News - 2025
വേട്ടയാടല്‍ തുടര്‍ന്ന് നിക്കരാഗ്വേ ഭരണകൂടം; ജെസ്യൂട്ട് സമൂഹത്തിന്റെ നിയമപരമായ പദവി റദ്ദാക്കി സ്വത്ത് കണ്ടുകെട്ടി
പ്രവാചകശബ്ദം 25-08-2023 - Friday
മനാഗ്വേ: ഏകാധിപത്യ നിലപാടുകളിലൂടെ കത്തോലിക്ക സഭയെ വേട്ടയാടുന്ന നിക്കരാഗ്വേ ഭരണകൂടത്തിന്റെ ക്രൂരമായ നടപടി വീണ്ടും. ഇക്കഴിഞ്ഞ ബുധനാഴ്ച പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ സർക്കാർ ജെസ്യൂട്ടു സമൂഹത്തിന്റെ നിയമപരമായ പദവി റദ്ദാക്കുകയും എല്ലാ സ്വത്തുക്കളും സംസ്ഥാനത്തിന് കൈമാറാൻ ഉത്തരവിടുകയും ചെയ്തതായി 'കാത്തലിക് ന്യൂസ് ഏജന്‍സി' റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭരണകൂടത്തിന്റെ ഔദ്യോഗിക പത്രമായ ലാ ഗസെറ്റയിൽ ഓഗസ്റ്റ് 23-ന് പ്രസിദ്ധീകരിച്ച മന്ത്രിതല കരാർ 105-2023-OSFL അനുസരിച്ച്, ആഭ്യന്തര മന്ത്രി മരിയ അമേലിയ കോറണൽ കിൻലോച്ച് ജെസ്യൂട്ട് സമൂഹത്തിന്റെ നിയമപരമായ പദവി റദ്ദാക്കുന്നതിന് അംഗീകാരം നൽകിയിട്ടുണ്ടെന്ന് വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
1995 ജൂലൈ മുതൽ പൊതു രേഖകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ജെസ്യൂട്ട് സമൂഹം 2020, 2021, 2022 എന്നീ സാമ്പത്തിക കാലയളവുകളിലെ കണക്കുകള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഏകാധിപത്യ ഭരണകൂടത്തിന്റെ ആരോപണം. കത്തോലിക്ക സഭയെയും രാഷ്ട്രത്തെ പരിപോഷിപ്പിക്കുന്ന വിശ്വാസത്തെയും നിരന്തരമായ പീഡിപ്പിക്കുന്ന മറ്റൊരു അധ്യായം മാത്രമാണ് ഈ നടപടിയെന്ന് നിക്കരാഗ്വേൻ യൂണിവേഴ്സിറ്റി അലയൻസ് (AUN) പ്രസ്താവിച്ചു.
ഓഗസ്റ്റ് 15-ന് ജെസ്യൂട്ട് സന്യാസ സമൂഹത്തിന്റെ കീഴിലുള്ള സെൻട്രൽ അമേരിക്കൻ യൂണിവേഴ്‌സിറ്റിയും (യുസിഎ) അതിന്റെ സ്വത്തുക്കളും സര്‍ക്കാര്‍ പിടിച്ചെടുത്തിരിന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ, സർക്കാർ നിർദ്ദേശിച്ചതിനെത്തുടർന്ന് വത്തിക്കാൻ നിക്കരാഗ്വേയിലെ എംബസി അടച്ചിരിന്നു. സര്‍ക്കാരിന്റെ ഏകാധിപത്യത്തെ ചോദ്യം ചെയ്ത പൊതു സമൂഹത്തെ അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ചതില്‍ പ്രതിഷേധവുമായി സഭ രംഗത്ത് ഇറങ്ങിയതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്.