News - 2024

ക്രിസ്തുവിനെ പകരാന്‍ സ്പെയിനില്‍ നിന്ന് 4 കര്‍ദ്ദിനാളുമാരും 85 മെത്രാന്മാരും ഉള്‍പ്പെടെ പതിനായിരത്തോളം സ്പാനിഷ് മിഷ്ണറിമാര്‍

പ്രവാചകശബ്ദം 21-10-2023 - Saturday

മാഡ്രിഡ്: സാര്‍വ്വത്രിക സഭ മിഷന്‍ ദിനമായി ആചരിക്കുവാന്‍ നാളെ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ സ്പെയിനിലെ നാഷ്ണല്‍ ഡയറക്ടറേറ്റ് ഓഫ് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പതിനായിരത്തോളം മിഷ്ണറിമാര്‍. ഇതില്‍ 4 കര്‍ദ്ദിനാളുമാരും 85 മെത്രാന്മാരും ഉള്‍പ്പെടുന്നുണ്ട്. മെത്രാന്മാരില്‍ മുപ്പത്തിരണ്ടോളം പേര്‍ പദവിയില്‍ നിന്നും വിരമിച്ച മെത്രാന്മാരാണ്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവില്‍ ഏതാണ്ട് അറുനൂറിലധികം സ്പാനിഷ് മിഷ്ണറിമാര്‍ സജീവമാണ്. ഇതില്‍ 6 പേര്‍ മുന്‍ മെത്രാന്‍മാരാണ്. ബ്രസീലില്‍ നിന്ന് 4 എമിരറ്റസ് മെത്രാന്മാരും ബൊളീവിയ, ഇക്വഡോര്‍, വെനിസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നു 3 പേരും, 2 പേര്‍ വീതം അര്‍ജന്റീനയിലും, അമേരിക്കയിലും മിഷന്‍ വേലകളുമായി കര്‍മ്മനിരതരാണ്.

ചിലി, കൊളംബിയ, കോസ്റ്ററിക്ക, എല്‍ സാല്‍വഡോര്‍, ഹോണ്ടുറാസ്, പനാമ, പരാഗ്വേ, പ്യൂര്‍ട്ടോ റിക്കോ, സിംബാബ്‌വേ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ സുവിശേഷ പ്രഘോഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഒക്ടോബര്‍ 22-നാണ് സാര്‍വ്വത്രിക സഭ മിഷന്‍ ദിനമായി ആചരിക്കുന്നത്. തന്റെ അന്‍പത്തിയാറാമത്തെ വയസ്സില്‍ 1994 സെപ്റ്റംബര്‍ 4ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ കാലത്ത് സ്ഥാനത്യാഗം ചെയ്ത സ്പെയിനിലെ പാലെന്‍സിയ രൂപതയുടെ മുന്‍ മെത്രാന്‍ നിക്കോളാസ് കാസ്റ്റെല്ലാനോസ് കഴിഞ്ഞ മൂന്ന്‍ ദശാബ്ദങ്ങളായി ബൊളീവിയയില്‍ മിഷ്ണറി പ്രവര്‍ത്തനം നടത്തിവരികയാണ്.

ഒരു മിഷ്ണറിയായിരിക്കുക എന്നത് മാമ്മോദീസ മുങ്ങിയവരുടെ ദൈവവിളിയാണെന്നും, ഒരു മെത്രാനെന്ന നിലയില്‍ ദൈവവിളി പ്രയോഗത്തില്‍ കൊണ്ടുവരികയാണ് ഉത്തരവാദിത്തമാണെന്നും ‘എ.സി.ഐ പ്രെന്‍സാ’ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് കാസ്റ്റെല്ലോസ് പറഞ്ഞു. സ്പെയിനിലെ ശക്തമായ മിഷ്ണറി വിളിയുടെ കാരണം തങ്ങള്‍ക്ക് കിട്ടിയ സുവിശേഷത്തിലധിഷ്ഠിതമായ വിദ്യാഭ്യാസമാണെന്ന്‍ പറഞ്ഞ മെത്രാന്‍ ഒരു ദേവാലയം നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞാല്‍, സ്കൂളും, കളിസ്ഥലവും, ആശുപത്രിയും നിര്‍മ്മിക്കപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു. ബൊളീവിയയിലെ കുട്ടികളിലെ പോഷകാഹര കുറവ് പരിഹരിക്കുവാന്‍ കേന്ദ്രം, ഉള്‍പ്പെടെ നിരവധി ഇടപെടലുകള്‍ നടത്തിയ വ്യക്തിയാണ് അദ്ദേഹം. അതേസമയം മിഷന്‍ ഞായര്‍ ആചരണത്തോട് അനുബന്ധിച്ച് നാളെ ആഗോള തലത്തില്‍ വിവിധങ്ങളായ പരിപാടികള്‍ നടക്കും.

More Archives >>

Page 1 of 896