India - 2024

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണം: മാര്‍ പോളി കണ്ണൂക്കാടന്‍

പ്രവാചകശബ്ദം 05-09-2023 - Tuesday

ഇരിങ്ങാലക്കുട: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്നു ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കട രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് 2021 നവംബറില്‍ ജസ്റ്റിസ് ബെഞ്ചമിന്‍ കോശി അധ്യക്ഷനായ മൂന്നംഗ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്.

രണ്ടുവര്‍ഷത്തെ പഠനത്തിനും ചര്‍ച്ചകള്‍ക്കും ശേഷം ആറുലക്ഷത്തോളം നിവേദനങ്ങള്‍ കമ്മിഷനു മുന്നില്‍ സമര്‍പ്പിച്ചു. ക്രൈസ്തവരുടെ 500 ആവശ്യങ്ങള്‍ അടങ്ങിയ സമഗ്ര റിപ്പോര്‍ട്ട് കമ്മീഷന്‍ മുഖ്യമന്ത്രിക്കു കഴിഞ്ഞ മേയില്‍ കൈമാറിയിട്ടും പൊതുജനങ്ങള്‍ക്കായി നല്‍കുകയോ തുടര്‍പഠനങ്ങളോ നടപടികളോ നടപ്പാക്കിയില്ലെന്നു സമിതി ചൂണ്ടിക്കാട്ടി.

ക്രൈസ്തവര്‍ക്ക് അവകാശപ്പെട്ട സ്‌കോളര്‍ഷിപ്പുകള്‍ അന്യായമായി കൈവശപ്പെടുത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മലയോര കര്‍ഷകരുടെ ആശങ്കകള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട രൂപതാ ന്യൂനപക്ഷ സമിതി ചെയര്‍മാന്‍ രൂപതാ വികാരി ജനറാല്‍ മോണ്‍. വില്‍സന്‍ ഈരത്തറ, ഡയറക്ടര്‍ ഫാ. നൗജിന്‍ വിതയത്തില്‍, അസി. ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുന്നേലിപറമ്പില്‍, പ്രസിഡന്റ് ഇ.ടി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »