News - 2025

ഇന്തോനേഷ്യയിൽ ഇനി ഔദ്യോഗിക രേഖകളിൽ ഈസാ മാസിഹിന് പകരം യേശുക്രിസ്തു: ക്രൈസ്തവരുടെ ആവശ്യം അംഗീകരിച്ച് സർക്കാർ

പ്രവാചകശബ്ദം 16-09-2023 - Saturday

ജക്കാര്‍ത്ത: ക്രൈസ്തവരുടെ ദീര്‍ഘനാളത്തെ ആവശ്യത്തിന് ഒടുവില്‍ അനുകൂല നിലപാടുമായി ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ. സർക്കാർ രേഖകളിൽ ഇനിമുതൽ ഈസാ അൽ-മാസിഹിന് പകരം യേശുക്രിസ്തു എന്ന പേര് ഉപയോഗിക്കുമെന്ന് ഇന്തോനേഷ്യയിലെ മനുഷ്യ വികസന, സാംസ്കാരിക വകുപ്പ് മന്ത്രി മുഹദ്ജിർ ഇഫൻഡി പ്രഖ്യാപിച്ചു. ഇനി ദേശീയ അവധി ദിവസങ്ങളുടെ പട്ടികയിൽ അടക്കം യേശുക്രിസ്തു എന്ന പേര് ഉപയോഗിക്കപ്പെടും. യേശുവിനെ ഇസ്ലാമിക അഭിസംബോധനക്ക് പകരം ക്രൈസ്തവ നാമങ്ങൾ ഉപയോഗിക്കണമെന്ന ഏറെ നാളായുള്ള ക്രൈസ്തവരുടെ ആവശ്യത്തിനാണ് സർക്കാർ ഇപ്പോൾ സമ്മതം ലഭിച്ചിരിക്കുന്നത്. മതകാര്യ വകുപ്പാണ് ഇങ്ങനെ ഒരു നിർദ്ദേശം മുന്നോട്ടുവെച്ചതെന്ന് മുഹദ്ജിർ ഇഫൻഡി പറഞ്ഞു.

അതേസമയം ക്രൈസ്തവരുടെ അഭ്യര്‍ത്ഥനയാണ് ഇങ്ങനെ ഒരു മാറ്റത്തിലേക്ക് നയിച്ചതെന്ന് മതകാര്യ വകുപ്പിന്റെ സഹമന്ത്രി സൈഫുള്‍ റഹ്മത്ത് വെളിപ്പെടുത്തി. സർക്കാരിന്റെ കലണ്ടറിൽ ക്രിസ്തുമസ്, ദുഃഖവെള്ളി, സ്വർഗ്ഗാരോഹണം എന്നീ മൂന്ന് തിരുനാളുകൾക്കാണ് അവധി നൽകുന്നത്. ഇത് ഈസാ അൽ-മാസിഹിന്റെ ജനനം, ഈസാ അൽ-മാസിഹിന്റെ മരണം, ഈസാ അൽ-മാസിഹിന്റെ ഉത്ഥാനം എന്നിവ ഉള്‍പ്പെടെയുള്ള വിശേഷണങ്ങളിലാണ് മാറ്റം വരിക. പേര് മാറ്റാൻ സർക്കാർ എടുത്ത തീരുമാനത്തെ രാജ്യത്തെ മെത്രാൻ സമിതിയുടെ അൽമായരുടെ അപ്പസ്തോലിക് കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. യോഹന്നാസ് ജഹാറുത്ത് സ്വാഗതം ചെയ്തു. ലോകരക്ഷകനായ യേശുവും, ഇസ്ലാം മതസ്ഥരുടെ ഈസായും ഒരു വ്യക്തിയല്ലായെന്ന് സർക്കാർ അംഗീകരിക്കുകയായിരുന്നുവെന്ന് ദൈവശാസ്ത്രജ്ഞനായ ജാവ സ്വദേശി ഫ്രാൻസിസ്കസ് ബോർജിയാസ് പറഞ്ഞു.

ബൈബിളിൽ യേശു, മറിയത്തിന്റെയും ജോസഫിന്റെയും പുത്രനാണെന്നും, ഇതു പ്രകാരം ഒന്നാം നൂറ്റാണ്ടിലാണ് ക്രിസ്തു ജീവിച്ചിരുന്നതെന്നും പറഞ്ഞ അദ്ദേഹം മുസ്ലിം മതസ്ഥരുടെ ഈസ മോശയുടെയും, അഹറോന്റെയും സഹോദരിയായ മിറിയമിന്റെ മകനായിരുന്നുവെന്നും, ഇത് ക്രൈസ്തവ യഹൂദ വംശാവലി അനുസരിച്ച് അപ്രാപ്യമായ കാര്യമാണെന്നും ചൂണ്ടിക്കാട്ടി. ഇസ്ലാം മതസ്ഥരുടെ വിശ്വാസമനുസരിച്ച് 'പ്രവാചകനായിരുന്ന ഈസ' കുരിശിൽ മരിച്ചിട്ടില്ല. യേശുക്രിസ്തു കുരിശില്‍ മരിച്ചതും മൂന്നാം നാൾ ഉയർത്തെഴുന്നേറ്റതും ചരിത്ര സത്യമാണെന്ന് ആവര്‍ത്തിക്കുകയാണെന്ന് സുവിശേഷത്തിലും, അനേകം ചരിത്രരേഖകളിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ.

More Archives >>

Page 1 of 883