News - 2025

നിക്കരാഗ്വേയിലെ ജെസ്യൂട്ട് സർവ്വകലാശാലയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഒർട്ടേഗ ഭരണകൂടം

പ്രവാചകശബ്ദം 15-08-2023 - Tuesday

മനാഗ്വേ: നിക്കരാഗ്വേയില്‍ ജെസ്യൂട്ട് സഭ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവന്നിരുന്ന സെൻട്രൽ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ ഡാനിയേൽ ഒർട്ടേഗ ഭരണകൂടം മരവിപ്പിച്ചു. ഇതോടൊപ്പം സർവ്വകലാശാലയുടെ വസ്തുവകകളുടെ കൈമാറ്റത്തിനും ഭരണകൂടം വിലക്കേർപ്പെടുത്തി. ഭരണകൂട നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മെത്രാന്മാരും, സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. രാജ്യത്തെ ആറ് വിദ്യാർത്ഥി സംഘടനകൾ ചേർന്ന് സംയുക്തമായി പ്രസ്താവന പുറത്തിറക്കി.

രാജ്യത്തെ ഏകാധിപത്യ ഭരണകൂടം നാളുകളായി കത്തോലിക്ക സഭയെ വേട്ടയാടുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സർക്കാർ നടപടി ഉന്നത വിദ്യാഭ്യാസത്തിനും, ബൗദ്ധിക സ്വാതന്ത്ര്യത്തിനും, സംസ്കാരത്തിനും, സമൂഹത്തിന് മുഴുവനും എതിരെയുള്ള അക്രമമാണെന്ന് സർവ്വകലാശാലയിലെ മുൻ വിദ്യാർത്ഥിയും ഭരണകൂട ഭീഷണിയെ തുടർന്ന് രാജ്യംവിട്ട് അമേരിക്കയിൽ അഭയം പ്രാപിച്ച മനാഗ്വേ രൂപതയുടെ സഹായമെത്രാനുമായ സിൽവിയോ ബായിസ് ട്വിറ്ററില്‍ കുറിച്ചു.

ഭിന്നാഭിപ്രായങ്ങൾ അടിച്ചമർത്താനും, വിമർശകരെ നിശബ്ദരാക്കാനുമുള്ള പദ്ധതിയുടെ ഭാഗമാണ് സർവ്വകലാശാലക്കെതിരെ സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടിയെന്ന് വിദ്യാർത്ഥി സംഘടനകൾ പ്രസ്താവിച്ചു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. 1960-ൽ സ്ഥാപിതമായ സെൻട്രൽ അമേരിക്കൻ യൂണിവേഴ്സിറ്റി രാജ്യത്തെ ആദ്യത്തെ സ്വകാര്യ സർവ്വകലാശാലയാണ്. അതേസമയം സർവ്വകലാശാലയുടെ നിയന്ത്രണം മുഴുവനായി സർക്കാർ ഏറ്റെടുക്കാനുള്ള സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്.


Related Articles »