News - 2024

പ്രശ്നബാധിത മേഖലകള്‍ ഉള്‍പ്പെടെ 56 രാജ്യങ്ങളിൽ നിന്നുമുള്ള 6000 കുട്ടികളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും

പ്രവാചകശബ്ദം 18-10-2023 - Wednesday

വത്തിക്കാന്‍ സിറ്റി: അന്‍പത്തിയാറു രാജ്യങ്ങളിൽ നിന്നും പ്രധാനമായും പ്രശ്നബാധിത മേഖലകളിൽ നിന്നുമെത്തുന്ന 6000 കുട്ടികളുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തും. ഏഴിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളെ നവംബർ ആറാം തീയതിയാണ് പാപ്പ സന്ദര്‍ശിക്കുക. ഫ്രാൻസിസ് മാർപാപ്പ തന്നെയാണ് സമാധാനം ലക്ഷ്യമാക്കി നടത്തുന്ന കൂടികാഴ്ചയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. ഇന്നലെ ഒക്ടോബർ പതിനേഴാം തീയതി വത്തിക്കാൻ പ്രസ് ഓഫീസ് ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടു. സംസ്കാരത്തിനും, വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

''നമുക്ക് ആൺകുട്ടികളിൽ നിന്നും പെൺകുട്ടികളിൽ നിന്നും പഠിക്കാം'' എന്നതാണ് കൂടിക്കാഴ്ചയുടെ ആപ്തവാക്യം. കുട്ടികളെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും കൊണ്ടുവരുന്നതിന് നേതൃത്വം നൽകുന്ന പ്രസ്ഥാനങ്ങളിൽ ഫ്രാൻസിസ്കൻ സമൂഹവും, സെന്റ് എജിഡിയോ കൂട്ടായ്മയും ഉണ്ട്. അഭയാർത്ഥികളായി എത്തിയ കുട്ടികളും, അഭയാർത്ഥികളുടെ കുഞ്ഞുങ്ങളും സംഘത്തോടൊപ്പമുണ്ടാകും. അന്നേദിവസം ഉച്ചസമയത്ത് വിശുദ്ധ പത്രോസിന്റെ കബറിടത്തിൽ കുട്ടികളുടെ സംഘം പ്രാർത്ഥനയ്ക്ക് വേണ്ടി ഒരുമിച്ച് ചേരും. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പോൾ ആറാമൻ ഹാളിലായിരിക്കും ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച.

വിയറ്റ്നാം, ഓസ്ട്രേലിയ, ബ്രസീൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ തങ്ങളുടെ സ്വപ്നങ്ങള്‍, പ്രതീക്ഷകൾ പാപ്പയുമായി പങ്കുവെയ്ക്കും. ഇസ്രായേലിൽ നിന്നും, പാലസ്തീനിൽ നിന്നുമുള്ള കുട്ടികളും ഇതിന്റെ ഭാഗഭാക്കാകാന്‍ സാധ്യത ഉള്ളതിനാൽ സമാധാനത്തെ ഊന്നിയുള്ളതായിരിക്കും കൂടിക്കാഴ്ച. പോൾ ആറാമൻ ഹാളിന് സമീപത്തുള്ള ഒരു മുറിയിൽ പ്രശ്നബാധിത മേഖലകളില്‍ നിന്നുള്ള കുട്ടികൾ യുദ്ധത്തിനെതിരെ ശബ്ദമുയർത്തുന്നതിന്റെ പ്രതീകാത്മക പ്രദർശനവും നടക്കും.


Related Articles »