News - 2024

ശാന്തതയില്ലാതെ നൈജീരിയ; വൈദികനെ വീണ്ടും തട്ടിക്കൊണ്ടു പോയി

പ്രവാചകശബ്ദം 31-10-2023 - Tuesday

അബൂജ: നൈജീരിയയിൽ കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് അവസാനമില്ലാതെ തുടരുന്നു. ഒക്‌ടോബർ 29 ഞായറാഴ്ച പുലർച്ചെ തരാബ സ്‌റ്റേറ്റിലെ (വടക്ക്-കിഴക്കൻ നൈജീരിയ) ഐബി ലോക്കൽ കൗൺസിലിലെ ഇടവക വികാരിയായ ഫാ. തദ്ദേവൂസ് തർഹെംബെയെയാണ് അവസാനമായി തട്ടിക്കൊണ്ടുപോകലിന് ഇരയായ വൈദികന്‍. വൂക്കാരി രൂപത ബിഷപ്പ് മാർക് എൻസുക്വെയ്നാണ് ഇടവക വികാരിയെ തട്ടിക്കൊണ്ടുപോയ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

തട്ടിക്കൊണ്ടുപോകൽ നൈജീരിയയിൽ കുപ്രസിദ്ധ വ്യവസായം പോലെ വളര്‍ന്നിരിക്കുകയാണ്. മോചനദ്രവ്യം ലക്ഷ്യംവെച്ചാണ് തട്ടിക്കൊണ്ടു പോകല്‍ സംഭവങ്ങളില്‍ ഏറെയും നടക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഇസ്ലാമിക ഗോത്രവിഭാഗമായ ഫുലാനി ഹെര്‍ഡ്സ്മാന്‍ സംഘം വടക്കൻ-മധ്യ നൈജീരിയയിലെ ക്വാറ സ്റ്റേറ്റിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ നിന്നു മൂന്നു പേരെ തട്ടിക്കൊണ്ടുപോയിരിന്നു. ഇതില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ പിന്നീട് കണ്ടെത്തി.

സെപ്റ്റംബർ അവസാന വാരത്തില്‍ തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലെ 20 അംഗങ്ങളെ അറസ്റ്റ് ചെയ്തതായി തരാബ സംസ്ഥാന പോലീസ് വ്യക്തമാക്കിയിരിന്നു. ഇവരില്‍ നിന്നു മോചനദ്രവ്യത്തിന്റെ ഫലമായി ലഭിച്ച തുകയും ആയുധങ്ങളും കണ്ടെടുത്തിരിന്നു. ക്രൈസ്തവ നരഹത്യയും തട്ടികൊണ്ടുപോകല്‍ സംഭവങ്ങളും മറ്റ് അക്രമങ്ങളും കൊണ്ട് ഏറെ പൊറുതിമുട്ടിയ ആഫ്രിക്കന്‍ രാജ്യമാണ് നൈജീരിയ. ഭരണകൂടത്തിന്റെ നിസംഗതയാണ് അക്രമികള്‍ക്കു ബലം പകരുന്നത്.

More Archives >>

Page 1 of 899