News - 2024

യൂറോപ്യൻ പാർലമെന്റ് മനുഷ്യാവകാശ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടവരില്‍ ബിഷപ്പ് അൽവാരെസും

പ്രവാചകശബ്ദം 25-09-2023 - Monday

സ്ട്രാസ്ബര്‍ഗ്: മനുഷ്യാവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്ന 2023-ലെ സഖാറോവ് സമ്മാനത്തിനു നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ ലിസ്റ്റ് യൂറോപ്യൻ പാർലമെന്റ് പ്രഖ്യാപിച്ചു. നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം അന്യായമായി തടവിലാക്കിയ ബിഷപ്പ് റോളാൻഡോ അൽവാരസാണ് ഈ വർഷത്തെ നോമിനികളിൽ ഒരാൾ. സെപ്തംബർ 20 ബുധനാഴ്ച വിദേശകാര്യ വികസന സമിതികളുടെയും മനുഷ്യാവകാശ ഉപസമിതിയുടെയും യോഗത്തിലാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ ലിസ്റ്റ് അവതരിപ്പിച്ചത്.

നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഭരണകൂടത്തിന്റെ ഏറ്റവും ശക്തമായ വിമർശകരിൽ ഒരാളാണ് മതഗൽപ്പ ബിഷപ്പ് അൽവാരസ്. പീഡനങ്ങൾക്കിടയിലും ബിഷപ്പ് റോളാൻഡോ ഒറ്റയാള്‍ പോരാട്ടവുമായി സ്വന്തം രാജ്യത്ത് തുടര്‍ന്നു. സ്വേച്ഛാധിപത്യത്തിനെതിരെ അദ്ദേഹം സ്വീകരിച്ച ശക്തമായ നിലപാടാണ് ബിഷപ്പിനെ ഭരണകൂടത്തിന്റെ മുന്നിലെ കരടാക്കി മാറ്റിയത്. 2023 ഫെബ്രുവരിയിൽ, രാജ്യം വിടാൻ വിസമ്മതിച്ചതിനെത്തുടർന്ന്, അദ്ദേഹത്തെ 26 വർഷത്തെ തടവിന് ശിക്ഷിക്കുകയായിരിന്നുവെന്നു സെപ്റ്റംബർ 20-ലെ യൂറോപ്യൻ പാർലമെന്റ് പ്രസിദ്ധീകരണത്തിലെ കുറിപ്പില്‍ പറയുന്നു.

1988 മുതൽ, മനുഷ്യാവകാശങ്ങളുടെയും മൗലിക സ്വാതന്ത്ര്യങ്ങളുടെയും സംരക്ഷണത്തിനായി പോരാടുന്ന വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമാണ് യൂറോപ്യൻ പാർലമെന്റ് പുരസ്കാരം നല്‍കുന്നത്. സോവിയറ്റ് ഭൗതികശാസ്ത്രജ്ഞനും രാഷ്ട്രീയ വിമതനുമായ ആൻഡ്രി സഖറോവിന്റെ ബഹുമാനാർത്ഥമാണ് ഈ അവാർഡ് നാമകരണം ചെയ്യപ്പെട്ടത്. 50,000 യൂറോയാണ് പുരസ്കാര തുക. ഒക്‌ടോബർ 12-ന് വിദേശകാര്യ-വികസന സമിതികൾ മൂന്ന് ഫൈനലിസ്റ്റുകളെ കണ്ടെത്തുന്നതിന് സംയുക്ത യോഗം നടത്തും. 19ന് യൂറോപ്യന്‍ പാർലമെന്റ് പ്രസിഡന്റും രാഷ്ട്രീയ ഗ്രൂപ്പുകളുടെ നേതാക്കളും വിജയിയെ നിർണ്ണയിക്കും.


Related Articles »