News - 2024
വിശുദ്ധ നാട്ടില്‍ സമാധാനത്തിനുള്ള പ്രാര്‍ത്ഥനയുമായി സഭാനേതാക്കള്‍
പ്രവാചകശബ്ദം 23-10-2023 - Monday
ജെറുസലേം: ഇസ്രായേല്‍ - ഹമാസ് യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജെറുസലേം എപ്പിസ്കോപ്പല്‍ രൂപതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒക്ടോബര്‍ 20ന് വിശുദ്ധ നാട്ടിലെത്തിയ കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബി വിശുദ്ധ നാട്ടിലെ സഭാനേതാക്കള്‍ക്കൊപ്പം സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. വെള്ളിയാഴ്ച രാത്രി ജെറുസലേമിലെ സെന്റ് ജോര്‍ജ്ജ് ദി മാര്‍ട്ടിയര്‍ ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ വിശുദ്ധ നാട്ടിലെ വിവിധ സഭകളുടെ തലവന്മാരും പാത്രിയാര്‍ക്കീസുമാരും പങ്കെടുത്തു. ജെറുസലേമിലെ ആംഗ്ലിക്കന്‍ മെത്രാന്‍ ഹോസാം നാവും നേതൃത്വം നല്‍കിയ പ്രാര്‍ത്ഥനയില്‍ അവസാന ആശീര്‍വാദം നല്‍കിയത് കാന്റര്‍ബറി മെത്രാപ്പോലീത്തയായിരുന്നു.
കറുത്ത വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു ആംഗ്ലിക്കന്‍ മെത്രാന്മാരും, വൈദികരും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. സമീപകാല ദുരന്തങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള ദേവാലയങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനും, വിശുദ്ധ നാട്ടില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുവാനായി ഒരുമിച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതിനുമുള്ള ഒരു മാര്‍ഗ്ഗമാണിതെന്നു ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു. മെത്രാപ്പോലീത്തയുടെ വിശുദ്ധ നാട് സന്ദര്‍ശനത്തിന് രണ്ടു ദിവസം മുന്‍പാണ് ഗാസയിലെ അല്‍ അഹ്ലി ആംഗ്ലിക്കന്‍ ആശുപത്രി റോക്കറ്റാക്രമണത്തില്‍ തകര്‍ന്നത്. അതേസമയം ഏതാണ്ട് 202 ബന്ദികള്‍ ഇപ്പോള്‍ ഹമാസിന്റെ പിടിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.