News - 2024

വിശുദ്ധ നാട്ടില്‍ ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിക്കാൻ ബുദ്ധിമുട്ട്: ആശങ്ക പങ്കുവെച്ച് ക്രൈസ്തവ സന്നദ്ധ സംഘടന

പ്രവാചകശബ്ദം 21-10-2023 - Saturday

ഗാസ: ഇസ്രായേൽ - ഹമാസ് യുദ്ധത്തിന്റെ ഇരകളായവർക്ക് ഭക്ഷണവും, മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതിൽ ആശങ്ക പങ്കുവെച്ച് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ഡു ദ ചർച്ച് ഇൻ നീഡ്. ഈ മാസം തുടക്കത്തിൽ ഇസ്രായേലിന്റെ അതിർത്തികൾ ലംഘിച്ച് ഹമാസ് തീവ്രവാദികൾ രാജ്യത്തേക്ക് പ്രവേശിക്കുകയും ആളുകളെ കൊല്ലുകയും, തട്ടിക്കൊണ്ടു പോവുകയും ചെയ്തതിനെ തുടർന്നാണ് ഇരു വിഭാഗവും തമ്മിൽ യുദ്ധം ആരംഭിച്ചത്. ഇതിന് പിന്നാലെ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് സഹായ ഹസ്തവുമായി സജീവമായി തന്നെ യുദ്ധ രംഗത്തുണ്ട്. വരാനിരിക്കുന്ന ക്രിസ്തുമസുമായി ബന്ധപ്പെട്ട ക്യാമ്പയിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടയിലാണ് യുദ്ധം ആരംഭിച്ചത് എന്ന് സംഘടനയുടെ വക്താവ് മരിയ ലോസാന പറഞ്ഞു.

ദൗർഭാഗ്യകരമായ സംഭവവികാസങ്ങൾ ഇപ്പോൾ സഹായം എത്തിക്കുന്നത് അത്യാഹിതപരമായ അവസ്ഥാവിശേഷത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഗാസയിൽ ഹോളി റോസറി സിസ്റ്റേഴ്സ് നടത്തുന്ന വിദ്യാലയത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ സഹായം നൽകുമെന്ന് സംഘടന ഉറപ്പു നൽകിയതായി പറഞ്ഞ ലോസാന, അക്രമണം നടക്കുന്ന ഒരു സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്തിരിക്കുന്നതിനാൽ അറ്റകുറ്റപ്പണികളുമായി മുമ്പോട്ട് പോകാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും വിശദീകരിച്ചു. അവർക്ക് മരുന്നും, ഭക്ഷണവും ആവശ്യമുണ്ട്. സംഘടനയുടെ പ്രവർത്തനം വെസ്റ്റ് ബാങ്കില്‍ നടക്കുന്നുണ്ടെന്നും, തങ്ങൾക്ക് കഴിയുന്നവിധം സഹായം നൽകാൻ സന്നദ്ധമാണെന്നും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റിനെ അറിയിച്ചിട്ടുണ്ടെന്നും മരിയ ലോസാന വ്യക്തമാക്കി.

ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ ഗാസയിൽ ഏകദേശം നാലായിരത്തോളം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് വലിയൊരു സാമ്പത്തിക ദുരന്തത്തിലേക്ക് നയിക്കാമെന്ന് ലോസാന മുന്നറിയിപ്പ് നൽകി. ടൂറിസത്തിനുവേണ്ടി ഇസ്രായേലിൽ എത്തിയ 90% ആളുകൾ തിരികെ പോയെന്നും, നടക്കാനിരുന്ന തീർത്ഥാടനങ്ങൾ റദ്ദാക്കപ്പെട്ടുവെന്നും അവർ ചൂണ്ടിക്കാട്ടി. എഴുപതു ശതമാനത്തോളം ക്രൈസ്തവർ ടൂറിസം മേഖലയിൽ നിന്ന് ഉപജീവനം കണ്ടെത്തുന്നവർ ആയതിനാൽ, അവരുടെ കുടുംബങ്ങൾക്ക് ഇടയില്‍ ഇത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. ചെക്ക് പോയിന്റുകൾ അടച്ചതിനാൽ ഗാസയിലെ വിവിധ സ്ഥലങ്ങളിൽ ജീവിക്കുന്ന അനാരോഗ്യം നേരിടുന്ന ആളുകൾക്ക് മെഡിക്കൽ സഹായവും ലഭ്യമാക്കാൻ സാധിക്കുന്നില്ലായെന്നും മരിയ ലോസാന പറഞ്ഞു.

More Archives >>

Page 1 of 896