News - 2025
യൂറോപ്യൻ യൂണിയന്റെ പുതിയ ബില്ല് ഗർഭസ്ഥ ശിശുക്കളുടെ ശരീരത്തെ പരീക്ഷണ വസ്തുവാക്കുമോ?; ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യന്‍ മെത്രാന്മാർ
പ്രവാചകശബ്ദം 15-09-2023 - Friday
ജനീവ: മനുഷ്യ ഉത്ഭവത്തിന്റെ നിർവചനം പൊളിച്ചെഴുതാൻ സാധ്യതയുള്ള പുതിയ ബില്ലിന്മേൽ യൂറോപ്യൻ യൂണിയൻ മെത്രാൻ സമിതികളുടെ കമ്മീഷനും ജർമ്മൻ മെത്രാൻ സമിതിയുടെ ബെർലിനിലെ ഓഫീസും സംയുക്തമായി ആശങ്ക രേഖപ്പെടുത്തി. യൂറോപ്യൻ കൗൺസിലും പാർലമെന്റും മനുഷ്യ ഉത്ഭവത്തിന്റെ ഇപ്പോഴുള്ള നിർവചനത്തിന് പുതിയ ബില്ലിൽ കൊണ്ടുവരുന്ന ഭേദഗതികളിൽ മാറ്റം കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് സെപ്റ്റംബർ 12നു പുറത്തുവിട്ട പ്രസ്താവനയിൽ സഭാനേതൃത്വം നിരീക്ഷിച്ചു. മനുഷ്യ ഭ്രൂണം അടക്കമുള്ള വാക്കുകൾ ഇതിന്റെ നിർവചനത്തിന്റെ ഭാഗമാകുമെന്നതിലാണ് കത്തോലിക്കാ മെത്രാന്മാരുടെ ആശങ്ക.
അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ മുതല്‍ തന്നെ മനുഷ്യജീവനെന്നത് അവകാശങ്ങളും, മഹത്വവുമുള്ള ഒന്നാണെന്ന് കത്തോലിക്കാ സഭയും വിശ്വസിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. മനുഷ്യരെ അവരുടെ ജന്മനാ ഉള്ള മഹത്വം ഗൗനിക്കാതെ ഒരു വസ്തുവായി മാത്രം കണക്കാക്കുന്ന സാഹചര്യത്തിലേക്ക് നിയമനിർമ്മാണം കൊണ്ടുചെന്ന് എത്തിക്കുമെന്ന് മെത്രാന്മാര്‍ ആശങ്ക പ്രകടിപ്പിച്ചു. മനുഷ്യ ഭ്രൂണത്തെ, ശരീരകോശങ്ങളെയും രക്തത്തെയും പോലെ സമാനമായി കാണുന്ന അംഗീകരിക്കാൻ സാധിക്കാത്ത ഒരു തലത്തിലേക്ക് എത്തിക്കാൻ ഈ ബില്ല് വഴിവെക്കുമെന്ന് പറഞ്ഞ മെത്രാൻ സമിതികളുടെ കമ്മീഷൻ സെക്രട്ടറി ഫാ. മാനുവൽ ബാരിയോസ്, അത് മനുഷ്യ ജീവന്റെ മഹത്വത്തെയും, മൂല്യത്തെയും ഇകഴ്ത്തുമെന്ന് മുന്നറിയിപ്പ് നൽകി.
2019 -ല്‍ 'ഡിഗ്നിറ്റാസ് പെർസോണേ' എന്നപേരിൽ വിശ്വാസ തിരുസംഘം പുറത്തുവിട്ട നിർദ്ദേശങ്ങളിൽ ഈ വിഷയം പരാമർശിക്കപ്പെട്ടിരുന്നു. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ സാധാരണ മരണം വരെ ഓരോ വ്യക്തിയുടെയും ജീവന്റെ മഹത്വം അംഗീകരിക്കപ്പെടണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. ഈ അടിസ്ഥാന തത്വം മനുഷ്യ ജീവനോട് വലിയൊരു തുറവി പ്രകടിപ്പിക്കുന്നുവെന്നും, അത് ഇന്നത്തെ ലോകത്തിന് വളരെ സുപ്രധാനമായി മാറിയ ബയോമെഡിക്കൽ ഗവേഷണ രംഗത്തെ ധാർമിക ചിന്തയുടെ പ്രധാനപ്പെട്ട ഭാഗമായി മാറണമെന്നും 'ഡിഗ്നിറ്റാസ് പെർസോണേ'യിൽ പരാമര്‍ശമുണ്ടായിരിന്നു.