരിഖ് വസീറിന് സമർപ്പിച്ചു.

സ്തുതി ഗീതങ്ങളുടെയും പ്രാർത്ഥനകളുടെയും അകമ്പടിയോടെയാണ് പരിപാടി ആരംഭിച്ചത്. ബ്രിട്ടീഷ് ഏഷ്യൻ ക്രിസ്ത്യൻ അസോസിയേഷന്റെ (BACA) പ്രതിനിധി വിന്നി മസിഹ് റാലിയില്‍ മുഖ്യപ്രഭാഷണം നടത്തി. തങ്ങൾക്ക് പുതിയ നിയമങ്ങൾ ആവശ്യമില്ലായെന്നും ഇത്തരം അക്രമങ്ങൾ നടത്തുന്നവർക്കെതിരെ പാക്കിസ്ഥാൻ സർക്കാർ ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടതെന്നും വിന്നി മസിഹ് പറഞ്ഞു. മുസ്ലീം ജനക്കൂട്ടം ക്രിസ്ത്യൻ വീടുകളും പള്ളികളും കത്തിക്കുമ്പോഴും പോലീസ് ഉദ്യോഗസ്ഥർ നിഷ്ക്രിയമായി നില്‍ക്കുകയായിരിന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം സമാധാനപരമായി നടന്ന റാലി പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾക്ക് സുരക്ഷ ഒരുക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ ഉയരുന്ന ശബ്ദമായാണ് നിരീക്ഷിക്കപ്പെടുന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മതനിന്ദ ആരോപിച്ച് പഞ്ചാബ് പ്രവിശ്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണ പരമ്പര അരങ്ങേറിയത്. വിവിധ ആക്രമണങ്ങളില്‍ ഇരുപതോളം ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. നൂറുകണക്കിന് ക്രിസ്ത്യൻ ഭവനങ്ങൾ നശിപ്പിക്കപ്പെട്ടു. അക്രമവും ഭീഷണിയും മൂലം സര്‍വ്വതും ഉപേക്ഷിച്ച് ആയിരക്കണക്കിന് ക്രിസ്ത്യാനികളാണ് പ്രദേശത്ത് നിന്നും പലായനം ചെയ്തത്. ഇവരില്‍ ചിലര്‍ തിരികെ മടങ്ങിയെത്തിയിട്ടുണ്ടെങ്കിലും നിരവധി പേര്‍ ഭീഷണി ഭയന്നു മടങ്ങാന്‍ കൂട്ടാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം തകര്‍ന്ന ദേവാലയത്തിന് സമീപം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന പാക്ക് ക്രൈസ്തവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരിന്നു.


Related Articles »