News - 2025
അന്തരിച്ച മുന്‍ ഇറ്റാലിയൻ പ്രസിഡന്‍റിന് ആദരാജ്ഞലി അര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 25-09-2023 - Monday
റോം: അന്തരിച്ച ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ മുൻ പ്രസിഡന്റ് ജോർജിയോ നപൊളിറ്റാനോയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ ഞായറാഴ്ച ഇറ്റാലിയൻ സെനറ്റിന്റെ ആസ്ഥാനമായ മദാമ കൊട്ടാരത്തില്‍ എത്തിയ പാപ്പ ജോർജിയോ നപൊളിറ്റാനോയുടെ മൃതശരീരം സൂക്ഷിച്ച പെട്ടിക്ക് സമീപം ഏതാനും സമയം പ്രാര്‍ത്ഥനയില്‍ മുഴുകി.
ഇറ്റാലിയൻ രാഷ്ട്രീയ ജീവിതത്തോടുള്ള ആത്മാർത്ഥമായ അഭിനിവേശമുള്ള നേതാവായിരിന്നു ജോർജിയോ നപൊളിറ്റാനോയെന്ന് പാപ്പ അനുസ്മരിച്ചു. തന്റെ സാന്നിധ്യത്തോടും പ്രാർത്ഥനയോടും കൂടി, നപ്പോളിറ്റാനോയോടും കുടുംബത്തോടും ഉള്ള വ്യക്തിപരമായ സ്നേഹം പ്രകടിപ്പിക്കാനും അദ്ദേഹത്തിന്റെ മഹത്തായ സേവനത്തെ അനുസ്മരിക്കാനുമാണ് പാപ്പ എത്തിചേര്‍ന്നതെന്ന് വത്തിക്കാൻ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം പാലാസോ മദാമയിലെ സെനറ്റ് കെട്ടിടത്തിൽ ഇതാദ്യമായാണ് ഒരു മാർപാപ്പ പ്രവേശിക്കുന്നതെന്ന് സെനറ്റ് സ്പീക്കർ ഇഗ്നാസിയോ ലാ റുസ്സ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാപ്പയുടെ സന്ദര്‍ശനം തങ്ങൾക്ക് വലിയ ബഹുമതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോർജിയോ നപ്പോളിറ്റാനോ ഇറ്റാലിയൻ പ്രസിഡന്റായും ആഭ്യന്തര മന്ത്രിയായും സേവനം ചെയ്തിട്ടുണ്ട്.
2006 മുതൽ 2015 വരെ ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചതും ഏറ്റവും കൂടുതൽ കാലം ജീവിച്ച പ്രസിഡന്‍റ് എന്നീ പേരുകളില്‍ പ്രശസ്തനായിരിന്നു ജോർജിയോ. സംസ്‌കാരം നാളെ സെപ്റ്റംബർ 26 ചൊവ്വാഴ്ച സെനറ്റിൽ നടക്കും.