News - 2024

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ മോചിതനായി

പ്രവാചകശബ്ദം 25-09-2023 - Monday

അബൂജ: നൈജീരിയയിലെ എനുഗു രൂപതയില്‍ നിന്നു അക്രമികള്‍ തട്ടിക്കൊണ്ടു പോയ കത്തോലിക്ക വൈദികന്‍ മോചിതനായി. സെന്റ് മേരി അമോഫിയ_അഗു അഫ ഇടവകയുടെ ചുമതലയുള്ള ഫാ. മാർസലീനസ് ഒബിയോമയാണ് മോചിക്കപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ 21 വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ തടങ്കലില്‍ പാര്‍പ്പിച്ചിരിന്നവരുടെ ഗുഹയിൽ നിന്ന് മാർസലീനസ് ഒബിയോമ മോചിപ്പിക്കപ്പെടുകയായിരിന്നുവെന്ന് രൂപതാ ചാൻസലർ ഫാ. വിൽഫ്രഡ് ചിഡി അഗുബുച്ചി സെപ്റ്റംബർ 23ന് മാധ്യമങ്ങളോട് പറഞ്ഞു. സർവ്വശക്തനോടും പ്രാർത്ഥനയും പിന്തുണയുമായി നിലകൊണ്ട ബഹുജനത്തിനും നന്ദി അര്‍പ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 17 ഞായറാഴ്ചയാണ് ഫാ. മാർസലീനസിനെ തട്ടിക്കൊണ്ടു പോയത്. സെന്റ് മേരി ഇടവകയുടെ ചുമതല ഉണ്ടായിരുന്ന ഫാ. മാർസലീനസ് ഇടവക ദേവാലയത്തിലേക്ക് തിരികെ വരുന്ന വഴിയിൽ റോഡിൽവെച്ചു അജ്ഞാത സംഘം തട്ടിക്കൊണ്ടു പോകുകയായിരിന്നു. വൈദികനെ തട്ടിക്കൊണ്ടുപോയവര്‍ക്ക് മാനസാന്തരം ഉണ്ടാകാനും അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടിയും രൂപത പ്രാർത്ഥന അഭ്യർത്ഥിച്ചിരിന്നു. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബൊക്കോഹറാം കലാപം ആരംഭിച്ച 2009 മുതൽ നൈജീരിയ വലിയ അരക്ഷിതാവസ്ഥയാണ് അനുഭവിക്കുന്നത്. ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ മറിയം നൈജീരിയയ്ക്കും വേണ്ടി മാധ്യസ്ഥം വഹിക്കട്ടെയെന്നും രൂപതാ ചാൻസലർ പറഞ്ഞു.


Related Articles »