News - 2024

നിക്കരാഗ്വേ ഭരണകൂടം തടങ്കലിലാക്കിയ 8 വൈദികരെ കുപ്രസിദ്ധമായ എല്‍ ചിപ്പോട്ടെ ജയിലിലേക്ക് മാറ്റി

പ്രവാചകശബ്ദം 19-10-2023 - Thursday

മനാഗ്വേ: നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം വീട്ടുതടങ്കലിലാക്കിയ എട്ടു കത്തോലിക്ക വൈദികരെ കൊടിയ മര്‍ദ്ദനങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച എല്‍ ചിപ്പോട്ടെ ജയിലിലേക്ക് മാറ്റി. പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം കത്തോലിക്ക സഭയ്ക്കെതിരായ അടിച്ചമര്‍ത്തല്‍ വീണ്ടും ശക്തിപ്പെടുത്തിയതിന്റെ സൂചനയായിട്ടാണ് ഒക്ടോബര്‍ 15-ലെ നടപടിയെ നിരീക്ഷിച്ചു വരുന്നത്. ഔര്‍ ലേഡി ഓഫ് ഫാത്തിമാ നാഷണല്‍ സെമിനാരിയില്‍ വീട്ടുതടങ്കലിലായിരുന്ന വൈദികരെയാണ് എല്‍ ചിപ്പോട്ടെ ജയിലിലേക്ക് മാറ്റിയത്.

വൈദികരില്‍ 6 പേര്‍ എസ്തേലി, ജിനോടേഗ, ബ്ലൂഫീല്‍ഡ്സ് എന്നീ രൂപതകളില്‍ നിന്നും പോലീസും, അര്‍ദ്ധസൈനിക വിഭാഗവും ബന്ദികളാക്കി കൊണ്ടുവന്നവരാണ്. എസ്തേലി രൂപതയിലെ കാരിത്താസ് ഡയറക്ടര്‍ ഫാ. ഒസ്മാന്‍ അമാഡോര്‍ ഗുയില്ലെനും ജയിലിലേക്ക് മാറ്റിയ വൈദികരില്‍ ഉള്‍പ്പെടുന്നു. ഇരുട്ടുമുറിയില്‍ താമസിപ്പിക്കുകയും, ഭക്ഷണവും, വൈദ്യചികിത്സയും നിഷേധിക്കുകയും ചെയ്യുന്ന എല്‍ ചിപ്പോട്ടെ ജയിലിനെ ‘പീഡന അറ’ എന്നാണ് അഭിഭാഷകരും, മനുഷ്യാവകാശ പ്രവര്‍ത്തകരും വിളിക്കുന്നത്. നിക്കരാഗ്വേ ഭരണകൂടം അടച്ചുപൂട്ടിയ ചാരിറ്റബിള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, മൂവായിരത്തിയഞ്ഞൂറോളം സര്‍ക്കാരേതര സന്നദ്ധ സംഘടനകളിലും കാരിത്താസും ഉള്‍പ്പെടുന്നു.

ഏകാധിപത്യത്തിനെതിരെ സ്വരമുയര്‍ത്തി, ജനാധിപത്യത്തിനു വേണ്ടി ശക്തമായി നിലകൊണ്ടതിന്റെ പേരില്‍ നിക്കരാഗ്വേ ഭരണകൂടം തടവിലാക്കിയിരിക്കുന്ന മതഗല്‍പ്പ രൂപത മെത്രാന്‍ റോളണ്ടോ അല്‍വാരെസിനെ ലാ മോഡെലോ ജയിലിലാണ് അടച്ചിരിക്കുന്നത്. ഈ ജയിലിലെ സാഹചര്യവും ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുള്ളതാണ്. ഇതുവരെ ഏതാണ്ട് ഇരുനൂറിലധികം രാഷ്ട്രീയ തടവുകാരെയാണ് നിക്കരാഗ്വേ ഭരണകൂടം നാടുകടത്തിയിരിക്കുന്നത്. ബിഷപ്പ് അല്‍വാരെസ് രാജ്യം വിടുവാന്‍ വിസമ്മതിച്ചതുകൊണ്ടാണ് അദ്ദേഹത്തെ 26 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ചിരിക്കുന്നത്. അതേസമയം ബിഷപ്പ് അല്‍വാരെസ് ഉള്‍പ്പെടെ 13 വൈദികര്‍ ജയിലില്‍ ഉണ്ടെന്നാണ് ‘ലാ പ്രെന്‍സാ’യുടെ റിപ്പോര്‍ട്ട്. ബിഷപ്പ് അല്‍വാരെസ് അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായിരുന്ന എസ്തേലി രൂപതാംഗങ്ങളാണ് ഇതില്‍ ഭൂരിഭാഗം വൈദികരും.

More Archives >>

Page 1 of 895