News

ക്രൈസ്തവ യഹൂദ വീക്ഷണങ്ങളിൽ വിശുദ്ധ നാടിന്റെ കഥ പറയുന്ന ഡോക്യുമെന്ററി ചിത്രം പ്രദർശനത്തിന്

പ്രവാചകശബ്ദം 16-09-2023 - Saturday

ജെറുസലേം: ക്രൈസ്തവ യഹൂദ വീക്ഷണങ്ങളിൽ വിശുദ്ധ നാടിന്റെ കഥ പറയുന്ന ഡോക്യുമെന്ററി ചിത്രം പ്രദർശനത്തിന് എത്തുന്നു. ട്രംപ് ഭരണകൂടത്തിൽ സ്റ്റേറ്റ് സെക്രട്ടറി പദവി വഹിച്ചിരുന്ന മൈക്ക് പോംപിയോയും, അമേരിക്കയുടെ ഇസ്രായേലിലെ മുൻ അംബാസഡറായിരുന്ന ഡേവിഡ് ഫ്രീഡ്മാനുമാണ് 'റൂട്ട് 60: ദ ബിബ്ലിക്കൽ ഹൈവേ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. 'റൂട്ട് 60' എന്ന പേരിൽ അറിയപ്പെടുന്ന 146 മൈൽ വരുന്ന റോഡിലൂടെ യേശു ജനിച്ച നസ്രത്തിൽ യാത്ര ആരംഭിക്കുന്നവർ അവർ ബേർഷേബയിൽ എത്തിചേരുന്നതോടെയാണ് വിശുദ്ധ നാടിന്റെ യാത്ര സമാപിക്കുക. ടെമ്പിൾ മൗണ്ട്, റേച്ചലിന്റെ കബറിടം, യാക്കോബ്, ജോസഫ്, ദാവീദ് രാജാവ് തുടങ്ങിയവരുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ എന്നിവയിലൂടെ ഇരുവരും കടന്നു പോകുന്നുണ്ട്.

കൂടാതെ തിരുകല്ലറ ദേവാലയവും ചിത്രത്തിലുണ്ട്. ഡോക്യുമെന്ററി ചിത്രത്തിന്റെ പ്രീമിയർ ഷോ സെപ്റ്റംബർ 12നു വാഷിംഗ്ടണിലെ സുപ്രസിദ്ധമായ ബൈബിള്‍ മ്യൂസിയത്തില്‍ നടന്നു. സന്ദർശനം നടത്തിയ ഓരോ പ്രദേശത്തെ പറ്റിയും ഫ്രീഡ്മാൻ നടത്തിയ വിവരണം ക്രൈസ്തവർക്കും, യഹൂദർക്കും ഒരേ പോലെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ അവസരം നൽകുമെന്ന് മൈക്ക് പോംപിയോ പറഞ്ഞു. ഫ്രീഡ്മാൻ ഒരു ബൈബിൾ പണ്ഡിതൻ ആണെന്നും, ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് തനിക്ക് പഠിക്കാൻ സാധിച്ചുവെന്നും കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പോംപിയോ വെളിപ്പെടുത്തി.

ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടന്ന സ്ഥലങ്ങൾ കൺമുന്നിൽ കാണാനും ബൈബിൾ സംഭവങ്ങൾ യാഥാർത്ഥ്യമാണെന്ന് ഓർമ്മപ്പെടുത്താനും വിശുദ്ധ നാട്ടിലൂടെ നടത്തിയ പര്യടനം സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോക്യുമെന്ററി ചിത്രം സെപ്റ്റംബർ 18, 19 തീയതികളിലായിരിക്കും തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ട്രിനിറ്റി ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്ക് എന്ന മാധ്യമമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 2018ൽ ടെൽ അവീവിൽ നിന്ന് ജെറുസലേമിലേക്ക് അമേരിക്കയുടെ എംബസി മാറ്റുന്നതിന് പിന്നിൽ ചുക്കാൻ പിടിച്ച ആളുകളാണ് മൈക്ക് പോംപിയോയും, ഡേവിഡ് ഫ്രീഡ്മാനും.

More Archives >>

Page 1 of 883