News - 2024

2025 ജൂബിലിക്കായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷന്‍ വത്തിക്കാന്‍ പുറത്തിറക്കി

പ്രവാചകശബ്ദം 03-11-2023 - Friday

വത്തിക്കാന്‍ സിറ്റി: 2025ലെ ജൂബിലി ഒരുക്കങ്ങൾക്കായി സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ നേതൃത്വത്തിൽ ഒരുക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വത്തിക്കാന്‍ പുറത്തിറക്കി. "IUBILAEUM25" എന്ന പേരിലാണ് മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജൂബിലി വർഷത്തിനായുള്ള വിവിധ തയാറെടുപ്പുകള്‍ക്കും പ്രാർത്ഥനകൾക്കും ലോകമെമ്പാടുമുള്ള വിശ്വാസികളെ ഒരുക്കുന്നതിനാണ് ഈ ആപ്ലിക്കേഷന്‍ ലക്‌ഷ്യംവെയ്ക്കുന്നതെന്നു ഡിക്കാസ്റ്ററി പത്രക്കുറിപ്പിൽ വ്യക്തമാക്കി. നിലവില്‍ ആറു ഭാഷകളിൽ ലഭ്യമായ ഈ ആപ്പിലൂടെ ജൂബിലിയെ സംബന്ധിക്കുന്ന ഏറ്റവും പുതിയ വാർത്തകളും വിവരങ്ങളും അറിയുവാന്‍ സഹായിക്കും.

ജൂബിലി വർഷത്തിൽ തുറക്കപ്പെടുന്ന വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുന്നതിനുള്ള രജിസ്ട്രേഷനും ഈ ആപ്പ് മുഖേന നടത്താം. മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തതിനു ശേഷം, ജൂബിലി വർഷത്തിൽ നടത്തപ്പെടുന്ന വിവിധങ്ങളായ തീർത്ഥാടനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും. വിശുദ്ധ വർഷം ആരംഭിക്കാനുള്ള ദിനങ്ങളുടെ കൗണ്ട് ഡൌണും ജൂബിലി സ്തുതിഗീതവും പ്രാർത്ഥനയും ഉള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നു വത്തിക്കാന്‍ അറിയിച്ചു.

കത്തോലിക്ക സഭയില്‍ അനുഗ്രഹത്തിന്റെയും, തീര്‍ത്ഥാടനത്തിന്റെയും പ്രത്യേകമായ വിശുദ്ധ വര്‍ഷമായാണ്‌ ജൂബിലി വര്‍ഷത്തെ കണക്കാക്കുന്നത്. ഓരോ 25 വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാര സംഭവത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്. 1300-ല്‍ ബോനിഫസ് എട്ടാമന്‍ പാപ്പയാണ് തിരുസഭയില്‍ ആദ്യമായി ജൂബിലി ആഘോഷം സംബന്ധിക്കുന്ന പതിവ് ആരംഭിക്കുന്നത്.

വത്തിക്കാന്‍ പുറത്തിറക്കിയ ജൂബിലി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ജൂബിലി ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

More Archives >>

Page 1 of 901