News

9/11 ആക്രമണത്തില്‍ ജൂഡിത്ത് ടോപ്പിന് മുന്നില്‍ അന്ന് 'മാലാഖ'; അവിശ്വാസിയായിരിന്ന പോള്‍ കാരിസ് ഇന്ന് ഡീക്കന്‍

പ്രവാചകശബ്ദം 18-09-2023 - Monday

ന്യൂയോര്‍ക്ക്:: 2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയുടെ അഭിമാനസ്തംഭമായ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് അല്‍ക്വയ്ദ തീവ്രവാദികള്‍ വിമാനം ഇടിച്ചുകയറ്റിയപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റൊരു സ്ത്രീയെ രക്ഷപ്പെടുവാന്‍ സഹായിക്കുകയും ചെയ്ത പോള്‍ കാരിസ്, പെര്‍മനന്‍റ് ഡീക്കന്‍പട്ടം സ്വീകരിച്ച് ശുശ്രൂഷ മേഖലയില്‍ സജീവം. ആക്രമണം നടക്കുമ്പോള്‍ വേള്‍ഡ് ട്രേഡ് സെന്‍ററിന്റെ വടക്കന്‍ ടവറില്‍ എഴുപത്തിയൊന്നാമത്തെ നിലയില്‍ ജോലി ചെയ്യുകയായിരുന്നു കാരിസ്. കെട്ടിടം ഇടിഞ്ഞു വീഴുന്നതിനു മുന്‍പ് തന്റെ സഹചാരിയായ ജൂഡിത്ത് ടോപ്പിന്‍ എന്ന സ്ത്രീയെ എഴുപത്തിയൊന്നു നിലകളും ഇറക്കി താഴെ എത്തിക്കുവാന്‍ കാരിസിന് കഴിഞ്ഞു.

കാരിസിനെ ‘മാലാഖ’ എന്നാണ് ടോപ്പിന്‍ വിശേഷിപ്പിക്കുന്നത്. തിരുസഭയുമായി അടുത്ത ബന്ധമൊന്നുമില്ലാതിരുന്ന കാരിസില്‍ ആ ദിവസം മുതലാണ്‌ വിശ്വാസം ശക്തമായത്. അന്നത്തെ യാതനകള്‍ കാരിസിനെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തില്‍ അനുഗ്രഹമായി മാറുകയായിരുന്നു. കത്തോലിക്കാ വിശ്വാസത്തിന്റെ മനോഹാരിത കണ്ടെത്തിയ കാരിസ് കത്തോലിക്കാ ഡീക്കനായി പ്രേഷിതവേല ചെയ്യുകയാണ് ഇപ്പോള്‍. വിമാനം വടക്കന്‍ ടവറില്‍ ഇടിച്ചപ്പോള്‍ കെട്ടിടം കുലുങ്ങിയെന്നും, വലിയൊരു ശബ്ദം കേട്ടെന്നും 68 കാരനായ കാരിസ് കത്തോലിക്കാ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു.

ന്യൂയോര്‍ക്ക് ആന്‍ഡ്‌ ന്യൂജേഴ്സി പോര്‍ട്ട്‌ അതോറിറ്റിയില്‍ ജോലി ചെയ്തിരുന്ന കാരിസും കൂട്ടുകാരും ചെറിയ വിമാനമായിരിക്കും കെട്ടിടത്തില്‍ ഇടിച്ചിരിക്കുകയെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മാനേജര്‍മാരില്‍ ഒരാള്‍ കെട്ടിടത്തില്‍ നിന്നും പുറത്തുപോകുവാന്‍ പറഞ്ഞപ്പോഴാണ് അന്നു 46 വയസ്സ് പ്രായമുണ്ടായിരുന്ന കാരിസിനു കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. തന്റെ ഡിവിഷനില്‍ ജോലി ചെയ്യുന്ന ആരോഗ്യപരമായ വിഷമതകള്‍ നേരിടുന്ന ജൂഡിത്ത് ടോപ്പിന്‍ തന്റെ കസേരയില്‍ നിന്നും എഴുന്നേല്‍ക്കുവാന്‍ കഴിയാതെ വിഷമിക്കുന്നത് കണ്ട കാരിസ് അവളുടെ സഹായത്തിന് എത്തുകയായിരുന്നു. മറ്റുള്ളവരോട് കെട്ടിടം കാലിയാക്കുവാന്‍ പറഞ്ഞ കാരിസ് ജൂഡിത്തിന്റെ കാര്യം താന്‍ നോക്കിക്കോളാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

“ശാന്തമായിരിക്കൂ, നമുക്കൊരുമിച്ച് നടന്ന് ഈ കെട്ടിടത്തില്‍ നിന്നും നടന്ന് പുറത്തേക്കു പോകാം” എന്ന് കാരിസ് പറഞ്ഞപ്പോള്‍ മാത്രമാണ് താന്‍ കാരിസിന്റെ മുഖം കണ്ടതെന്നു ജൂഡിത്ത് പിന്നീട് വ്യക്തമാക്കിയിരിന്നു. കാരിസ്, ജൂഡിത്തിനെ വലതുകൈകൊണ്ട് താങ്ങി ഗോവണിപ്പടിയിലേക്ക് നയിച്ചു. ഓരോ നിലയിലും അല്‍പ്പസമയം വിശ്രമിച്ചാണ് ഇരുവരും താഴെ എത്തിയത്. എന്തുകൊണ്ടാണ് ജൂഡിത്തിനെ സഹായിക്കുവാന്‍ നിങ്ങള്‍ നിന്നതെന്ന ചോദ്യത്തിന്, പരിശുദ്ധാത്മാവാണ് തന്നെ നയിച്ചതെന്നാണ് കാരിസിന്റെ മറുപടി. മുപ്പതാമത്തെ നിലയില്‍ എത്തിയപ്പോള്‍, കൊടുങ്കാറ്റ് പോലൊരു കാറ്റടിക്കുകയുണ്ടായി. രണ്ടാമത്തെ ടവര്‍ നിലംപൊത്തിയപ്പോള്‍ ഉണ്ടായ കാറ്റായിരുന്നു അത്. തുടര്‍ന്ന്‍ അധികം ആള്‍ത്തിരക്കില്ലാത്ത മറ്റൊരു ഗോവണിയിലൂടെയായിരിന്നു ഇറക്കം. താഴെ ലോബിയില്‍ എത്തിയിട്ടും അപകടം ഒഴിഞ്ഞിട്ടില്ലായിരുന്നു.

ചുറ്റും കെട്ടിടം തകര്‍ന്ന അവശിഷ്ടങ്ങള്‍ കൂടിക്കിടക്കുകയായിരുന്നു. ഹഡ്സന്‍ നദിക്ക് അഭിമുഖമായുള്ള വെസെ സ്ട്രീറ്റ് വഴിയാണ് കാരിസ് ടോപ്പിനെ പുറത്തെത്തിച്ചത്. അന്നത്തെ ആക്രമണത്തില്‍ ന്യൂയോര്‍ക്കില്‍ 2752 ആളുകളാണ് കൊല്ലപ്പെട്ടത്. ആ ദിവസത്തിനു ശേഷം ദേഷ്യവും, ക്രോധവും പ്രകടിപ്പിക്കുവാന്‍ തുടങ്ങിയ കാരിസ് തന്റെ ഇടവക വികാരിയുടെ നിര്‍ദ്ദേശപ്രകാരം മനശാസ്ത്രജ്ഞന്‍ കൂടിയായ ഫാ. ജിം കെല്ലിയെ പോയി കണ്ടു. ജീവിത കാലം മുഴുവനും കത്തോലിക്കനായിരുന്ന താന്‍ ദൈവവുമായുള്ള ബന്ധം അനുഭവിച്ചിട്ടില്ലെന്ന വസ്തുത കാരിസ് മനസ്സിലാക്കി. ഫാ. കെല്ലിയുടെ ഉപദേശ പ്രകാരം ധ്യാനവും, പ്രാര്‍ത്ഥനയും, വിശുദ്ധ കുര്‍ബാനയും വഴിയാണ് കാരിസ് ആത്മീയ ജീവിതത്തിലേക്ക് തിരികെ വന്നത്.

ജീവിതം മാറ്റിമറിച്ച സംഭവം എന്നാണ് ഇതിനെ കാരിസ് വിശേഷിപ്പിക്കുന്നത്. “അത് എന്നില്‍ എന്റെ വിശ്വാസത്തേക്കുറിച്ച് കൂടുതല്‍ അറിയുവാനുള്ള ദാഹം ഉളവാക്കി. അതിനുമുന്‍പ് ഞാനൊരിക്കലും മതപരമോ, ആത്മീയമോ ആയ പുസ്തകങ്ങള്‍ വായിച്ചിരുന്നില്ല”- കാരിസ് വെളിപ്പെടുത്തി. ആവിലായിലെ വിശുദ്ധ തെരേസയുടെ ജീവചരിത്രമാണ് അദ്ദേഹം വായിച്ച ആദ്യ വിശ്വാസ ഗ്രന്ഥങ്ങളിലൊന്ന്‍. താന്‍ ഡീക്കനാകുന്നതില്‍ തന്റെ ഭാര്യ കാരോളിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാഹിതരായ ദമ്പതികള്‍ക്ക് വേണ്ട കൗണ്‍സലിംഗ് നല്‍കുന്ന ദൌത്യമാണ് ഡീക്കന്‍ എന്ന നിലയില്‍ കാരിസ് ഇപ്പോള്‍ ചെയ്തുക്കൊണ്ടിരിക്കുന്നത്.

Tag:A hero of 9/11 finds his vocation, Deacon Paul Carris, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 883