News - 2025

നൈജീരിയയിൽ ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയ വൈദികനും സെമിനാരി വിദ്യാർത്ഥിക്കും മോചനം

പ്രവാചകശബ്ദം 28-08-2023 - Monday

അബൂജ: നൈജീരിയയിൽ നിന്നും ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയ മാലി സ്വദേശിയായ കത്തോലിക്ക വൈദികൻ പോൾ സനോഗയും, ടാന്‍സാനിയൻ വംശജനായ സെമിനാരി വിദ്യാർത്ഥി ഡൊമിനിക് മെറികിയോറിയും മോചിതനായി. മൂന്നാഴ്ചകൾക്ക് മുമ്പ് തട്ടിക്കൊണ്ടു പോകപ്പെട്ട സൊസൈറ്റി ഓഫ് മിഷ്ണറീസ് ഓഫ് ആഫ്രിക്ക സമൂഹത്തിലെ അംഗങ്ങളായ ഇരുവരെയും ഓഗസ്റ്റ് 23നാണ് മോചിപ്പിച്ചത്. നൈജീരിയയിലെ മിന്യാ രൂപതയിലാണ് ഇരുവരും സേവനം ചെയ്തിരുന്നത്. മിഷ്ണറീസ് ഓഫ് ആഫ്രിക്കയുടെ ഘാന-നൈജീരിയ മേഖലയുടെ പ്രോവിൻഷ്യൽ സുപ്പീരിയർ പദവി വഹിക്കുന്ന ഫാ. ഡെന്നിസ് ഡാഷോങ് പാമാണ് മോചനം സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്.

മനസ്സിന് ആഘാതം ഏൽക്കുന്ന അവസ്ഥയിലൂടെ കഴിഞ്ഞ മൂന്ന് ആഴ്ചക്കാലം തട്ടിക്കൊണ്ടു പോയവരുടെ ഇടയിൽ കഴിയേണ്ടി വന്നുവെങ്കിലും ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവരുടെ മോചനത്തിനുവേണ്ടി പ്രാർത്ഥിച്ചവർക്ക് ഫാ. ഡെന്നിസ് നന്ദിയും രേഖപ്പെടുത്തി. വൈദികന്റെയും, സെമിനാരി വിദ്യാർത്ഥിയുടെയും മോചനത്തിൽ മിഷ്ണറീസ് ഓഫ് ആഫ്രിക്കയുടെ സുപ്പീരിയർ ജനറൽ പദവി വഹിക്കുന്ന ഫാ. സ്റ്റാൻ ലുബുങ്കോ സന്തോഷം രേഖപ്പെടുത്തി.

ഇത്തരം ഒരു ദുരനുഭവം ഉണ്ടായെങ്കിലും തങ്ങളുടെ പ്രവർത്തനവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. തടവിൽ കഴിയുന്ന ആളുകൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഫാ. സ്റ്റാൻ ലുബുങ്കോ അഭ്യർത്ഥന നടത്തി. പ്രത്യേകിച്ച് മാലിയിൽ നിന്നും 2022 നവംബർ മാസം തട്ടിക്കൊണ്ടുപോയ ഫാ. ഹാൻസ് ജോവാക്കിമിനെ അദ്ദേഹം സ്മരിച്ചു. ഫാ. പോളിനെ തട്ടിക്കൊണ്ടു പോയ വാർത്ത വന്നതിന് പിന്നാലെ മാലിയിലെ സിക്കാസോ രൂപതാധ്യക്ഷന്‍ ബിഷപ്പ് റോബർട്ട് സിസെ അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു.


Related Articles »