Monday Mirror

വിശുദ്ധ ജീൻ ഗബ്രിയേൽ പെർബോയർ: വുഹാനിൽ ക്രൂശിക്കപ്പെട്ട രക്ഷസാക്ഷി

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ് 11-09-2023 - Monday

ചൈനയിലെ ആദ്യ കത്തോലിക്ക വിശുദ്ധൻ വുഹാനിൽ ക്രൂശിക്കപ്പെട്ട രക്ഷസാക്ഷിയാണ് എത്ര പേർക്ക് അതറിയാം. കൊറോണ പകർച്ചവ്യാധികളുടെ ആദ്യ പ്രഭവ കേന്ദ്രമായിരുന്ന ചൈനയിലെ വുഹാനിൽ, കുരിശിൽ ശ്വാസം കിട്ടാതെയാണ് ഫ്രഞ്ചു വിൻസെൻഷ്യൻ മിഷനറി വൈദീകൻ ജീൻ ഗബ്രിയേൽ പെർബോയർ (Jean-Gabriel Perboyre) 1840 സെപ്തംബർ പതിനൊന്നാം തീയതിയാണ് ക്രിസ്തുവിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചത്.

വി. ജീൻ ഗബ്രിയേൽ പെർബോയർ ‍

ഫ്രാൻസിലെ ലോട്ടിലെ ലെ പൂ എക്കിൽ (Le Puech) ൽ പിയറി പെർബോയറിൻ്റെയും മാറി റിഗലിൻെറയും ഏട്ടു മക്കളിൽ ഒരു വനായി 1802 ജനുവരി ആറിനു ജീൻ ഗബ്രിയേൽ പെർബോയർ ജനിച്ചു. ജീനിൻ്റെ സഹോദരങ്ങളിൽ അഞ്ചു പേർ സന്യാസജീവിതം തിരഞ്ഞെടുത്തു. 1816 ഇളയ സഹോദരനായ ലൂയിസ് വിൻസെൻഷ്യൻ സഭയിൽ ചേർന്നതോടെ മിഷനറിയാകാനുള്ള ആഗ്രഹം ഉടലെെടുത്തു. 1818 ൽ വിൻസെൻഷ്യൻ സഭയിൽ ചേരുുകയും 1820 കുഞ്ഞി പൈതങ്ങളുടെ തിരുനാൾ ദിവസം സഭയുടെ നാലു വാഗ്ദാനങ്ങൾ പാലിച്ചു കൊള്ളാമെന്നു വാഗ്ദാനം ചെയ്തു.

1825 സെപ്തംബർ മാസം ഇരുപത്തി മൂന്നാം തീയതി വൈദീകനായി അഭിഷിക്തനായി. ചൈനയിൽ മിഷനറി ആയി പോവുക ജീവിതാഭിലാഷമായിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ തടസ്സം നിന്നു. സഹോദരൻ ലൂയിസിനെ ചൈനയിലേക്കു മിഷനറിയായി അയച്ചുവെങ്കിലും യാത്രാമധ്യേ മരണമടഞ്ഞു. പിന്നീടു സഹോദരൻ്റെ പകരക്കാരനായിട്ടാണ് ജീൻ ചൈനയ്ക്കു തിരിക്കുന്നത്. 1835 ആഗസ്റ്റു മാസത്തിൽ മക്കൗ (Macau) എത്തിച്ചേർന്നു, അവിടെ ചൈനീസ് ഭാഷ പഠിച്ചതിനു ശേഷം ആദ്യ ശുശ്രൂഷ മേഖലയായ ഹോനാലിലേക്കു പോയി 1838 ജനുവരി മാസത്തിൽ ഹുബൈ (Hubei) പ്രവശ്യയിലേക്കു സ്ഥലം മാറ്റം ലഭിച്ചു.

1839 സെപ്റ്റംബർ മാസത്തിൽ ക്രിസ്ത്യാനികൾക്കെതിരെ മത മർദ്ദനം ആരംഭിച്ചു. ജീൻ പെർബോയർ അതിലെ ആദ്യ ഇരകളിൽ ഒരാളായി. 1840 ൽ തൻ്റെ അടുത്ത അനുയായികളിൽ ഒരാൾ പണത്തിനു വേണ്ടി ജീനച്ചനെ ഒറ്റികൊടുത്തു. ആ വർഷം സെപ്റ്റംബർ പതിനൊന്നിനു വുഹാനിൽ ജീനിനെ മരക്കുരിശിലേറ്റി വധിച്ചു, കുരിശിൽ ശ്വാസം കിട്ടാതെയാണു ജീൻ പെർബോയർ മരണമടഞ്ഞത്. വിശ്വാസികൾ പിന്നീടു അദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തി അടുത്തുള്ള കത്തോലിക്കാ സിമിത്തേരിയിൽ സംസ്കരിച്ചു.

കമ്മ്യൂണിസ്റ്റു വിപ്ലവം നടക്കുമ്പോൾ വുഹാനിലെ കത്തോലിക്കാ സമൂഹം വിശുദ്ധ ജീൻ ഗബ്രിയേൽ പെർബോയറിൻ്റെയും ഫ്രാൻസീസ് റെജിസ് ക്ലെറ്റിൻ്റെയും കബറിടം സംരക്ഷിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു കാരണം ഈ രണ്ടു രക്തസാക്ഷികളാടും അവർക്കു പ്രത്യേക ഭക്തിയും അവരുടെ മധ്യസ്ഥതയിൽ ഉറപ്പും ഉണ്ടായിരുന്നു.

പെർബോയറിൻ്റെ ഭൗതീക അവശിഷ്ടം പിന്നിടു പാരീസിലുള്ള വിൻസെൻഷ്യൻ സഭയുടെ മാതൃഭവനത്തിലേക്കു മാറ്റി. വിശുദ്ധ വിൻസെൻ്റ് ഡീ പോളിൻ്റെ അഴുകാത്ത പുജ്യാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന അതേ ചാപ്പലിൽ വി. പെർബോയറിൻ്റെ കബറിടം കാണാൻ കഴിയും. 1889-ൽ പതിമൂന്നാം ലെയോ മാർപാപ്പ പെർബോയറിനെ വാഴ്ത്തപ്പെട്ടവനായും ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു.

ജീൻ ഗബ്രിയേൽ പെർബോയറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു കൊണ്ട് ജോൺ പോൾ രണ്ടാമൻ പാപ്പ ഇപ്രകാരം പറഞ്ഞു: “ പെർബോയറിനെ എവിടെയാണോ അയക്കപ്പെട്ടത് ആ തെരുവുകളിലെല്ലാം അവൻ ക്രിസ്തുവിൻ്റെ കുരിശ് കണ്ടെത്തി. തൻ്റെ നാഥനെ എളിമയിലും മാന്യതയിലും അനുദിനം അനുകരിച്ച് അവനോടു പൂർണ്ണമായി ഒന്നായിത്തീർന്നു... പീഢനങ്ങൾക്കും മർദ്ദനങ്ങൾക്കും ഒടുവിൽ കർത്താവിൻ്റെ പീഡാസഹനങ്ങളോടു അനന്യസാധാരണമായ രീതിയിൽ ഒന്നായി മാറാൻ കുരിശുമരണം അവനു സമ്മാനമായി ലഭിച്ചു. "

കോവിഡ് 19 മധ്യസ്ഥൻ ‍

ചൈനീസ് ചരിത്രത്തിൽ ഗവേഷണം നടത്തിയ ഡോ. ആൻറണി ക്ലാർക്കിൻ്റെ അഭിപ്രായത്തിൽ കോവിഡ് 19 രോഗത്തിനുള്ള ഏറ്റവും അനുയോജ്യരായ മധ്യസ്ഥരാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ ചൈനയിൽ രക്തസാക്ഷികളായ വിൻസെൻഷ്യൻ വൈദീകരായ ജീൻ ഗബ്രിയേൽ പെർബോയറും ഫ്രാൻസീസ് റെജിസ് ക്ലെറ്റും. ഈ രണ്ടു വിശുദ്ധരെയും ശ്വാസം മുട്ടിച്ചാണ് ചൈനീസ് അധികാരികൾ കൊന്നത് അതിനാൽ കോവിഡ് 19 മഹാമാരിയിൽ രോഗികളെ സഹായിക്കാൻ ഈ വിശുദ്ധരുടെ മാധ്യസ്ഥത തേടാൻ ക്ലാർക്ക് ഉപദേശിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലെ ചൈനീസ് മിഷൻ ‍

കോറോണ വൈറസിൻ്റെ ഉത്ഭവത്താൽ കുപ്രസിദ്ധിയാർജിച്ച വുഹാൻ നഗരം ഒരിക്കൽ കത്തോലിക്കാ മിഷനറിമാരുടെ കേന്ദ്രമായിരുന്നു. അവർ അവിടെ മിഷൻ ആശുപത്രികൾ ആരംഭിച്ചു. വുഹനിലെ സെൻട്രൽ ഹോസ്പിറ്റലിൻ്റെ പുറത്തു ഇറ്റാലിയൻ മിഷനറി വൈദീകനായ മോൺസിഞ്ഞോർ യുസ്റ്റാച്ചിയസ് സനോലിയുടെ (Monsignor Eustachius Zanoli) പ്രതിമ സ്ഥിതി ചെയ്യുന്നുണ്ട്. ആ പ്രതിമയുടെ ചുവട്ടിലുള്ള ഫലകത്തിൽ ഇറ്റലിയിൽ നിന്നുള്ള മോൺസിഞ്ഞോർ യുസ്റ്റാച്ചിയസ് സനോലി കിഴക്കൻ ഹുബൈയിലെ ആദ്യ മെത്രാനായും 1886 ൽ അദ്ദേഹം കനേഷ്യൻ ഡോട്ടേഴ്സ് ഓഫ് ചാരിറ്റിയെ (Canossian Daughters of Charity ) വുഹാനിൽ സാമൂഹിക ശുശ്രൂഷ ചെയ്യാൻ ക്ഷണിച്ചുവെന്നും ഇംഗ്ലീഷിിലും ചൈനീസിലുമായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ ആശുപത്രിയിലാണ് കൊറോണ വൈറസിനെക്കുറിച്ചു ആദ്യം വെളിപ്പെടുത്തിയ ഡോ. ലി വെൻ ലിയാങ്ങ് മരണത്തിനു കീഴടങ്ങിയത്.

പത്തൊമ്പതാം നൂറ്റാണ്ടിൽ ചൈനയിലേക്കു മിഷൻ പ്രവർത്തനത്തിനായി പുറപ്പെടുന്ന മിഷനറിമാർക്കു ഒരു കാര്യം നിശ്ചയമായിരുന്നു ഒരിക്കലും അവർക്കു മടങ്ങി വരാൻ കഴിയില്ലന്ന്. ചൈനയിലേക്കുള്ള യാത്രാമധ്യേ വി. ജീൻ ഗബ്രിയേൽ പെർബോയർ ഇപ്രകാരം എഴുതി: എൻ്റെ മുമ്പിൽ തുറക്കുന്ന പാതയിൽ എന്താണ് എന്നെ കാത്തിരിക്കുന്നത് എന്നെനിക്കറിയില്ല. ഒരു സംശയവുമില്ലാതെ ഒരു കാര്യം പറയാം കുരിശ്, ഒരു പ്രേഷിതൻ്റെ അനുദിന ആഹാരമായ കുരിശ്. ക്രൂശിതനായ ദൈവത്തെ പ്രഘോഷിക്കാൻ പോകുമ്പോൾ അതിലും മഹത്തരമായി എന്താണ് പ്രതീക്ഷിക്കാൻ കഴിയുക?"

കൊച്ചുത്രേസ്യായുടെ ഇഷ്ട മിഷ്ണറി ‍

ചൈനയിൽ മിഷനറിയാകാൻ പോകാൻ ആഗ്രഹിച്ച ലിസ്യുവിലെ വിശുദ്ധ ചെറുപുഷ്പത്തിനു ജീൻ ഗബ്രിയേൽ പെർബോയറിനോടു പ്രത്യേക ഭക്തിയുണ്ടായിരുന്നു. അദ്ദേഹത്തിനു സമർപ്പിക്കപ്പെട്ട ഒരു വിശുദ്ധ ചിത്രം കൊച്ചുത്രേസ്യായുടെ സ്വകാര്യ പ്രാർത്ഥനാ പുസ്തകത്തിൽ സൂക്ഷിച്ചിരുന്നു.

പരിവർത്തന പ്രാർത്ഥന ‍

വി. ജീൻ ഗബ്രിയേൽ പെർബോയർ പത്തൊമ്പതാം നൂറ്റാണ്ടിൽ രചിച്ച പരിവർത്തന പ്രാർത്ഥന പ്രശസ്തമാണ്.

ഓ എൻ്റെ ദൈവീകാ രക്ഷകാ, എന്നെ നിന്നിലേക്കു പരിവർത്തനം ചെയ്യുക.

എൻ്റെ കൈകൾ യേശുവിൻ്റെ കൈകളാകട്ടെ.

എൻ്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും നിൻ്റെ മഹത്വത്തിനു വേണ്ടി മാത്രം ഉപകരിക്കട്ടെ.

എല്ലാറ്റിനും ഉപരിയായി എൻ്റെ ആത്മാവിനെയും അതിൻ്റെ എല്ലാ ശക്തികളെയും പരിവർത്തനം ചെയ്യുക.

അതുവഴി എൻ്റെ ഓർമ്മയും ഇച്ഛാശക്തിയും വാത്സല്യവും ഈശോയുടെ ഓർമ്മയും ഇച്ഛാശക്തിയും വാത്സല്യവും ആകട്ടെ.

നിൻ്റേതല്ലാത്തതെന്തും എന്നിൽ നിന്നു നശിപ്പിപ്പിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു.

ഞാൻ നിന്നിലും നിന്നാലും നിനക്കു വേണ്ടിയും ജീവിക്കട്ടെ. അപ്പോൾ വിശുദ്ധ പൗലോസിനെപ്പോലെ സത്യമായും ഞാൻ പറയും ഞാൻ ജീവിക്കുന്നു - ഇപ്പോൾ ഞാനല്ല - ക്രിസ്തു എന്നിൽ ജീവിക്കുന്നു.

ആമ്മേൻ


Related Articles »