News - 2025
വംശീയ ഉന്മൂലന ഭീഷണി നേരിടുന്ന അര്‍മേനിയന്‍ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന യാചിച്ച് അമേരിക്കന്‍ കര്‍ദ്ദിനാള്‍
പ്രവാചകശബ്ദം 09-09-2023 - Saturday
ബാകു: മുസ്ലീം ഭൂരിപക്ഷ രാജ്യമായ അസര്‍ബൈജാന്റെ ഉപരോധത്തെ തുടര്‍ന്നു വംശീയ ഉന്‍മൂലനത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന അര്‍മേനിയന്‍ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനാ സഹായ അഭ്യര്‍ത്ഥനയുമായി അമേരിക്കന്‍ കര്‍ദ്ദിനാള്‍. ഔദ്യോഗിക വെബ്സൈറ്റില്‍ വിവിധ ഭാഷകളില്‍ പോസ്റ്റ് ചെയ്ത സന്ദേശം വഴിയാണ് കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ, അസര്‍ബൈജാന്റെ ഉപരോധത്തില്‍ മരണത്തെ മുന്നില്‍ കണ്ടു കഴിയുന്ന ഒരുലക്ഷത്തില്‍പരം അര്‍മേനിയന്‍ ക്രൈസ്തവ സഹോദരീ സഹോദരന്‍മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചത്. ക്രൂരമായ പീഡനങ്ങള്‍ക്ക് മുന്നില്‍ നിശബ്ദതക്കും, നിഷ്ക്രിയത്വത്തിലും സ്ഥാനമില്ല. അര്‍മേനിയന്‍ സഹോദരീസഹോദരന്‍മാര്‍ ഉന്മൂലനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി.
2022 ഡിസംബര്‍ മുതല്‍ അര്‍മേനിയക്കാര്‍ ആര്‍ട്ട്സാഖ് എന്ന്‍ വിളിക്കുന്ന നാഗോര്‍ണോ കാരബാഖ് മേഖലയെയും അര്‍മേനിയയെയും ബന്ധിപ്പിക്കുന്ന ലാച്ചിന്‍ കോറിഡോര്‍ എന്ന റോഡില്‍ അസര്‍ബൈജാന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ മേഖലയിലെ 1,20,000-ത്തോളം വരുന്ന അര്‍മേനിയക്കാര്‍ ഭക്ഷണവും, അവശ്യ സാധനങ്ങളുമില്ലാതെ ഒറ്റപ്പെട്ട നിലയില്‍ പട്ടിണിയെ മുന്നില്‍ക്കണ്ട് കഴിയുകയാണ്. 1915-നും 1923-നുമിടയില്‍ ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യം അര്‍മേനിയക്കാര്‍ക്കെതിരെ നടത്തിയ വംശഹത്യയില്‍ 15 ലക്ഷത്തോളം അര്‍മേനിയക്കാര്‍ കൊല്ലപ്പെട്ടത്. അര്‍മേനിയക്കാര്‍ ഇപ്പോള്‍ സമാനമായ സാഹചര്യം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.
മേഖലയില്‍ അവര്‍ക്ക് ഊര്‍ജ്ജത്തിന് വേണ്ട വാതകമില്ല. സ്വകാര്യ - പൊതു ഗതാഗത സൗകര്യമില്ല, കൃഷിക്കാരെ തോക്കിന്‍മുനയില്‍ നിറുത്തി കൊള്ളയടിക്കുന്നതിനാല്‍ വിളവെടുപ്പ് നടത്തുവാന്‍ അവര്‍ക്ക് കഴിയുന്നില്ല, ഭക്ഷണത്തിനും ക്ഷാമമുണ്ട്. ഇത് ഗൗരവമേറിയ അനീതിയാണ്. ഇതിനെതിരെ പൊതുശബ്ദമുയരണം. അര്‍മേനിയന്‍ സഹോദരീ-സഹോദരന്മാരെ നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍മ്മിക്കണമെന്നും മാള്‍ട്ട മിലിറ്ററി ഓര്‍ഡറിന്റെ അധ്യക്ഷനും, കത്തോലിക്കാ സഭയുടെ ഉന്നത നീതിപീഠമായ അപ്പസ്തോലിക സിഗ്നത്തൂരയിലെ സുപ്രീം ട്രിബ്യൂണലിന്റെ തലവനുമായി സേവനമനുഷ്ടിച്ചിട്ടുള്ള കര്‍ദ്ദിനാള്‍ ബുര്‍ക്കെയുടെ പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ രണ്ടുമാസമായി അസര്‍ബൈജാന്‍ നാഗോര്‍ണോ-കാരബാഖ് മേഖലയിലെ ഉപരോധം ശക്തിപ്പെടുത്തിയിരിക്കുകയാണ്. അസര്‍ബൈജാനെ പിന്തുണക്കുന്ന തുര്‍ക്കിയും, മോസ്കോയും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടിരിന്നു. യുക്രൈന്‍ യുദ്ധം തുടങ്ങുന്നതിന് മുന്‍പ് അര്‍മേനിയന്‍ ക്രൈസ്തവരുടെ സംരക്ഷകരായിരുന്ന റഷ്യ, യുദ്ധം ആരംഭിച്ച ശേഷം ഉള്‍വലിഞ്ഞിരിക്കുകയാണ്. അര്‍മേനിയന്‍ ജനസംഖ്യയുടെ 97%വും ക്രൈസ്തവരാണ്.