News - 2024
വളച്ചൊടിക്കുന്ന ഇസ്രായേല്‍ പാലസ്തീന്‍ ചരിത്രവും യഥാര്‍ത്ഥ സത്യവും
ഫാ. ബിബിൻ മഠത്തിൽ 11-10-2023 - Wednesday
ബി.സി 1200 നോട് അടുത്താണു ഇസ്രായേൽക്കാർ കാനാൻ ദേശത്ത് വാസമുറപ്പിച്ചത് എന്നാണു ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ഏകദേശം അതേ സമയത്താണു ഫിലിസ്ത്യരും ഇവിടേക്ക് എത്തിയത്. ഇസ്രായേൽക്കാരും ഫിലിസ്ത്യരും കാനാനിലേക്ക് കുടിയേറിയതോടെ തദ്ദേശീയരായിരുന്ന കാനാന്യർ അവിടുത്തെ ചരിത്രത്തിൽ നിന്നും അപ്രത്യക്ഷരായി. (ഈ ഫിലിസ്ത്യരും ഇപ്പോൾ പലസ്തീനികൾ എന്നു വിളിക്കപ്പെടുന്നവരും ഒരേ ഗോത്രമല്ല.) ഏകദേശം ബി.സി. 1000 ആയപ്പോഴേക്കും കാനാൻ മുഴുവനായി ഇസ്രായേല്യരുടെ നിയന്ത്രണത്തിലായി. അവർ തന്നെ ഇസ്രായേൽ എന്നും യൂദാ എന്നും രണ്ടു രാജ്യമായി പിരിഞ്ഞു.
ബി.സി 721-ൽ അസീറിയ പത്തു ഗോത്രങ്ങളടങ്ങിയ ഇസ്രായേൽ എന്ന രാജ്യത്തെ കീഴടക്കുകയും അവരെ അവിടെ നിന്ന് നാടുകടത്തുകയും ചെയ്തു. പിന്നീട് ബാബിലോൺ സാമ്രാജ്യം ബി.സി 597-ൽ യൂദാ കീഴടക്കി അവിടങ്ങളിൽ ഉണ്ടായിരുന്നവരെയും നാടുകടത്തി. എന്നാൽ പേർഷ്യക്കാർ ബാബിലോൺ പിടിച്ചടക്കിയതിനെ തുടർന്ന് യഹൂദർ അഥവാ ഇസ്രായേല്യർ ഇസ്രായേലിലേക്കു മടങ്ങി. ബി.സി 538 ലായിരുന്നു ഈ മടക്കം. ബി.സി 332 -ൽ അലക്സാണ്ടർ ചക്രവർത്തിയുടെ നേതൃത്വത്തിൽ ഗ്രീക്കുകാർ പേർഷ്യയെ കീഴടക്കിയതോടെ ഇസ്രായേൽ ഗ്രീക്കുകാരുടെ അധീനതയിലായി. പിന്നീട് ഹസ്മോണിയൻ കുടുംബത്തിൻ്റെ നേതൃത്വത്തിൽ യൂദാ ഒരിക്കൽ കൂടി സ്വതന്ത്രരാജ്യമായി. ബി.സി 140 മുതൽ ബി.സി 63 വരെയായിരുന്നു ഈ കാലഘട്ടം. ആധൂനിക ഇസ്രായേൽ ഒരു രാജ്യമാകുന്നതിനു മുമ്പ് ഒരു അധിനിവേശ ശക്തികളുടെയും കീഴിലല്ലാതെ ഇസ്രായേൽ അഥവാ പലസ്തീൻ സ്വയംഭരിച്ചിരുന്ന അവസാനകാലഘട്ടമായിരുന്നു അത്.
ബി.സി. 63-ൽ റോമാക്കാർ ഇസ്രായേലിനെ ആക്രമിച്ചതോടെ വീണ്ടും ആ ഭൂപ്രദേശം സഹസ്രാബ്ദങ്ങൾ നീണ്ട അധീനതയിലേക്ക് വീണു. റോമാക്കാരുടേയും ബൈസൻ്റെയിൻ സാമ്രാജ്യത്തിനും ഒക്കെ അധീനതയിൽ കഴിഞ്ഞ ശേഷം ഇസ്രായേൽ എ.ഡി 636-ൽ അറേബ്യൻ ഖാലിഫേറ്റിൻ്റെ കീഴിലായി. പിന്നീട് എ.ഡി. 12-ആം നൂറ്റാണ്ടിലെ കുരിശുയുദ്ധ പടയാളികളുടെ കാലം മാറ്റിനിർത്തിയാൽ ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കം വരെ ഇസ്രായേൽ വിവിധ മുസ്ളീം സാമ്രാജ്യങ്ങളുടെ കീഴിലായിരുന്നു. ഇതിനിടയിൽ മതപീഡനവും മറ്റു അടിച്ചമർത്തലുകളും കാരണം യഹൂദര്‍ / ഇസ്രായേല്യരിൽ ഭൂരിഭാഗവും അവിടെ നിന്ന് പലയനം ചെയ്യുകയോ നാടുകടത്തപ്പെടുകയോ ചെയ്തിരുന്നു.
ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ പ്രവാസികളായി കഴിഞ്ഞിരുന്ന യഹൂദരുടെ ഇടയിൽ സയണിസം ശക്തിപ്പെട്ടു. തങ്ങളുടെ യഥാർത്ഥ രാജ്യത്തിലേക്ക് മടങ്ങണമെന്നുള്ള ആഗ്രഹം ശക്തമായി. അങ്ങനെയിരിക്കെയാണു ഒന്നാം ലോകമഹായുദ്ധത്തിൻ്റെ അവസരത്തിൽ ബ്രിട്ടീഷ് പിന്തുണയോടെ അറബ് രാജ്യങ്ങൾ ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് സ്വതന്ത്രരായി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് സിറിയ, ലെബനോൻ, പലസ്തീൻ, ജോർദാൻ എന്നീ പ്രദേശങ്ങളെ ലീഗ് ഓഫ് നേഷൻസ് വേർതിരിക്കുകയും അവയുടെ ഭരണ ചുമതല ഫ്രാൻസിനും ഇംഗ്ളണ്ടിനും ഏൽപ്പിക്കുകയും ചെയ്തു. ഘട്ടം ഘട്ടമായി ഈ രാജ്യങ്ങൾക്ക് സ്വാതന്ത്രം കൊടുക്കുവാനും തീരുമാനമായി.
ഈ കാലഘട്ടത്തിലാണു ജർമ്മനിയിൽ നാസികൾ അധികാരത്തിലെത്തുന്നത്. അതിനെ തുടർന്നും സയണിസത്തിൻ്റെ പിന്തുണയിലും ധാരാളം യഹൂദർ പലസ്തീനയിലേക്ക് പലായനം ചെയ്തു തുടങ്ങി. അറബികളുടെ എതിർപ്പ് ഉണ്ടായിട്ട് കൂടി ബ്രിട്ടീഷുകാർ യഹൂദർക്ക് കുടിയേറ്റത്തിനുള്ള പെർമിറ്റ് കൊടുത്തു പോന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പലസ്തീൻ്റെ ഭാവി ബ്രിട്ടീഷുകാർ ഐക്യരാഷ്ട്ര സംഘടനയെ ഏൽപ്പിച്ചു. 1947 -ൽ ഐക്യരാഷ്ട്ര സംഘടന പലസ്തീനിൽ രണ്ടു രാജ്യങ്ങൾ സ്ഥാപിക്കുവാൻ തീരുമാനിച്ചു. ഒന്ന് യഹൂദർക്കു വേണ്ടിയും മറ്റൊന്നു പലസ്തീനിയയിലെ അറബികൾക്കു വേണ്ടിയും. യഹൂദർക്കും മുസ്ളീങ്ങൾക്കും ക്രിസ്ത്യാനികൾക്കും വിശുദ്ധ നഗരമായ ജറുസലെം യു.എന്നിൻ്റെ കീഴിലാക്കാം എന്നതായിരുന്നു മറ്റൊരു തീരുമാനം. അറബികൾക്ക് ഈ തീരുമാനം സ്വീകാര്യമായിരുന്നില്ല. പലസ്തീൻ മുഴുവൻ അറബികളുടേതാണു എന്നതായിരുന്നു അവരുടെ വാദം.
യു.എൻ നിർദ്ദേശം അംഗീകരിച്ച യഹൂദർ 1948 മെയ് 14-നു ഇസ്രായേലിനെ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു. ഇതിൻ്റെ പിറ്റേദിവസം മെയ് 15-നു ജോർദാൻ, ഈജിപ്ത്, സിറിയ, ഇറാഖ്, ലെബനോൻ എന്നീ അഞ്ച് അറബ് രാജ്യങ്ങൾ ഇസ്രായേലിനോട് യുദ്ധം പ്രഖ്യാപിച്ചു. ബാലാരിഷ്ടത മാറാത്ത ഇസ്രായേലിനെ തുടക്കം തന്നെ ഇല്ലാതാക്കാമെന്ന പ്രതീക്ഷകൾക്ക് വിപരീതമായി യുദ്ധത്തിൽ അറബികൾ തോറ്റു. യു.എൻ ഇസ്രായേലിനു അനുവദിച്ച എല്ലാ പ്രദേശവും ഇസ്രായേലിനു നിലനിർത്താനായി എന്നു മാത്രമല്ല, പലസ്തീനു അനുവദിച്ചിരുന്ന ചില പ്രദേശങ്ങൾ അവർ കീഴടക്കുകയും ചെയ്തു. അറബികളാവട്ടെ പലസ്തീനയുടെ ബാക്കി പ്രദേശങ്ങളെ ഒരുമിച്ചു കൂട്ടി ഒരു സ്വതന്ത്ര രാജ്യമാക്കുന്നതിനു പകരം ആ പ്രദേശങ്ങളെ വീതിച്ചെടുക്കുകയാണു ചെയ്തത്. അങ്ങനെ ഗാസ ഈജിപ്തിൻ്റെയും വെസ്റ്റ് ബാങ്ക് ജോർദാൻ്റെയും ഭാഗമായി. സിറിയയും ഇറാഖും ചില പ്രദേശങ്ങൾ കയ്യടക്കി. ഈ യുദ്ധത്തെ തുടന്ന് ഏഴ് ലക്ഷത്തൊളം പലസ്തീനികൾ അഭയാർത്ഥികളായി മാറി.
ഈ യുദ്ധത്തിനു ശേഷം അറബികളും യഹൂദരും സമാധാനക്കരാർ ഒക്കെ ഒപ്പുവച്ചു എങ്കിലും അതിനു അധികം ആയുസുണ്ടായിരുന്നില്ല. ചെറുതും വലുതുമായ പല യുദ്ധങ്ങൾക്കൊടുവിൽ 1967-ൽ ഈജ്പിതിൻ്റെ നേതൃത്വത്തിൽ ഇസ്രായേലിനെതിരെ യുദ്ധത്തിനുള്ള തയാറെടുപ്പു തുടങ്ങി. തുടർന്ന് "Six-Day War" എന്നറിയപ്പെടുന്ന യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അറബികൾ വീണ്ടും പരാജയപ്പെട്ടു. വെസ്റ്റ് ബാങ്കും, ഗോളാൻ ഹൈറ്റ്സും ഗാസയും സിനായിയും ഒക്കെ ഇസ്രായേൽ നിയന്ത്രണത്തിലായി. രണ്ടര ലക്ഷം പലസ്തീനി അറബികൾ വീണ്ടും അഭയാർത്ഥികളായി മാറി.
1973-ൽ ഈജിപ്തും സിറിയയും ചേർന്ന് വീണ്ടും ഇസ്രായേലിനെ ആക്രമിച്ചു. യോം കിപ്പൂർ യുദ്ധം എന്നാണു ഇത് അറിയപ്പെടുന്നത്. തുടക്കത്തിൽ ലഭിച്ച അഡ്വാൻ്റേജ് നിലനിർത്താൻ സാധിക്കാതെ ഈജിപ്തും സിറിയയും വീണ്ടും യുദ്ധം തോറ്റു. തുടർന്ന് അമേരിക്കയുടെയും സോവിയറ്റ് യൂണിയൻ്റെയും ഇടപെടലുകളെ തുടർന്ന് ഇവർ ഇസ്രായേലുമായി സന്ധി ചെയ്തു.
തുടർന്നും വലുതും ചെറുതുമായ സംഘർഷങ്ങൾ ഇസ്രായേലും അയൽരാജ്യങ്ങളും തമ്മിൽ തുടർന്നു പോന്നു.
ഇതിനിടയിൽ പലസ്തീനിയയുടെ സ്വാതന്ത്രത്തിനു വേണ്ടി വാദിക്കുന്ന പ്രസ്ഥാനങ്ങൾ ശക്തി പ്രാപിച്ചു. പതിയെ പതിയ സംഘർഷങ്ങൾ ഇസ്രായേലും അവരുമായി മാറി. അങ്ങനെ ഇരിക്കെ 1987-ൽ ആദ്യ പലസ്തീൻ സ്വാതന്ത്രസമരം അഥവ ഇന്തിഫാദ ആരംഭിച്ചു. ഈ സമരം പലസ്തീൻ എന്ന പുതിയ ഒരു രാജ്യത്തിൻ്റെ തുടക്കത്തിലേക്കാണു വാതിൽ തുറന്നത്. പലസ്തീനെയും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെയും (പി.എ.ഒ) ഇസ്രായേലിനു അംഗീകരിക്കേണ്ടതായി വന്നു.
1988 -ൽ യാസർ അറാഫത്തിൻ്റെ നേതൃത്വത്തിലുള്ള പി.എൽ.ഒ പലസ്തീനെ ഒരു സ്വന്തന്ത്ര രാജ്യമായി പ്രഖ്യാപിച്ചു. അപ്പോഴും ആ രാജ്യത്തിൻ്റെ അതിർത്തികളെ കുറിച്ചൊന്നും വ്യക്തതയില്ലായിരുന്നു. 1948-ൽ യു.എൻ അംഗീകരിച്ച അതിർത്തി അനുവദിച്ചു കിട്ടണമെന്നതായിരുന്നു പി.എൽ.ഒയുടെ ആവശ്യം. അക്കാലത്ത് യഹൂദർ അത് അംഗീകരിച്ചതായിരുന്നു എന്നും അത് അംഗീകരിക്കാതിരുന്നത് അറബികളായിരുന്നു എന്നുമായിരുന്നു എന്നും അതുകൊണ്ട് തന്നെ അത് ഇപ്പോൾ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നുമായിരുന്നു ഇസ്രായേലിൻ്റെ നിലപാട്.
1993-ൽ ഓസ്ളോ കരാർ അനുസരിച്ച് ഇസ്രായേലും പി.എൽ.ഒയും പരസ്പരം അംഗീകരിച്ചു. പിന്നീട് പല കാലഘട്ടങ്ങളിലായി ഇസ്രായേൽ ഗാസയുടെയും വെസ്റ്റ്ബാങ്കിൻ്റെയും ഭൂരിപക്ഷം ഭാഗങ്ങളുടെയും നിയന്ത്രണം പലസ്തീനിയൻ അതോറിറ്റിക്ക് കൈമാറി. സമാധാനത്തിനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടേ ഇരുന്നു. പലസ്തീനെയും ഇസ്രായേലിനെയും പരസ്പരം അംഗീകരിച്ചുകൊണ്ട് ഇരുചേരിയിലുമുള്ള രാജ്യങ്ങളും ഈ ശ്രമങ്ങളെ പിന്തുണച്ചു. 2012-ൽ യു.എൻ പലസ്തീനെ ഒരു “നോൺ മെമ്പർ ഒബ്സേർവർ സ്റ്റേറ്റ്” ആയി അംഗീകരിച്ചു.
ഒരു വശത്തു ഇത്തരം ശ്രമങ്ങൾ നടക്കുമ്പോഴും മറുവശത്ത് ഇരുഭാഗങ്ങളിലും നിന്ന് പ്രശ്നങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. ഇസ്രായേൽ തങ്ങളുടെ പല സെറ്റിൽമെൻ്റുകളിൽ നിന്ന് പിന്മാറാൻ തയാറായില്ല. മറു വശത്ത് പലസ്തീനിയൻ ഇസ്ളാമിക് തീവ്രവാദം ശക്തമായി കൊണ്ടിരുന്നു. ഈജിപ്തിലെ ഇസ്ലാമിക് ബ്രദർഹുഡിൻ്റെ പിന്തുണയോടെ ഹമാസും പോപ്പുലർ ഫ്രണ്ട് ഓഫ് പലസ്തീനും ഒക്കെ ഇത്തരത്തിലുള്ള പ്രവൃത്തികൾക്ക് നേതൃത്വം നൽകി പോന്നു. 2005-ൽ ഇസ്രായേൽ ഗാസയിൽ നിന്ന് മുഴുവനായി പിന്മാറിയതിനെ തുടർന്ന് 2006-ൽ ഹമാസ് ഗാസയിൽ ഇലക്ഷൻ വിജയിച്ചു. തുടർന്ന് പടിപടിയായി അവർ ഗാസയുടെ മുഴുവൻ നിയന്ത്രണവും ഏറ്റെടുത്തു. ഇതിനെ തുടർന്ന് ഗാസയിൽ നിന്നു ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണങ്ങൽ പതിവായി.
ഇസ്രായേലും തിരിച്ചടിച്ചു പോന്നു. വർഷങ്ങളായി നടന്നു വന്നിരുന്ന സമാധാന ചർച്ചകൾക്കും പലസ്തീൻ്റെ റെക്കഗ്ണീഷനും തുരങ്കം വക്കുന്ന നടപടികളാണു ഇത്തരത്തിലുള്ള ആക്രമണങ്ങൾ. ആക്രമണങ്ങൾ വഴി പലസ്തീൻ ജനതക്കും ഇസ്രായേൽ ജനതക്കും സമാധാനവും പുരോഗതിയും കൊണ്ടുവരാം എന്ന് കരുതുന്നത് മണ്ടത്തരമാണു.
ഇസ്രായേലിൻ്റെയും പാലസ്തീൻ്റെയും ചരിത്രത്തിലേക്കുള്ള ഒരു ചെറിയ കുറിപ്പായിട്ടാണു ഇതിനെ കാണേണ്ടത്. ഇതിലെഴുതാത്തതായ കാര്യങ്ങൾ ഇനിയും ഉണ്ട്. ഇതു തന്നെ തെറ്റിദ്ധാരണാജനകമായ പല എഴുത്തുകളും കണ്ടതുകൊണ്ട് മാത്രം എഴുതുന്നതാണ്.